പണിയ നൃത്തം , മംഗലംകളി, ഇരുളനൃത്തം; ഗോത്രകാലകൾ മത്സര ഇനമായപ്പോൾ യൂട്യൂബിനെ ഗുരുവായി കണ്ടു പരിശീലനം
Mail This Article
കൊട്ടാരക്കര∙ കണ്ടതും കേട്ടതുമെല്ലാം വേറൊരു ലോകത്തെ കാഴ്ചകൾ. അതായിരുന്നു കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് എച്ച്എസ്എസിലെ വേദിയിലെ കാഴ്ചകൾ. വായ്ത്താരികളും ഭാഷയും എല്ലാം അടയാളപ്പെടുത്തുന്ന നാടൻകലാലോകം. പണിയ നൃത്തം , മംഗലംകളി, ഇരുളനൃത്തം എന്നിവയായിരുന്നു വേദിയിലും സദസ്സിലും ഒരുപോലെ പുതുമയോടെ ജില്ല കലോത്സവ വേദിയിൽ എത്തിയത്. അന്യം നിന്നു പോകുന്ന ഗോത്രകാലകൾ മത്സര ഇനമായപ്പോൾ പലരും യൂട്യൂബിനെ ഗുരുവായി കണ്ടു പരിശീലനം നടത്തി. എന്നാൽ അതേ സമുദായത്തിലെ നൃത്തക്കാരിൽ നിന്ന് ചുവടുകൾ പഠിച്ചവരുമുണ്ട്.
പണിയ നൃത്തം: ‘മഞ്ചേരി മലമ്പയാ മഞ്ചാ കിളച്ചു കാവേരി പുയലിയാ നൂഞ്ചിയും പൊറുക്കി പുടി പുടി ഞണ്ടൂനെ കടിച്ചു നാഞ്ചു...’
ഭാഷ ഏതാണെന്നു തന്നെ തോന്നിപ്പോകുന്നതാണ് വയനാട് പണിയ സമുദായത്തിന്റെ സ്വന്തം പണിയകളിയിലെ പാട്ടും വരികളും. കമ്പക്കളി, വട്ടക്കളി എന്നിങ്ങനെ അറിയപ്പെടുന്ന കളി സമുദായത്തിന്റെ ആഘോഷങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. തനതുരീതിയിൽ നിന്നും സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകി അവരെക്കൊണ്ട് തുടി കൊട്ടിച്ചു പാരമ്പര്യത്തിന് വേദിയിൽ പുതിയ മുഖം നൽകി. മരണമൊഴികെ എല്ലാ വേളകളിലും സ്ത്രീകളാണ് ചുവടുവയ്ക്കുക. രാത്രി മുതൽ പുലർച്ചെവരെ തുടിയും ചീനി തണ്ടിൽ ഉണ്ടാക്കിയ കുഴലും ഉപയോഗിച്ച് ആടിത്തിമിർക്കും.
തീയിൽ ചുട്ടെടുത്ത കൈതോലയിൽ തേൻ മെഴുക് ഒഴിച്ച് അതിൽ കുന്നിക്കുരുക്കൾ ചേർത്തുണ്ടാക്കുന്ന കമ്മലാണ് പണിയ സ്ത്രീകൾ സാധാരണ അണിയുന്നത്. ചൂണ്ടനൂലിൽ മുത്തുകൾ കോർത്ത മുടച്ചിൽ മാല, 25 പൈസയുടെ 11 നാണയങ്ങൾ കൊണ്ടുണ്ടാക്കിയ താലിമാല, കല്ല എന്നിങ്ങനെ 3 മാലകളാണ് പരമ്പരാഗതമായി ഉപയോഗിക്കുക. വള തണ്ടവളയോ കുപ്പിവളയോ ആകാം. ചമയം അടുപ്പിൻ കരികൊണ്ട് തൊടുന്ന വട്ടപ്പൊട്ടും ഇലയും ചുണ്ണാമ്പും ചേർത്ത് ചാലിച്ച ചന്ദനവുമാണ് ചമയം.
