ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: പ്രധാന പ്രതികൾ പിടിയിൽ
Mail This Article
കൊട്ടാരക്കര∙ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതികൾ കൊല്ലം റൂറൽ സൈബർ പൊലീസിന്റെ വലയിൽ. വിവിധ കമ്പനികളുടെ സ്റ്റോക്കിൽ ഓൺലൈൻ ട്രേഡിങ് നടത്തി ലാഭം ഉണ്ടാക്കി നൽകാം എന്ന് വാഗ്ദാനം നൽകി കരീപ്ര സ്വദേശിയിൽ നിന്നു 70 ലക്ഷത്തിലധികം രൂപ തട്ടിയെന്ന പരാതിയിൽ കോഴിക്കോട്, കടലുണ്ടി ചാലിയം മുരുകല്ലിങ്കൽ, ചെർപിങ്കൽ വീട്ടിൽ ഐ. മുഹമ്മദ് ഹബീബും(25) വാളകം സ്വദേശിക്ക് എന്ന് വ്യാജ വാഗ്ദാനം നൽകി 44 ലക്ഷം രൂപ തട്ടിയ പരാതിയിൽ മലപ്പുറം, കൽപകംചേരി ചെറിയമുണ്ടം ഇരിങ്ങാവൂർ, കൊളബൻ ഹൗസിൽ എം.സുഹൈലും (28) ആണ് പിടിയിലായത്. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.വി.അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയേഷ് ജയപാൽ, സിവിൽ പൊലീസ് ഓഫിസർ രാജേഷ്, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.ബാങ്ക് ചെക്ക് മുഖേന തട്ടിപ്പ് പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പിൻവലിപ്പിച്ച് ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് എത്തിച്ചു കൊടുക്കുന്ന മുഖ്യ പങ്കാളികളാണ് അറസ്റ്റിലായവർ. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.