റെയിൽവേ സ്റ്റേഷൻ – കാട്ടാത്തി റോഡ് ; റോഡ് അടയ്ക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
Mail This Article
ഏറ്റുമാനൂർ ∙ അര നൂറ്റാണ്ടിൽ അധികമായി ഉപയോഗിച്ചു കൊണ്ടിരുന്ന റെയിൽവേ സ്റ്റേഷൻ – കാട്ടാത്തി റോഡ് അടയ്ക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. റെയിൽവേ യാർഡ് വികസനത്തിന്റെ പേരിലാണു അടച്ചു പൂട്ടാൻ നീക്കം നടക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു. തുടർന്നു സ്ഥലം സന്ദർശിച്ച തോമസ് ചാഴികാടൻ എംപി റെയിൽവേ ഡപ്യൂട്ടി ചീഫ് എൻജിനീയർ ഉദാത്ത സുധാകർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബാബു സക്കറിയ എന്നിവരെ ഫോണിൽ വിളിച്ചു റോഡ് നിലനിർത്തണം എന്നു നിർദേശം നൽകി.
65 വർഷമായി ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. റോഡ് നിലനിർത്തിക്കൊണ്ടു വികസനം സാധ്യമാകുന്ന ബദൽ പ്ലാനും അദ്ദേഹം അധികൃതരോടു വിശദീകരിച്ചു. നിലവിലുള്ള റോഡ് നിലനിർത്തി കൊണ്ടു റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ സാധ്യമാകും എന്നിരിക്കെയാണു റോഡ് അടയ്ക്കാൻ നീക്കം നടക്കുന്നത് എന്നു നാട്ടുകാർ ആരോപിച്ചു. റെയിൽവേ സ്റ്റേഷനിലേക്കും ഏറ്റുമാനൂരപ്പൻ കോളജിലേക്കും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഏറ്റുമാനൂർ ഐടിഐ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യാനാണു പ്രധാനമായും ആളുകൾ ഈ റോഡ് ഉപയോഗിക്കുന്നത്.
ഇപ്പോഴുള്ള റോഡ് നിലനിർത്തിയാൽ ടാർ ചെയ്തു ഗതാഗത യോഗ്യമാക്കാൻ പഞ്ചായത്ത് തയാറാണ്. നിലവിൽ റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങളെ തുടർന്നു ചെളിയിൽ കുളിച്ചു തകർന്ന അവസ്ഥയിലാണു റോഡ്.റോഡ് അടച്ചു പൂട്ടിയാൽ സമീപത്തു താമസിക്കുന്ന പത്തോളം കുടുംബങ്ങൾക്കു വീടുകളിലേക്കു പോകാനുള്ള വഴിയും തടസ്സപ്പെടും. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, പഞ്ചായത്ത് അംഗം ജോഷി ഇലഞ്ഞി, കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നേതാവ് റോയ് മാത്യു, എൻ.എ.മാത്യു, ബൈജു മാതിരമ്പുഴ, പി.വി.ചാക്കോ, ജോസ് അഞ്ജലി എന്നിവർ സന്നിഹിതരായിരുന്നു.
സഞ്ചാരയോഗ്യമാക്കണം: കേരള കോൺഗ്രസ് (എം)
റെയിൽവേ സ്റ്റേഷൻ – കാട്ടാത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു കേരളകോൺഗ്രസ് (എം) ആവശ്യപ്പെട്ടു. ഏറ്റുമാനൂർ പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ മുന്നിൽ കുടി കടന്നു പോകുന്ന റെയിൽവേ സ്റ്റേഷൻ– കാട്ടാത്തി റോഡ് അറുപതിലധികം വർഷം പഴക്കമുള്ളതും ഒട്ടേറെ കുടുംബങ്ങൾ ഉപയോഗിച്ചു വന്നിരുന്നതുമാണ്. കാൽനട യാത്രക്കാർക്കുപോലും കടന്നു പോകുന്നതിനു സാധിക്കാത്ത അവസ്ഥയാണു നിലവിൽ റോഡിന്.
ഒരു പ്രദേശത്തെ ജന ജീവിതത്തെ വളരെയധികം ബാധിച്ചിരിക്കുന്ന ഈ പ്രശ്നത്തിനു പരിഹാരം കാണാൻ ബന്ധപ്പെട്ട ജന പ്രതിനിധികൾ തയാറാകണമെന്നു കേരളകോൺഗ്രസ് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞി, എൻ.എ.മാത്യു, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നേതാവ് റോയ് മാത്യു, അക്ബർ മംഗലത്തിൽ, റെജി പൊയറ്റിൽ എന്നിവർ പറഞ്ഞു.