മുളന്തുരുത്തി മാർത്തോമൻ പള്ളി: മണർകാട് പള്ളിയിൽനിന്ന് വിശ്വാസികളുടെ മാർച്ച്
Mail This Article
മണർകാട് ∙ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിലെ പൊലീസ് നടപടിയിൽ പ്രതിഷേധം. വിശുദ്ധ മർത്തമറിയം സുറിയാനി കത്തീഡ്രലിൽനിന്നു വിശ്വാസികൾ മണർകാട് പൊലീസ് സ്റ്റേഷനിലേക്ക് മൗന പ്രതിഷേധ മാർച്ച് നടത്തി. കത്തീഡ്രലിന്റെ കൊടിമരത്തിൽ കറുത്ത കൊടി ഉയർത്തിയ ശേഷമായിരുന്നു മാർച്ച്.
പ്രതിഷേധ സൂചകമായി കറുത്ത തുണി മാസ്കായി അണിഞ്ഞാണു വൈദികരും ഇടവക ജനങ്ങളും കോവിഡ് നിയന്ത്രണം പാലിച്ച് പ്രതിഷേധിച്ചത്. സഹവികാരി ഫാ.എം.ഐ.തോമസ് മറ്റത്തിൽ നേതൃത്വം നൽകി. ജനാധിപത്യ മര്യാദകൾ ലംഘിച്ചുള്ള പ്രവർത്തനമാണു മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
കത്തീഡ്രൽ അങ്കണത്തിൽ പ്രാർഥനയ്ക്കു ശേഷമായിരുന്നു മാർച്ച്. പ്രാർഥനയ്ക്കു സഹവികാരിമാരായ കുര്യാക്കോസ് ഏബ്രഹാം കോറെപ്പിസ്കോപ്പ കറുകയിൽ, ഫാ.എം.ഐ.തോമസ് മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. സ്റ്റേഷൻ കവാടത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, എസ്ഐ വർഗീസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. പൊലീസിനെ പ്രതിഷേധം അറിയിച്ച് അംഗങ്ങൾ മടങ്ങി.
യോഗം ഇന്ന്
കോട്ടയം ∙ യാക്കോബായ സഭ കോട്ടയം ഭദ്രാസനത്തിന്റെ അടിയന്തര യോഗം ഇന്ന് 3നു സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടക്കും. മുളന്തുരുത്തി മാർത്തോമൻ പള്ളിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും കോട്ടയം ഭദ്രാസനത്തിലെ പള്ളികളുടെ സംരക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നതിനുമാണു ഭദ്രാസന കൗൺസിൽ അംഗങ്ങളുടെയും സഭ മാനേജിങ് കമ്മിറ്റിയുടെയും യോഗം. ഡോ.തോമസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുമെന്നു ഭദ്രാസന സെക്രട്ടറി ഫാ.കുര്യാക്കോസ് കടവുംഭാഗം അറിയിച്ചു.