കെടുത്തരുത് പ്രതീക്ഷയുടെ ഇത്തിരിവെട്ടം; ‘നവകിരണം’ പദ്ധതിയിൽ പരാതികളേറെ
Mail This Article
കൊല്ലം ∙ വന്യമൃഗ ശല്യം, ആരോഗ്യ– വിദ്യാഭ്യാസ സംവിധാനങ്ങളുടെ അപര്യാപ്തത, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുടെ കുറവ് എന്നിവയടക്കമുള്ള കാരണങ്ങളാലാണ് ജില്ലയിലെ വനപ്രദേശങ്ങളിലെ താമസക്കാരിൽ ചിലർ സ്വയംസന്നദ്ധരായി കാടിറങ്ങാൻ തീരുമാനിച്ചത്. എന്നാൽ ‘നവകിരണം പദ്ധതി’യിൽ സ്ഥലം വിട്ടുനൽകാമെന്ന് അറിയിച്ച് അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പലർക്കും ഒരു രൂപ പോലും പുനരധിവാസത്തിനായി ലഭിച്ചിട്ടില്ല. ജില്ലയുടെ ചിലഭാഗങ്ങളിൽ തുക ലഭിച്ചവരുണ്ട്. ഇവർ പുതിയ ഇടങ്ങളിൽ വീടുവച്ചു താമസം തുടങ്ങിയിട്ടും പിറവന്തൂരിലെ ചെമ്പനരുവിയടക്കുള്ള പ്രദേശങ്ങളിലുള്ളവർക്ക് തുക അനുവദിച്ചതായി അറിയിപ്പു പോലും ലഭിച്ചിട്ടില്ല.
നടപടിക്രമങ്ങൾ തുടരുകയാണെന്നും റീജനൽ കമ്മിറ്റിയുടെ പരിഗണനയിലാണ് 13 അപേക്ഷകളെന്നുമാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം. സർട്ടിഫിക്കറ്റുകളുടെ പ്രശ്നങ്ങൾ കാരണവും പലരുടെയും അപേക്ഷകൾ തള്ളിപ്പോയിട്ടുണ്ട്. വനമേഖലയിൽ താമസിക്കുന്നവരുടെ പുനരധിവാസത്തിനായി വനംവകുപ്പ് തയാറാക്കിയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയായ ‘നവകിരണം’ പദ്ധതിയാണ് പലർക്കും ലഭിക്കാതിരിക്കുന്നത്.
പദ്ധതിപ്രകാരം സ്വകാര്യ വ്യക്തികൾക്ക് താൽപര്യമുണ്ടെങ്കിൽ അവരുടെ സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു നഷ്ടപരിഹാരം വാങ്ങി മറ്റൊരിടത്തേക്ക് മാറാം. പദ്ധതിയോട് വനമേഖലയിലെ ജനങ്ങൾക്ക് രണ്ടഭിപ്രായമുണ്ടെങ്കിലും പലർക്കും ഇതു പുതിയ പ്രതീക്ഷയായി മാറിയിരുന്നു. വന്യമൃഗശല്യമില്ലാതെ ജീവിക്കണമെന്ന ലക്ഷ്യത്തോടെ, ജീവിച്ചു വളർന്ന ഇടം വിട്ടു പുതിയ ഇടത്തേക്ക് മാറാൻ പലരും തയാറാവുകയും അപേക്ഷ നൽകുകയും ചെയ്തു.
മണ്ണാറപ്പാറ സ്റ്റേഷന് കീഴിൽ വരുന്ന പിറവന്തൂർ പഞ്ചായത്തിലെ ചെന്തേനരുവി ഭാഗത്ത് 22 പേർ ആദ്യഘട്ടത്തിലും 9 പേർ ഈ അടുത്തും അപേക്ഷ നൽകി. 13 പേരാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്. 9 അപേക്ഷകൾ രേഖകളുടെ പ്രശ്നങ്ങൾ കാരണം തള്ളിപ്പോയി. പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചു കൃത്യമായി ഓരോ രേഖയും പരിശോധിച്ച ശേഷം മാത്രമാണ് വകുപ്പ് അനുമതി നൽകുക.
അപേക്ഷകൾ റേഞ്ച് തലത്തിലും റീജനൽ തലത്തിലും പ്രൊജക്ട് മാനേജ്മെന്റ് തലത്തിലും പരിശോധന നടത്തിയാണ് അനുമതി നൽകുക. ആദ്യഘട്ടം പിന്നിട്ട 13 അപേക്ഷകൾ നിലവിൽ റീജനൽ പരിശോധനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്.അതേ സമയം തൊട്ടടുത്ത കോങ്കൽ, വലിയറപ്പച്ച എന്നിവിടങ്ങളിൽ ഭൂരിഭാഗം കുടുംബങ്ങൾക്കും പദ്ധതിപ്രകാരമുള്ള തുക പൂർണമായോ പകുതിയോ ലഭിച്ചിട്ടുണ്ട്.
