തൂണുകൾ നശിച്ചു; വൈക്കത്ത് അപകടത്തിന്റെ മണിമുഴക്കം
Mail This Article
വൈക്കം ∙ വേമ്പനാട്ടുകായലിൽ സ്ഥാപിച്ചിരിക്കുന്ന നയനമനോഹരമായ കൂറ്റൻ മണി അപകട ഭീഷണിയാകുന്നു. മണി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണുകൾ തുരുമ്പെടുത്ത് നശിച്ചു. ഏതുനിമിഷവും മണി കായലിലേക്കും നഗരസഭ പാർക്കിലേക്കും പതിക്കാനുള്ള സാധ്യത ഏറെ. കൊച്ചി മുസരീസ് ബിനാലയുടെ ഭാഗമായിരുന്ന മണി വർഷങ്ങൾക്കു മുൻപാണ് നഗരസഭ പാർക്കിനോട് ചേർന്ന് വേമ്പനാട്ടുകായലിൽ സ്ഥാപിച്ചത്.
കായലിൽ ജലനിരപ്പിന് മുകൾഭാഗംവരെ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അതിനു മുകളിൽ ഇരുമ്പുതൂണുകൾ സ്ഥാപിച്ച് അതിനു മുകളിലാണു മണി പിടിപ്പിച്ചിരിക്കുന്നത്. 13 അടി ഉയരത്തിലും 16 അടി വ്യാസത്തിലും സ്റ്റീലിൽ നിർമിച്ച മണിക്കു 2.5 ടൺ ഭാരമുണ്ട്. കോയമ്പത്തൂരിലാണ് മണി നിർമിച്ചത്. 6 മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. ബിനാലെ അവസാനിച്ചപ്പോൾ മണി വൈക്കത്തേക്ക് കൊണ്ടുവരികയായിരുന്നു. ക്രോണിക്കിൾ ഓഫ് ദി സീഷോർ ഫോർ ടോൾഡ് എന്നാണ് ഈ ശിൽപത്തെ വി ശേഷിപ്പിക്കുന്നത്.
മണിയിലുള്ള സുഷിരത്തിലൂടെ മോട്ടറിന്റെ സഹായത്തോടെ വെള്ളം പ്രവഹിക്കുന്ന രീതിയിലായിരുന്നു നിർമാണം. വർഷങ്ങൾക്കു മുൻപ് മോട്ടർ തകരാറിലായതോടെ വെള്ളം പ്രവഹിക്കുന്നതു നിലച്ചു.മണി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണുകൾ എത്രയും വേഗം അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകും.
ഇരുമ്പു തൂണുകൾ ഒടിഞ്ഞ് കൂറ്റൻ മണി പാർക്കിലേക്ക് വീഴാനുള്ള സാധ്യതയേറെ. മണിക്കു സമീപമുള്ള ഇരിപ്പിടങ്ങളിൽ ഫോട്ടോ എടുക്കാനും മറ്റുമായി നിരവധി ആളുകൾ ഇരിക്കാറുണ്ട്. നിലവിൽ ഇവർക്കും മണി വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കാലപ്പഴക്കം ചെന്ന ഇരുമ്പു തൂണുകൾ മാറ്റി മണി പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.