കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ബജറ്റിൽ അഭിനന്ദനം; ആകാശപ്പാതയ്ക്ക് അഭിനന്ദനം വേണ്ട, ശാപമോക്ഷം കിട്ടുമോ?
Mail This Article
കോട്ടയം ∙ ബജറ്റിൽ ധനമന്ത്രി പുകഴ്ത്തിയ കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനൽ കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു ബജറ്റ് പ്രഖ്യാപനങ്ങളിൽ ഇടംപിടിച്ചിട്ടും നടക്കാതെ പോയത്. ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇച്ഛാശക്തിയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.81 കോടി രൂപയിൽ ടെർമിനൽ പൂർത്തിയായി. ചെലവു കുറഞ്ഞ രീതിയിൽ നൂതന സാങ്കേതിക വിദ്യയോടെ പദ്ധതി പ്രാവർത്തികമാക്കിയതിനാണു മന്ത്രി അഭിനന്ദിച്ചത്.
കോട്ടയം കെഎസ്ആർടിസി ടെർമിനൽ സംസ്ഥാനത്തിനു മാതൃകയാണെന്നായിരുന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രിയുടെ വാക്കുകൾ. ബജറ്റിൽ തുക വകയിരുത്തുമെങ്കിലും പിന്നീട് ഇതു സംബന്ധിച്ച് അനക്കമൊന്നുമുണ്ടാകാറില്ല. പലതവണ എംഎൽഎ സർക്കാരിനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടാകാതെ വന്നതോടെയാണ് ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും വലിയ ബസ് ടെർമിനലുകൾ നിർമിച്ചതു കെഎസ്ആർടിസിക്കും സർക്കാരിനും ബാധ്യതയായതു കൂടി കണക്കിലെടുത്താണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നിർമാണ രീതി അവലംബിച്ചത്.ഭൂകമ്പത്തെ നേരിടാൻ കഴിയുന്ന പ്രീസ്ട്രെസ്ഡ് പ്രീകാസ്റ്റ് ടെക്നോളജിയിലാണ് ടെർമിനലിന്റെ നിർമാണം നടത്തിയത്. മറ്റൊരു സ്ഥലത്ത് നിർമിച്ച കെട്ടിട ഭാഗങ്ങൾ ഇവിടെത്തിച്ച് കൂട്ടിയോജിപ്പിച്ചായിരുന്നു നിർമാണം. ഒരു നിലയുള്ള കാത്തിരിപ്പുകേന്ദ്രവും അനുബന്ധ സംവിധാനങ്ങളുമടക്കം 6,000 ചതുരശ്ര അടിയിലാണ് ടെർമിനൽ. മന്ത്രി കെ.എൻ. ബാലഗോപാൽ അടുത്തിടെ കോട്ടയത്ത് എത്തിയപ്പോൾ കെഎസ്ആർടിസി ടെർമിനൽ നേരിട്ട് സന്ദർശിച്ചിരുന്നു.
അഭിനന്ദനം വേണ്ട; ശാപമോക്ഷം കിട്ടുമോ ?
വർഷങ്ങൾക്കു ശേഷം പൂർത്തിയാക്കിയ കെഎസ്ആർടിസി ബസ് ടെർമിനലിന് അഭിനന്ദനം ലഭിക്കുമ്പോൾ ഇനിയും പൂർത്തിയാകാതെ കോട്ടയത്തെ ആകാശപ്പാത കാത്തു നിൽക്കുന്നു. സർക്കാരിനു ഫണ്ട് ചെലവില്ലെങ്കിലും ആകാശപ്പാതയുടെ കാര്യത്തിൽ നടപടി സ്വീകരിക്കാതെ പദ്ധതി വൈകിക്കുകയാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും എംഎൽഎ പറയുന്നു.