'കുട്ടികളെ ദിശ തെറ്റിക്കുന്ന പാഠം'; അഞ്ചാം ക്ലാസിലെ ഭൂപടത്തിൽ അറബിക്കടൽ കിഴക്കുഭാഗത്ത് !
Mail This Article
ഒറ്റപ്പാലം∙ കുട്ടികളെ ദിശ തെറ്റിക്കുന്ന പാഠവുമായി അഞ്ചാം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകം. സംസ്ഥാന പാഠപുസ്തക സമിതി ഈവർഷം പുറത്തിറക്കിയ പുസ്തകത്തിലാണു ‘കിഴക്കും പടിഞ്ഞാറും’ തിരിച്ചിട്ട പാഠം. ചുമരിൽ തൂക്കിയിട്ട ഇന്ത്യയുടെ ഭൂപടത്തെ മുൻനിർത്തി, പുസ്തകം പഠിപ്പിക്കുന്നത് ഇങ്ങനെ: ‘മുകൾഭാഗത്തു വടക്കുദിശയെ സൂചിപ്പിക്കുന്ന അടയാളം കാണാം.
ചുവടുഭാഗം തെക്കുദിശയെയും വലതുഭാഗം പടിഞ്ഞാറുദിശയെയും ഇടതുഭാഗം കിഴക്കുദിശയെയും സൂചിപ്പിക്കുന്നു!’ പാഠപുസ്തകത്തിലെ ‘സൂചന’ പ്രകാരം അറബിക്കടൽ ഭൂപടത്തിന്റെ കിഴക്കു ഭാഗത്തും ബംഗാൾ ഉൾക്കടൽ പടിഞ്ഞാറു ഭാഗത്തുമാണെന്നുമാണു കുട്ടികൾ പഠിക്കുക.
പടിഞ്ഞാറ് അറബിക്കടൽ എന്നു പഠിച്ചതിന്റെ വിപരീതമാണ് ഇത്. അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലാണ് അബദ്ധാധ്യായം. ഇംഗ്ലിഷ് മീഡിയം വിദ്യാർഥികളുടെ പാഠപുസ്തകത്തിലും ദിക്കുകൾ കിഴക്കും പടിഞ്ഞാറും തലതിരിഞ്ഞു കിടക്കുന്നു. കഴിഞ്ഞവർഷം നാലാം ക്ലാസ് വിദ്യാർഥികളുടെ പാഠപുസ്തകത്തിൽ മഹാകവി കുമാരനാശാന്റെ ജനനവർഷം തെറ്റായി പ്രസിദ്ധീകരിച്ചതു ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ചരിത്രരേഖകൾ പ്രകാരം, 1873ൽ ജനിച്ച കവിയുടെ ജനനവർഷം 1871 എന്നാണു പാഠപുസ്തകത്തിൽ അച്ചടിച്ചിരുന്നത്.