മംഗലം കളി: ‘എള്ളുള്ളേരി എള്ളുള്ളേരി മാണിനങ്കര...മാണിനങ്കര മദുമ്മേളത്ത്ണ്ടകെ..ഈ വരികളിൽ അടിച്ചു പൊളിക്കുയായിരുന്നു മംഗലംകളി വേദി. കാസർഗോഡ് കണ്ണൂർ ജില്ലകളിലെ മാവിലൻ, വേട്ടുവ സമുദായം ജന്മിയോടുള്ള പ്രതിഷേധവും തൊഴിലിലെ കഷ്ടപ്പാടും വിവരിച്ചു കളിക്കുന്നതാണ് മംഗലംകളി. കല്യാണമാണ് കളിയുടെ പ്രധാന സന്ദർഭം. ഇന്ന് ട്രെൻഡിങ്ങായ ഹൽദി ധാര എന്ന പേരിൽ സമുദായം ആഘോഷിക്കുന്നു. ധാരയുടെ പാട്ടാണ് എള്ളുള്ളേരി. പാണത്തുടി, പെരുംതുടി എന്നിവയുടെ താളത്തിൽ പതിഞ്ഞ താളത്തിൽ നിന്ന് ദ്രുത ഗതിയിലേക്ക് കളി മാറുന്നു.
ഇരുളനൃത്തം: ‘ചാവ് വന്താലും മാ ആട്ടാം പാട്ട സീറ് വന്താലും മാ ആട്ടാം പാട്ട..’
മരണം, കല്യാണം, കൃഷി അങ്ങനെ ആഘോഷത്തിനും ദുഖത്തിനും ഒരുപോലെ കൊകല് ഊതി ദവിലും പെറെയും കൊട്ടി ജാല്റയുടെ താളത്തിൽ സലങ്കെ കെട്ടി പാലക്കാട് അട്ടപ്പാടിയിലെ ഇരുള സമുദായം കുല ദൈവമായ മല്ലീശ്വരനു മുന്നിൽ അടിപ്പാടുന്നതാണ് ഇരുളനൃത്തം. ശിവരാത്രിക്ക് മുൻപുള്ള 14 ദിവസത്തെ വ്രതം ഇരുളനൃത്തത്തോടെ അവസാനിപ്പിക്കും. കാശുമാല, കൈ, കാൽ തണ്ട, നെളി എന്നിവയാണ് ആഭരണങ്ങൾ.
ഗുരുക്കന്മാർക്ക് അഭിമാനം
വേദികളിൽ ഗോത്ര കലകൾ എത്തിയതിന്റെ സന്തോഷത്തിലാണ് ഊരിൽ നിന്നെത്തിയ ഗുരുക്കന്മാരായ കലാകാരൻമാരും . വാദ്യോപകരണങ്ങളും ആടയാഭരണങ്ങളും എല്ലാം ഊരുകളിൽ നിന്നെത്തിച്ചാണ് കുട്ടികളെ വേദിയിൽ കയറ്റിയത്. വയനാട് ‘തുടിതാള’ത്തിലെ സി.സി അശോകനും, സി. ബി. പ്രചോതും വയനാട് മലകൾ താണ്ടി ഇവിടെ എത്തി പഠിപ്പിച്ച രണ്ടു ടീമും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.
ഹൈസ്കൂൾ വിഭാഗം പണിയനൃത്തത്തിൽ ജോൺ എഫ് കെന്നടി മെമ്മോറിയൽ വൊക്കേഷനൽ എച്ച്എസ്എസും എച്ച്എസ്എസിൽ തേവള്ളി ജിഎം എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. നീലേശ്വരത്തു നിന്നുള്ള പ്രൺജിത് കൃഷ്ണ മംഗലംകളിക്കും അട്ടപ്പാടിയിലെ വഞ്ചി കല്ലനും മോഹന രാജേന്ദ്രനും ഇരുള നൃത്തത്തിനും ഗുരുക്കന്മാരാണ്.
കലോത്സവം വരുമാനം
കലോത്സവ വേദികളിൽ പുതിയ ഇനമായി ഗോത്ര ഇനങ്ങൾ അരങ്ങിൽ എത്തിയതോടെ മാസങ്ങൾക്കു മുൻപേ ഗോത്രവിഭാഗങ്ങളിൽ ഗുരുക്കന്മാർക്കും ആഭരണം ഉണ്ടാക്കുന്നവർക്കും ആവശ്യക്കാർ ഏറെയായി. സംസ്ഥാന കലോത്സവത്തിനുള്ള മാലകളും കമ്മലും ഉണ്ടാക്കാനുള്ള ഓർഡറുകൾ നേരത്തെ ലഭിച്ചു. ജില്ലാ കലോത്സവത്തിൽ പല ടീമുകൾക്കായി ഇവ ഉണ്ടാക്കിയതോടെ ഉപജീവന മാർഗവുമായെന്നാണ് ഗുരുക്കന്മാർ പറയുന്നത്.
