വഴിപാടുകളിൽ പങ്കെടുക്കാൻ വാവ സുരേഷ് എത്തും; ഡോക്ടർമാർ വിളിച്ചു: തിരിച്ചു വാ സുരേഷേ, ജീവിതത്തിലേക്ക്...
കോട്ടയം ∙ മരണത്തിന്റെ വക്കിൽ നിന്നു വാവ സുരേഷിനെ ജീവിതത്തിലേക്കു കൈപിടിച്ചതിൽ നിർണായകമായത് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ പരിചരണം. അനസ്തീസിയ വിഭാഗത്തിനു കീഴിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്. അതീവ ഗുരുതരനിലയിൽ എത്തുന്ന നൂറു കണക്കിനു രോഗികളാണ് ഓരോ ആഴ്ചയും ഇവിടെ നിന്നു
കോട്ടയം ∙ മരണത്തിന്റെ വക്കിൽ നിന്നു വാവ സുരേഷിനെ ജീവിതത്തിലേക്കു കൈപിടിച്ചതിൽ നിർണായകമായത് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ പരിചരണം. അനസ്തീസിയ വിഭാഗത്തിനു കീഴിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്. അതീവ ഗുരുതരനിലയിൽ എത്തുന്ന നൂറു കണക്കിനു രോഗികളാണ് ഓരോ ആഴ്ചയും ഇവിടെ നിന്നു
കോട്ടയം ∙ മരണത്തിന്റെ വക്കിൽ നിന്നു വാവ സുരേഷിനെ ജീവിതത്തിലേക്കു കൈപിടിച്ചതിൽ നിർണായകമായത് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ പരിചരണം. അനസ്തീസിയ വിഭാഗത്തിനു കീഴിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്. അതീവ ഗുരുതരനിലയിൽ എത്തുന്ന നൂറു കണക്കിനു രോഗികളാണ് ഓരോ ആഴ്ചയും ഇവിടെ നിന്നു
കോട്ടയം ∙ മരണത്തിന്റെ വക്കിൽ നിന്നു വാവ സുരേഷിനെ ജീവിതത്തിലേക്കു കൈപിടിച്ചതിൽ നിർണായകമായത് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ പരിചരണം. അനസ്തീസിയ വിഭാഗത്തിനു കീഴിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്. അതീവ ഗുരുതരനിലയിൽ എത്തുന്ന നൂറു കണക്കിനു രോഗികളാണ് ഓരോ ആഴ്ചയും ഇവിടെ നിന്നു ജീവിതത്തിലേക്കു തിരിച്ചുവരുന്നത്. 75 മണിക്കൂറാണ് സുരേഷ് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ കഴിഞ്ഞത്.
വാവ സുരേഷിനെ ജനുവരി 31ന് വൈകിട്ട് ആറിന് ഇവിടെ കൊണ്ടുവരുമ്പോൾ അതീവ ഗുരുതരനിലയിൽ അബോധാവസ്ഥയിലായിരുന്നു. ചികിത്സ ആരംഭിച്ച് ആദ്യ 12 മണിക്കൂറിൽ ബോധം തെളിയുകയും ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്തുവെങ്കിലും പിന്നീടു നില ഗുരുതരമായി. മരുന്നുകളുടെ ഡോസ് വർധിപ്പിച്ചതോടെയാണ് 24 മണിക്കൂറിനു ശേഷം നില മെച്ചപ്പെട്ടത്. ഡോ. ഷീല വർഗീസാണ് അനസ്തീസിയ, ക്രിട്ടിക്കൽ കെയർ മേധാവി. ഡോ. ആർ.രതീഷ്കുമാർ, ഡോ. അനുരാജ് എന്നിവരുടെ മുഴുസമയ സേവനവും ലഭ്യമായിരുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, ഹൃദ്രോഗ വിഭാഗം മേധാവി ഡോ. വി.എൽ.ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഘമിത്ര, ന്യൂറോ മെഡിസിൻ മേധാവി ഡോ. ജേക്കബ് ജോർജ്, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ.രതീഷ് കുമാർ എന്നിവരാണു സുരേഷിനെ ചികിത്സിച്ച സംഘത്തിലെ മറ്റംഗങ്ങൾ. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ 26 കിടക്കകളാണുള്ളത്. ഇതിൽ 20 എണ്ണത്തിൽ വെന്റിലേറ്റർ സൗകര്യങ്ങളുണ്ട്.
വഴിപാടുകളിൽ പങ്കെടുക്കാൻ വാവ സുരേഷ് എത്തും
കോട്ടയം ∙ വാവ സുരേഷ് ഇനിയും കോട്ടയത്തെത്തും. പ്രാർഥനകളും വഴിപാടുകളും ബാക്കിയുണ്ട്. ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ സുരേഷിനെ ഇഷ്ടപ്പെടുന്ന നാട്ടുകാർ വഴിപാടുകൾ നേർന്നിട്ടുണ്ട്. അവയിൽ സുരേഷ് പങ്കെടുക്കണമെന്ന് അവർക്ക് ആഗ്രഹവുമുണ്ട്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കൈനടി കരുമാത്ര നാഗരാജ ക്ഷേത്രം അടക്കം വിവിധ ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും വഴിപാടുകൾ നടത്തുന്ന വിവരം പലരും അറിയിച്ചിട്ടുണ്ടെന്നു കുറിച്ചി പഞ്ചായത്തംഗം ബി.ആർ.മഞ്ജിഷ് പറഞ്ഞു.
ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ തിരിച്ചുവന്ന് ഇതിൽ പങ്കെടുക്കാമെന്നു സുരേഷ് പറഞ്ഞതായും മഞ്ജിഷ് പറഞ്ഞു. മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കാറിലേക്കു കയറുംമുൻപ് കുറിച്ചി പാട്ടാശേരി വാണിയപ്പുരയ്ക്കൽ നിജു ഓടിയെത്തി നെറ്റിയിൽ ഭസ്മക്കുറി വരച്ചു. കരുമാത്ര നാഗരാജ ക്ഷേത്രത്തിലെ പ്രസാദവുമായാണ് അദ്ദേഹം വന്നത്. നിജുവിന്റെ വീട്ടിൽ പാമ്പിനെ പിടിക്കാൻ എത്തിയപ്പോഴാണു ജനുവരി 31ന് സുരേഷിനു മൂർഖന്റെ കടിയേറ്റത്.
മെഡിക്കൽ കോളജിൽ മന്ത്രി വി.എൻ.വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ അടക്കമുള്ള ഡോക്ടർമാർ എന്നിവർ സുരേഷിനെ യാത്രയയ്ക്കാൻ എത്തി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും അദ്ദേഹത്തെ സന്ദർശിച്ചു.
എല്ലാവർക്കും നന്ദി;പാമ്പുപിടിത്തം തുടരും
മരണം വരെ പാമ്പുപിടിത്തം തുടരും. കൂടുതൽ ശ്രദ്ധിക്കണമെന്നു സ്നേഹിക്കുന്നവർ പറയുന്നു. എന്തു ചെയ്യാനാകുമെന്ന് ആലോചിക്കും. ഇത്തവണ പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോകുമ്പോൾ ഇനി ജീവിതമില്ലെന്ന് ഉറപ്പിച്ചിരുന്നു. അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്നാണു കൂടെയുണ്ടായിരുന്ന മഞ്ജിഷിനോടും നിജുവിനോടും പറഞ്ഞത്. കൃത്യസമയത്തു ചികിത്സ കിട്ടിയതാണു ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെയും ഭാരത് ആശുപത്രിയിലെയും ഡോക്ടർമാരുടെ മികവാണ് രണ്ടാം ജന്മത്തിനു കാരണം.
അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. മന്ത്രി വി.എൻ.വാസവനോടു പ്രത്യേക നന്ദിയുണ്ട്. ഒരു മന്ത്രി സാധാരണക്കാരനു വേണ്ടി പൈലറ്റ് ഓടുന്നത് ആദ്യമായിട്ടായിരിക്കും. മെഡിക്കൽ കോളജിലെ എല്ലാ ഡിപ്പാർട്മെന്റുകളും ഒന്നായി നിന്നു പ്രവർത്തിച്ചു. നവജീവനിലെ പി.യു.തോമസ് ചേട്ടനാണ് ആഹാരം എത്തിച്ചുകൊണ്ടിരുന്നത്.രണ്ടു തവണ കോവിഡ് വന്നു. ഇനി വന്നാൽ അതു ആരോഗ്യനില മോശമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് ഇനി രണ്ടാഴ്ച ആരെയും കാണാതെ വിശ്രമത്തിലായിരിക്കും. അതുകഴിഞ്ഞു തിരിച്ചുവരും. എല്ലാവരെയും കാണും.
അശാസ്ത്രീയം, അപകടകരം
കോട്ടയം ∙ അശാസ്ത്രീയമായി, സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ പാമ്പുകളെ പിടികൂടുന്നു എന്നതാണു വാവ സുരേഷിനെതിരെയുള്ള പ്രധാന വിമർശനം. വനംവകുപ്പ് പരിശീലനം നൽകിയ പാമ്പുപിടിത്തക്കാർ പാമ്പിനെ വേദനിപ്പിക്കാതെ പിടിക്കുമ്പോൾ സുരേഷ് പ്രാകൃത മാർഗങ്ങൾ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. ഇതു പാമ്പുകളുടെ ജീവനെ ബാധിക്കും. അവയെ ജനക്കൂട്ടത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതായും സുരേഷിനെതിരെ വിമർശനമുണ്ട്. അതേസമയം, വിളിച്ചാലുടൻ ഓടിയെത്തുമെന്നും എത്ര ദുർഘടമായ സ്ഥലത്തുനിന്നായാലും പാമ്പുകളെ പിടികൂടുമെന്നും സുരേഷിനെ അനുകൂലിക്കുന്നവർ പറയുന്നു.