ഇവരെല്ലാം മറ്റു ഇടങ്ങളിൽ സ്ഥലവും വീടും വാങ്ങി പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു. കോങ്കലിൽ 19 പേർക്കായി 3 കോടിയോളം രൂപയും വലിയറപ്പച്ചയിൽ നാൽപതിലേറെ പേർക്കായി 7 കോടിയോളം രൂപയും നൽകിയിട്ടുണ്ട്. ഇവിടെ നിന്ന് ഇതിനോടകം 5–6 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് വനം വകുപ്പ് ഇത്തരത്തിൽ നേടി. ബാക്കിയുള്ള ചുരുക്കം ആളുകൾക്കും ഉടൻ പണം ലഭ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്.
സ്വന്തം നാട്ടിൽ നിന്ന് മാറിത്താമസിക്കുന്നതിൽ എതിർപ്പുള്ളവരും മേഖലയിലുണ്ട്. തങ്ങൾ ജനിച്ചു വളർന്ന നാട് വിട്ടു, കൂടുതൽ സൗകര്യങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലത്ത് മാറിപ്പോകുന്നത് ശരിയല്ലെന്നാണ് ഇവരുടെ അഭിപ്രായം. കൂടുതൽ ഭൂമിയുള്ളവരും രേഖകൾ ഇല്ലാത്തവരും പദ്ധതിയോടു താൽപര്യം കാണിക്കുന്നില്ല. എങ്കിലും പദ്ധതിയിലൂടെ മറ്റു ഇടങ്ങളിൽ പലർക്കും തുക ലഭിച്ചിട്ടുണ്ടെന്ന പ്രതീക്ഷയിൽ ഇപ്പോൾ പദ്ധതിയിൽ ചേരാൻ കൂടുതൽ പേർ എത്തുന്നുണ്ട്.
നവകിരണം പദ്ധതി
വനമേഖലയ്ക്കുള്ളിലോ വനവുമായി അതിർത്തി പങ്കിടുന്നതോ ആയവരുടെ പുനരധിവാസം ഉറപ്പാക്കാനാണ് ‘നവകിരണം’ പദ്ധതി നടപ്പാക്കിയത്. പ്രളയത്തിനു ശേഷം നടപ്പാക്കിയ റീബിൽഡ് കേരളയുടെ ഭാഗമായി 2019ൽ ആണ് പദ്ധതി നിലവിൽ വന്നത്. താൽപര്യമുണ്ടെങ്കിൽ മാത്രം പദ്ധതിയുടെ ഭാഗമായാൽ മതി. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നൽകുന്നതിനു പുറമേ കുടുംബത്തിലെ പ്രായപൂർത്തിയായ ഓരോ അംഗത്തിനും 15 ലക്ഷം രൂപ വേറെയും നൽകും.
2 ഹെക്ടറിനു മുകളിൽ ഭൂമിയുണ്ടെങ്കിൽ അധികമുള്ള ഓരോ ഹെക്ടറിനെയും ഓരോ പാർപ്പിട യൂണിറ്റായി കണക്കാക്കി 15 ലക്ഷം വീതം അധികം നൽകും. ഭൂമി മാത്രമേയുള്ളൂവെങ്കിൽ 15 ലക്ഷം മാത്രം നൽകും. ഇത്തരത്തിൽ ഒരു കുടുംബത്തിനു പരമാവധി ലഭിക്കാവുന്ന തുക 45 ലക്ഷമാണ്.
കൂടുതൽ ഭൂമി ഉള്ളവർക്കും ഈ തുക മാത്രമേ ലഭിക്കുകയുള്ളൂ. പ്രകൃതി ദുരന്തങ്ങൾ, വന്യജീവികളുടെ ആക്രമണം തുടങ്ങിയവയിൽ നിന്ന് വീട്ടുകാരെ മോചിപ്പിച്ച് മാറ്റിപ്പാർപ്പിക്കുകയാണ് ലക്ഷ്യം. താമസിക്കുന്ന പട്ടയഭൂമി വനം വകുപ്പ് ഏറ്റെടുത്ത ശേഷം ആദ്യ ഗഡു അനുവദിക്കും. പിന്നീട് താമസിച്ചു വീട് പൂർണമായും പൊളിച്ച ശേഷമാണ് ബാക്കി തുക നൽകുക.