ലക്ഷ്മി പണ്ടേ വിഐപി, ഇരട്ടപ്രസവത്തോടെ ഇപ്പോൾ വിവിഐപിയായി...
Mail This Article
കുമരകം∙ ഇരട്ടക്കുട്ടികളുടെ അമ്മയായപ്പോൾ ലക്ഷ്മിക്കുട്ടിയുടെ ഗമ പിന്നെയും കൂടി. വെച്ചൂർ പശുവായ ലക്ഷ്മി പണ്ടേ വിഐപിയാണ്. ഇരട്ടപ്രസവത്തോടെ ഇപ്പോൾ വിവിഐപിയായി. വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥൻ മുണ്ടക്കയം എസ്എൻ വീട്ടിൽ പി.കെ.സുധീറിന്റേതാണ് ഇപ്പോൾ ലക്ഷ്മിക്കുട്ടി.കുമരകം ലേക്ക് സോങ് റിസോർട്ടിലെ വെച്ചൂർ പശുവായിരുന്നു ലക്ഷ്മിക്കുട്ടി. സുധീറിന്റെ സഹോദരൻ പി.കെ.സുശീലൻ ലേക്ക് സോങ് ജീവനക്കാരനാണ്. ഗർഭകാലത്ത് പശുവിന് പരിചരണം നൽകാനാണ് സഹോദരൻ സുധീറിന്റെ വീട്ടിലേക്കു മാറ്റിയത്.
പ്രസവം കഴിഞ്ഞതോടെ സുധീറിന്റെ മക്കളായ ഗൗരിയും ഗുരു സ്വരൂപും ലക്ഷ്മിക്കുട്ടിയെ തിരികെ കൊടുത്തുവിടാൻ സമ്മതിച്ചില്ല. ഒടുവിൽ പശുവിനെയും കിടാക്കളെയും സുധീർ വിലയ്ക്കു വാങ്ങി. വെച്ചൂർ പശു ഇരട്ട കിടാങ്ങൾക്കു ജന്മം നൽകുന്നത് അപൂർവ സംഭവമാണെന്ന് ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു.