കല്ലട പരപ്പാർ അണക്കെട്ടിൽ ഡാം സേഫ്റ്റി അതോറിറ്റി സുരക്ഷാ പരിശോധന
Mail This Article
തെന്മല∙ കല്ലട പരപ്പാർ അണക്കെട്ടിൽ മൺസൂൺ കാലത്തിനു ശേഷം ഡാം സേഫ്റ്റി അതോറിറ്റി ഇന്നലെ സുരക്ഷാ പരിശോധന നടത്തി. 115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ 113.32 മീറ്റർ ആണു ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 113.10 മീറ്റർ ആയിരുന്നു ജലനിരപ്പ്. സുരക്ഷ പരിശോധനയിൽ ഡാം സേഫ്റ്റി അതോറിറ്റി സംഘം തൃപ്തി രേഖപ്പെടുത്തിയായിരുന്നു മടക്കം. അണക്കെട്ടിന്റെ ഷട്ടറുകൾ, ഗാലറി എന്നിവിടങ്ങളിലും അധികൃതർ പരിശോധിച്ചു.3 ഷട്ടറുകളിലൂടെയും വെള്ളം ചോർന്നൊഴുകുന്നത് അനുവദനീയമായ അളവിലാണെന്ന് അധികൃതർ വ്യക്തമാക്കി. അണക്കെട്ടിന്റെ ഒറ്റക്കൽ തടയണയിൽ നിന്നുള്ള ഇടതു, വലതുകര കനാലുകളിലെ വരൾച്ചക്കാല ജലസേചനം ജനുവരി മധ്യത്തോടെ തുടങ്ങിയേക്കും.
വരൾച്ചയുടെ തീവ്രത കണക്കാക്കിയാകും ജലസേചനം തുടങ്ങുന്ന തീയതി നിശ്ചയിക്കുക. കെഎസ്ഇബി പവർ സ്റ്റേഷനിലേക്കു വൈദ്യുതോൽപാദനത്തിനായി അണക്കെട്ടിൽ നിന്നും വെള്ളം പീക്ക് ടൈമിൽ മാത്രം തുറന്നു വിടുന്നുണ്ട്. ഇക്കുറി മഴ തൃപ്തികരമായില്ലെങ്കിലും ജലസേചനത്തിനുള്ള കരുതൽ ശേഖരം അണക്കെട്ടിലുണ്ട്. അണക്കെട്ടിലെ സംഭരണ ശേഷിയുടെ 15% മണ്ണടിഞ്ഞു നികന്നതായി വിവിധ പരിശോധനകളിൽ മുൻപു കണ്ടെത്തിയിരുന്നു. ഇതു നീക്കം ചെയ്യണമെന്ന് ആവശ്യം ശക്തമാണെങ്കിലും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നു പാഴായി. ശെന്തുരുണി വന്യജീവി സങ്കേതം അതിർത്തി പങ്കിടുന്ന മഴപ്രദേശമാണ് അണക്കെട്ട്.