അരങ്ങിലും താരമായി ലക്ഷ്മി നന്ദ
കൊട്ടാരക്കര∙ അഭ്രപാളിയിൽ നിന്ന് അരങ്ങിലും താരമായി ലക്ഷ്മി നന്ദ. ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തടിക്കാട് ടിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ ലക്ഷ്മി നന്ദ ശേഖർ. സന്തോഷം, ഇഷ്ക്, പൈപ്പിൻ ചുവട്ടിലെ പ്രണയം ഉൾപ്പെടെ 10 സിനിമകളിലും 4 ടെലിവിഷൻ പരമ്പരകളിലും ലക്ഷ്മി നന്ദ ഇതിനകം വേഷങ്ങൾ ചെയ്തു.
യുപി വിഭാഗം മോഹിനിയാട്ടത്തിൽ കഴിഞ്ഞ തവണ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ആറാം ക്ലാസിൽ ഭരതനാട്യത്തിലും ഒന്നാം സ്ഥാനം നേടി. നാലാം വയസിൽ കട്ടുറുമ്പ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് അരങ്ങിലെത്തുന്നത്. അറയ്ക്കൽ മിയ്യേരിൽ റെയിൽവേ ഉദ്യോഗസ്ഥൻ രാജശേഖരൻനായരുടെയും ഉമയുടെയും മകളാണ്. പഠനത്തിലും മിടുക്കിയാണ് ലക്ഷ്മി നന്ദ. സഹോദരി: ഗൗരി.
ഹാട്രിക് തിളക്കത്തിൽ അനന്യ
കൊട്ടാരക്കര ∙ ജില്ലാ കലോത്സവവേദിയിൽ നിന്ന് അനന്യ എസ്.സുഭാഷ് സംസ്ഥാന വേദിയിലേക്ക് പോകുന്നത് ഹാട്രിക് തിളക്കത്തിൽ. ഹൈസ്കൂൾ വിഭാഗം പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിന്റിങ്, വാട്ടർ കളർ എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും. കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടർച്ചയായി ഒന്നാം സ്ഥാനം. ഈ വർഷം പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം. ശാസ്ത്രമേളയിലും നേട്ടം കൈവരിച്ചു.
വിമല ഹൃദയ എച്ച്‌എസ്‌എസിലെ പത്താം ക്ലാസ് വിദ്യാർഥി. മുന്നാം ക്ലാസിലെ എസ്‌സിആർടി ശാസ്ത്ര പുസ്തകത്തിലെ പാഠത്തിന്റെ ഭാഗമായ ചിത്രങ്ങൾ വരച്ചിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ഒന്നാംക്ലാസിലെ മലയാളം രണ്ടാംഭാഗം പ്രവർത്തന പുസ്തകത്തിലും അനന്യയുടെ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. അടുത്ത മാസം എൻടിപിസിയുടെ ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണ് അനന്യ.
കഥകളി; അരങ്ങിൽ ശോഭിച്ചു,പങ്കാളിത്തം ശോകം
കൊട്ടാരക്കര ∙ കഥകളിയുടെ ഈറ്റില്ലമായിട്ടും കൊട്ടാരക്കരയിൽ നടന്ന ജില്ലാ കലോത്സവത്തിൽ കഥകളി മത്സരം പങ്കാളിത്തം കൊണ്ടു ശുഷ്കമായി. കിഴക്കേത്തെരുവ് സെന്റ് മേരീസ് എച്ച്എസിലെ വേദിയിലായിരുന്നു മത്സരങ്ങൾ. മത്സരാർഥികളും കാണികളുംനന്നേ കുറഞ്ഞു. പക്ഷേ മത്സരം മികച്ച നിലവാരം പുലർത്തി എന്നാണു വിധികർത്താക്കളുടെ വിലയിരുത്തൽ.
