അമ്മയുടെ കൊലപാതകത്തിന് പിന്നാലെ വീട്ടിൽ ഉച്ചത്തിൽ പാട്ട്; ദൃശ്യങ്ങൾ വാട്സാപ് ഗ്രൂപ്പിൽ
Mail This Article
തൃക്കൊടിത്താനം ∙ അമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മകൻ അതേ വീട്ടിൽ ഉച്ചത്തിൽ പാട്ടുവച്ചു. തുടർന്നു കൊലപാതക വിവരം ബന്ധുക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. തൃക്കൊടിത്താനം അമരയിലെ കുഞ്ഞന്നാമ്മയുടെ (55) കൊലപാതകത്തിൽ അമ്പരന്നു നിൽക്കുകയാണു ഗ്രാമം. മകൻ നിതിൻ (27) ആണു പ്രതി.ചോദ്യം ചെയ്യലിനിടെ നിതിനാണു പാട്ടിന്റെ കാര്യം പറഞ്ഞത്. പിതാവിനെക്കുറിച്ചു നല്ല വാക്കുകളാണു പറഞ്ഞത്. അമ്മയെപ്പറ്റിയാവട്ടെ പരാതികളും – ഡിവൈഎസ്പി എസ്.സുരേഷ് കുമാർ വെളിപ്പെടുത്തി.
അമ്മ സ്വാതന്ത്ര്യം നൽകിയില്ലെന്നും ഉപദ്രവിച്ചതായും പറഞ്ഞു.കുടുംബ ബന്ധങ്ങളിലെ തകർച്ചയാണു കൊലപാതകത്തിനു പ്രധാന കാരണമായി പൊലീസ് പറയുന്നത്. നിതിന്റെ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിതാവിനൊപ്പമായിരുന്നു നിതിനും സഹോദരനും. പിതാവിന്റെ മരണ ശേഷമാണു മക്കൾ അമ്മയ്ക്കൊപ്പമെത്തിയത്. പിന്നീടു മക്കൾ വിദേശത്തു ജോലിക്കു പോയി.
അവരുമായി കുഞ്ഞന്നാമ്മയ്ക്ക് നല്ല അടുപ്പം ഇല്ലായിരുന്നെങ്കിലും മക്കൾ മുടങ്ങാതെ പണം അയച്ചു കൊടുത്തിരുന്നതായി പൊലീസ് പറഞ്ഞു.ഫെബ്രുവരിയിലാണു നിതിൻ നാട്ടിലെത്തിയത്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ലെന്നും പുറത്തുനിന്നു വാങ്ങിയാണു കഴിച്ചിരുന്നതെന്നും നിതിൻ പറഞ്ഞു. അടുത്തിടെ 70,000 രൂപ അമ്മ വാങ്ങിയതായും പറഞ്ഞു. സംഭവ ദിവസം മദ്യം വാങ്ങി വീട്ടിൽ എത്തിയതു മുതൽ നിതിനും അമ്മയും തമ്മിൽ ബഹളമായി. വാങ്ങിയ ഭക്ഷണത്തെച്ചൊല്ലിയും തർക്കമുണ്ടായി. തുടർന്നായിരുന്നു കൊലപാതകം.