ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് തുറന്നു; മണിക്കൂറുകൾക്കുള്ളിൽ തകരാറിൽ
Mail This Article
ശാസ്താംകോട്ട ∙ രണ്ടു വർഷത്തെ ഇടവേള കഴിഞ്ഞ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവർത്തിച്ചു തുടങ്ങിയ എക്സ്റേ യൂണിറ്റ് മണിക്കൂറുകൾക്കുള്ളിൽ തകരാറിലായി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്ത് ആഘോഷപൂർവം സംഘടിപ്പിച്ച ചടങ്ങിലാണ് രാവിലെ ഉദ്ഘാടനം നടത്തിയത്. എന്നാൽ ഉച്ച കഴിഞ്ഞതോടെ മെഷീൻ കേടായി. ആശുപത്രി വളപ്പിൽ പുതിയ മാതൃ–ശിശു പരിചരണ ബ്ലോക്കിന്റെ നിർമാണത്തിനു വേണ്ടിയാണ് എക്സ്റേ യൂണിറ്റും നീതി മെഡിക്കൽ സ്റ്റോറും ഉൾപ്പെടെ ഒഴിവാക്കിയത്. അപകടങ്ങളിൽ പരുക്കേറ്റ് വരുന്നവർ പോലും എക്സ്റേ പരിശോധനയ്ക്കായി ഇരട്ടിത്തുക കൊടുത്ത് സ്വകാര്യ കേന്ദ്രങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
പ്രതിഷേധം ശക്തമായതോടെ 6 മാസം മുൻപ് പുതിയ യൂണിറ്റിന്റെ നിർമാണം തുടങ്ങി. പഴയ മെഷീൻ തന്നെ പുന:സ്ഥാപിച്ച് ഉദ്ഘാടനവും നടത്തി. മുൻപ് 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന യൂണിറ്റ് രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാക്കി ചുരുക്കിയാണ് പ്രവർത്തനം തുടങ്ങിയത്. മെഷീൻ മുൻപ് സ്ഥാപിച്ച കമ്പനിയിലെ വിദഗ്ധർ തന്നെ എത്തിയാണ് പരിശോധനകൾ പൂർത്തിയാക്കി പുന:സ്ഥാപിച്ചതെന്നും മെഷീന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ ബ്ലോക്ക് പഞ്ചായത്തും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും സ്വകാര്യ കേന്ദ്രങ്ങളെ സഹായിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നു കോൺഗ്രസ് ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും എക്സ്റേ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് എം.വൈ.നിസാർ പറഞ്ഞു.
ഒപി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി
താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഒ.പി ടിക്കറ്റ് നിരക്ക് 5 രൂപയിൽ നിന്നു 10 രൂപയാക്കി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വർധിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ എത്തുന്ന രോഗികൾക്കാണ് നിരക്ക് വർധന ഏർപ്പെടുത്തിയത്. ഫിസിയോതെറപ്പി നിരക്ക് അൻപതിൽ നിന്നു നൂറിലേക്കും കിടത്തി ചികിത്സയുടെ നിരക്ക് 20ൽ നിന്നും 30 ആയും ഉയർത്തി.