കഥകളി സംഗീതം മാത്രമാണ് മത്സരാർഥികളുടെ എണ്ണത്തിൽ കുറച്ചെങ്കിലും മുന്നിലെത്തിയത്. എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിലായി 17 പെൺകുട്ടികളും 9 ആൺകുട്ടികളും വേദിയിലെത്തി. കഥകളി സിംഗിൾ വിഭാഗത്തിൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ 2 ആൺകുട്ടികളും 5 പെൺകുട്ടികളും മാത്രമാണു വേഷം കെട്ടിയത്. ഗ്രൂപ്പ് ഇനത്തിൽ ആകെ മത്സരിച്ചത് 3 ടീമും. വേദിക്ക് ഉയരം കൂടി എന്നൊരു പരാതിയും ഉണ്ടായി.
മൂകം വാചാലം, മൂകാഭിനയത്തിൽ കൊല്ലം ജിബിഎച്ച്എസ്എസ്
കൊട്ടാരക്കര ∙ അതിഥിത്തൊഴിലാളിയുടെ കൊടുംക്രൂരതയിൽ പിടഞ്ഞുമരിച്ച ആലുവയിലെ 5 വയസ്സുകാരിയെ മൂകാഭിനയ വേദിയിൽ അവതരിപ്പിച്ച് കൊല്ലം തേവള്ളി ജിബിഎച്ച്എസ്എസിന് എച്ച്എസ്എസ് മൈമിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം. ബി.അക്ഷയ്, എസ്.അദ്വൈത്, സുബിൻ സുശീലൻ, അലോന ലസ്റ്റർ, നക്ഷത്ര, അശ്വതി, വർഷ എന്നിവരായിരുന്നു വേദിയിലെത്തിയത്.
യുപി ഒപ്പന,വിമലഹൃദയ തന്നെ..
കൊട്ടാരക്കര ∙ ജില്ലാ കലോത്സവത്തിൽ യുപി ഒപ്പനയിൽ കൊല്ലം വിമലഹൃദയ എച്ച്എസ് കുത്തക നിലനിർത്തി. തുടർച്ചയായി 15–ാം വർഷമാണത്രെ ഒപ്പനയിൽ ഇവർ കിരീടം ചൂടുന്നത്. ബി.വിദ്യ, എസ്.ദർശന, ഫർസാന സൈജു, അദിതി ബിനു, അമൽന ആഷിക്, എച്ച്.ആലിയ, ജെ.ജസ്നി മരിയ, എസ്.നേഹ, എം.അദ്രിക എന്നിവരടങ്ങിയ സംഘമാണ് ഒപ്പനയിൽ മിന്നിത്തിളങ്ങിയത്.
ഒപ്പന സൂപ്പറെന്ന് സാദിക്
കൊട്ടാരക്കര∙ ഒപ്പനപ്പാട്ടിന് താളമിട്ടപ്പോൾ കൗതുകമായിരുന്നു ഫ്രഞ്ച് പൗരൻ സാദികിന്റെ മുഖത്ത്. മനസ്സിൽ നിറഞ്ഞ സന്തോഷം. കേരള സന്ദർശനത്തിന് എത്തിയതാണ് സാദിക്. കുണ്ടറയിൽ ഹോംസ്റ്റേയിലായിരുന്നു താമസം. വീട്ടുടമ പറഞ്ഞത് അനുസരിച്ചാണ് കലോത്സവ വേദിയിൽ എത്തിയത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് കുണ്ടറയിൽ എത്തിയത്.
യുപി വിഭാഗം ഒപ്പന നടക്കുമ്പോഴാണ് സാദിക്കിന്റെ വരവ്. കസേരയിൽ ഇരിപ്പ് ഉറച്ചപ്പോൾ തന്നെ പാട്ടിനൊപ്പം കൈത്താളമിട്ടാണ് ആസ്വാദനം കൊഴുപ്പിച്ചു. മൊഞ്ചുള്ള മണവാട്ടിമാരും കൂട്ടുകാരുടെ പാട്ടും അവരുടെ കൈത്താളവും ചുവടുമെല്ലാം സാദികിനു നന്നെ ബോധിച്ചു. കേരളത്തിന്റെ സംസ്കാരവും കലകളും പൈതൃകവും അദ്ഭുതത്തോടെയാണ് കാണുന്നതെന്ന് സാദിക്. ഒപ്പനക്കാരുടെ വേഷവിതാനത്തെ ഏറെ കൗതുകത്തോടെയാണ് അദ്ദേഹം കണ്ടത്. യാത്ര ഏറെ ഇഷ്ടപ്പെടുന്ന സാദിക്കിന്റെ ആദ്യത്തെ കേരള സന്ദർശനം.
ജില്ലാ സ്കൂൾ കലോത്സവം കരുനാഗപ്പള്ളി കുതിപ്പ് തുടങ്ങി ചാത്തന്നൂർ ഉപജില്ല തൊട്ടുപിന്നിൽ
കൊട്ടാരക്കര ∙ ജില്ല സ്കൂൾ കലോത്സവത്തിൽ ഹാട്രിക് ഓവറോൾ കിരീടമെന്ന സ്വപ്നവുമായി 465 പോയിന്റോടെ കരുനാഗപ്പള്ളി ഉപജില്ല കുതിപ്പ് തുടങ്ങി.453 പോയിന്റുമായി ചാത്തന്നൂർ ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള കൊല്ലം ഉപജില്ലയ്ക്ക് 433 പോയിന്റുണ്ട്. മൂന്നാം സ്ഥാനത്തുണ്ട്. വ്യക്തിഗത സ്കൂൾ വിഭാഗത്തിൽ 120 പോയിന്റുമായി അയണിവേലികുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വിഎച്ച്എസ്എസാണ് മുന്നിൽ.
106 പോയിന്റുമായി കടയ്ക്കൽ എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 84 പോയിന്റുമായി അഞ്ചൽ വെസ്റ്റ് ഗവ. എച്ച്എസ്എസ്, ആതിഥേയരായ കൊട്ടാരക്കര ബോയ്സ് എച്ച്എസ്എസ്, പൂവറ്റൂർ ഡിവി എൻഎസ്എസ് എച്ച്എസ്എസ് എന്നിവ മൂന്നാം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ രണ്ടും വർഷവും കരുനാഗപ്പള്ളി ഉപജില്ലയ്ക്കായിരുന്നു ഓവറോൾ കിരീടം. ചാത്തന്നൂർ, പുനലൂർ ഉപജില്ലകൾ രണ്ടാം സ്ഥാനത്തും കൊല്ലം മൂന്നാം സ്ഥാനവും നേടിയിരുന്നു. ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളായിരുന്നു സ്കൂളുകളുടെ കണക്കെടുപ്പിൽ മുന്നിൽ.
മിമിക്രിയിൽ ഏകലവ്യന്മാരുടെ കാലം
കൊട്ടാരക്കര∙ ശബ്ദാനുകരണ കലയിൽ ഗുരുക്കന്മാരില്ലാതെയാണ് വിദ്യാർഥികൾ മത്സരത്തിന് എത്തുന്നത്. പഠിപ്പിക്കാൻ അധ്യാപകരായി ആരും ഇല്ല എന്നത് തന്നെയാണ് കാരണം. മുൻഗാമികളുടെ വിഡിയോയും യുട്യൂബും കണ്ട് ‘ഹിറ്റ് ഐറ്റങ്ങളും ചുറ്റുവട്ടം നിരീക്ഷിച്ച്' പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും പഠിക്കുന്നവരാണു പലരും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി മത്സരങ്ങളിൽ സുപ്രഭാതം, ബീറ്റ് ബോക്സ്, മരം മുറിക്കുന്ന മെഷീന്റെ ശബ്ദം എന്നിവ പൊതു ഐറ്റങ്ങൾ ആയിരുന്നു.
വ്യത്യസ്ത പുലർത്തിയ ശബ്ദങ്ങൾ അനുകരിച്ച് ആൺകുട്ടികളുടെ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണ്ണനല്ലൂർ എംകെഎൽഎം എച്ച് എസിലെ ആർ. റയ്യാനും കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ കെ. എൻ. ജയതിലകും ഒന്നാം സ്ഥാനം നേടിയപ്പോൾ വനിത താരങ്ങളെ തന്മയത്തത്തോടെ അനുകരിച്ച് ചാത്തന്നൂർ എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഭദ്ര എസ്. കുമാർ എച്ച്എസ്എസ് വിഭാഗം (പെൺ) ഒന്നാം സ്ഥാനം നേടി.
റയ്യാന്റെ ‘സൂപ്പർ’ മിമിക്രി
സൂപ്പർ കാറിൽ വേദിയിൽ എത്തിയ റയ്യാന്റെ മിമിക്രിയും സൂപ്പറാ. സ്വയം പഠിച്ച ‘സൂപ്പർ കാറിലും ബൈക്കിലും’ എത്തിയ കണ്ണനല്ലൂർ എംകെഎൽഎം എച്ച്എസിലെ ആർ. റയ്യാന് ഹൈസ്കൂൾ ബോയ്സ് വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനം. പൊതുവായി കേൾക്കാറുള്ള പക്ഷികളെയും മൃഗങ്ങളെയും അവതരിപ്പിച്ച ശേഷം കാർ ഓട്ട മത്സരത്തിലെ ടൊയോട്ട സൂപ്പർ കാറിലും റൈസിങ് ബൈക്കിലും റയ്യാൻ പാഞ്ഞപ്പോൾ സദസ്സ് ഒന്നടങ്കം ആകാംക്ഷയോടെ കേട്ടിരുന്നു.
ഭീഷ്മപർവം, രോമാഞ്ചം സിനിമകളുടെ ബാക്ക് ഗ്രൗണ്ട് സ്കോറും ബീറ്റ് ബോക്‌സും ഒരേ സമയം എതിർ ദിശകളിൽ പോകുന്ന ട്രെയിനുകളുമായി റയ്യാൻ ആദ്യമായി സംസ്ഥാന കലോത്സവത്തിന് പോകാൻ തയാറാകുന്നത്. പക്ഷി മൃഗാദികൾ വേദിയിൽ നിറഞ്ഞ് നിന്നപ്പോൾ വയനാട് ദുരന്തം ശബ്ദത്തിലൂടെ ഓർമിപ്പിക്കാനും മത്സരാർഥികൾ ശ്രമിച്ചു. പതിവ് ഐറ്റങ്ങളുമായി എത്തുന്ന മത്സരാർഥികളുടെ നിലവാരം അൽപം കൂടി ഉയർത്തണം എന്നാണ് വിധികർത്താക്കളുടെ അഭിപ്രായം.
വ്യക്തം, സ്പഷ്ടം ഭദ്ര
പരിചിതരായ രാഷ്ട്രീയ, സിനിമ, മാധ്യമ മേഖലകളിലെ വനിതകളെ തന്മയത്തോടെ അനുകരിച്ചാണ് ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഭദ്ര എസ്. കുമാർ എച്ച്എസ്എസ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം, മാധ്യമ പ്രവർത്തക ഷാനി പ്രഭാകർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സിനിമ താരങ്ങളായ നമിത പ്രമോദ്, പാർവതി തെരുവോത്ത്, മമത മോഹൻദാസ് തുടങ്ങിയവരെയാണ് ഭദ്ര വേദിയിൽ എത്തിച്ചത്
ഗുരുക്കൻമാർ ഇല്ലാതെയാണ് ഭദ്രയുടെ മിമിക്രി പഠനം. സംശയം വന്നാൽ സ്കൂളിലെ മുൻ മിമിക്രി താരങ്ങളായ ചേച്ചിയും ചേട്ടനും സഹായിക്കും. ആൺകുട്ടികൾക്കൊപ്പം പുതിയ ട്രെൻഡ് ആയ ബീറ്റ് ബോക്സും ഭദ്രയ്ക്ക് വഴങ്ങും. കഠിന പരിശീലനത്തിലൂടെ സംസ്ഥാനതലത്തിൽ മികച്ച വിജയം നേടാനുള്ള പരിശ്രമത്തിലാണ് ഭദ്ര. സഹായവുമായി അച്ഛൻ അനിൽകുമാറും അമ്മ സന്ധ്യയും ഒപ്പമുണ്ട്.
അകിര ഏകാഭിനയ പ്രതിഭ
കൊട്ടാരക്കര∙ ഓയൂരിലെ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയവരുടെ രേഖാചിത്രം വരച്ച നീരാവിൽ കൊച്ചുവരമ്പേൽ ആർ.ബി.ഷജിത്തിന്റെയും സ്മിതയുടെയും മകൻ അകിരയ്ക്ക് ജില്ല കലോത്സവത്തിൽ എച്ച്എസ്എസ് ബോയ്സ് മോണോആക്ടിൽ ഒന്നാം സ്ഥാനം. പെൻസിൽ ഡ്രോയിങ്ങിൽ എ ഗ്രേഡും ഉണ്ട് . വരയിൽ മാതാപിതാക്കളാണു ഗുരുക്കൾ എങ്കിൽ ഏകാഭിനയത്തിൽ സുഹൃത്ത് അമാസ് എസ്. ശേഖറായിരുന്നു പരിശീലകൻ. വയനാട് ദുരന്തവും ഹേമ കമ്മിറ്റി റിപ്പോർട്ടമുൾപ്പെടെ സമകാലിക സംഭവങ്ങളാണ് അകിര വേദിയിൽ നവരസഭാവത്തിൽ അവതരിപ്പിച്ചത്.
നീരാവിൽ എസ്എൻഡിപിവൈ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്. എച്ച്എസ്എസ് വിഭാഗത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട കക്കൂസ് എന്ന നാടകത്തിലെ അഭിനേതാവുമായിരുന്നു അകിര. മുൻവർഷം സംസ്ഥാനമത്സരത്തിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഓയൂരിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിട്ട് ഒരു വർഷം പൂർത്തിയായ ഈ ബുധനാഴ്ചയാണ് സമ്മാനം നേടിയെന്നതും മറ്റൊരു യാഥൃച്ഛികതയായി.
നാലാം ദിവസം – വേദികളിൽ ഇന്ന്
വേദി 1 (ബോയ്സ് സ്കൂൾ മൈതാനം): തിരുവാതിര – 9.00
വേദി 2 (എച്ച്എസ്എസ് ഓപ്പൺ ഓഡിറ്റോറിയം): സംസ്കൃത നാടകം–9.00
വേദി 3 (വിഎച്ച്എസ്ഇ ഹാൾ): അറബിക് നാടകം–9.00
വേദി 4 (ബോയ്സ് ഹൈസ്കൂൾ ഹാൾ): ഉറുദു പ്രസംഗം, പദ്യം ചൊല്ലൽ, ക്വിസ്–9.00
വേദി 5 (കാർമൽ സ്കൂൾ, ഫ്ലോർ): വട്ടപ്പാട്ട്, ദഫ്മുട്ട്–9.00
വേദി 6 (കാർമൽ സ്കൂൾ ഓഡിറ്റോറിയം): അറബനമുട്ട്, കോൽകളി–9.00
വേദി 7 (എൽഎംഎസ് എൽപിഎസ്): ഓടക്കുഴൽ, നാദസ്വരം, ക്ലാർനറ്റ്, ബ്യൂഗിൾ, വൃന്ദവാദ്യം – 9.00
വേദി 8 (എസ്കെവി എച്ച്എസ്എസ്): തമിഴ് പ്രസംഗം, പദ്യംചൊല്ലൽ – 9.00
വേദി 9 (ജിഎൽപിഎസ് തൃക്കണ്ണമംഗൽ): പഞ്ചവാദ്യം, ചെണ്ട, തായമ്പക, മദ്ദളം – 9.00
വേദി 10 (സെന്റ് മേരീസ് എച്ച്എസ്): നാടൻപാട്ട്, വഞ്ചിപ്പാട്ട്–9.00
വേദി 11 (ടൗൺ യുപിഎസ്): പദ്യം ചൊല്ലൽ, അക്ഷരശ്ലോകം, കാവ്യകേളി–9.00
വേദി 12 (എംടി എച്ച്എസ്): കേരള നടനം – 9.00
വേദി 13 (എംടി എൽപിഎസ്): അറബിക് സാഹിത്യോത്സവം – 9.00
വേദി 14 (സെന്റ് ഗ്രിഗോറിയോസ് എച്ച്എസ്): പളിയനൃത്തം, മലപ്പുലയാട്ടം, സംഘനൃത്തം (യുപി) –9.00
പോയിന്റ് നില
കരുനാഗപ്പള്ളി: 465 പോയിന്റ്
ചാത്തന്നൂർ: 453 പോയിന്റ്
കൊല്ലം: 433 പോയിന്റ്
വെളിയം: 432 പോയിന്റ്
പുനലൂർ: 407 പോയിന്റ്
പോയിന്റ് – സ്കൂളുകൾ
അയണിവേലിക്കുളങ്ങര കെഎഫ്കെഎം
എച്ച്എസ്എസ്: 120 പോയിന്റ്
കടയ്ക്കൽ
ഗവ. എച്ച്എസ്എസ്: 106 പോയിന്റ്
അഞ്ചൽ വെസ്റ്റ് ഗവ. എച്ച്എസ്എസ് : 84 പോയിന്റ്
പൂവറ്റൂർ ഡിവിഎൻ എസ്എസ് എച്ച്എസ്എസ്: 84 പോയിന്റ്
കൊട്ടാരക്കര ഗവ.
എച്ച്എസ്എസ്: 84 പോയിന്റ്