ADVERTISEMENT

ഏറ്റുമാനൂർ ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പലതും മാറി വന്നു, നിവേദനങ്ങളും പരാതികളും പ്രതിഷേധങ്ങളും നടത്തി നാട്ടുകാർ മടുത്തു. എന്നിട്ടും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ തുരുത്തിക്കാട് റോഡിനു ശാപമോക്ഷമില്ല. ഒരു നാടിന്റെ നീണ്ട കാലത്തെ പ്രധാന ആവശ്യമാണ് ‌തുരുത്തിക്കാട്ട് റോഡിന്റെ നവീകരണം.

പഴയ റെയിൽവേ സ്റ്റേഷൻ ഓഫിസിന്റെ മുന്നിലൂടെയുള്ള ഈ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മഴ ശക്തമായതോടെ  റോഡ് തോടായി മാറി.  കാൽനട യാത്ര പോലും സാധ്യമല്ലാത്ത അവസ്ഥ. അതിരമ്പുഴ പഞ്ചായത്ത് 3,4,5 വാർഡുകളിലേക്കുള്ള പ്രവേശന കവാടം കൂടിയായ റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നത്. റോഡ് ഇരിക്കുന്ന സ്ഥലം റെയിൽവേയുടെ ഉടമസ്ഥതയിലാണ്. 

അതിനാൽ അതിരമ്പുഴ പഞ്ചായത്തിനു നവീകരണം നടത്താൻ കഴിയില്ല. റെയിൽവേ സ്ഥലം ലീസിനു നൽകിയാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. റോഡ് നന്നാക്കിയാൽ തവളക്കുഴി, പട്ടിത്താനം കാട്ടാത്തി, കാണക്കാരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ടൗണിലെ കുരുക്കിൽ പെടാതെ വേഗത്തിൽ റെയിൽവേ സ്റ്റേഷനിലും കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാൻ സാധിക്കും. അധികൃതരുടെ ഭാഗത്തു നിന്നു അനുകൂല നിലപാടുണ്ടായി എന്നെങ്കിലും റോഡ് നന്നാക്കുമെന്ന പ്രതീക്ഷയിലാണ് അതിരമ്പുഴ ഗ്രാമവും റെയിൽവേ യാത്രക്കാരും. 

∙ നിവേദനങ്ങൾ നൽകി മടുത്തു

റോഡ് നന്നാക്കുന്നതിനു റെയിൽവേയുടെ അനുകൂല നിലപാടു ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്  അതിരമ്പുഴ പഞ്ചായത്ത് പല തവണ നിവേദനം നൽകി. എംപി, റെയിൽവേ അധികൃതർ,  കേന്ദ്ര മന്ത്രിമാർ തുടങ്ങി ഈ വിഷയത്തിൽ ഇനി  അപേക്ഷ നൽകാൻ ആരുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

ഇതേ ആവശ്യം ഉന്നയിച്ച് വിവിധ സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. എന്നിട്ടും റോഡ് നന്നാക്കാനോ സ്ഥലം പഞ്ചായത്തിനു ലീസിനു നൽകാനോ റെയിൽവേ അധികൃതർ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസവും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു.  

∙ പ്രദേശം കാടു പിടിച്ചു

അധികൃതർ തിരിഞ്ഞു നോക്കാതെ വന്നതോടെ റോഡ് തകർന്നു കിടക്കുകയാണ്. പരിസര പ്രദേശങ്ങൾ കാടു മൂടിയ അവസ്ഥയിലാണ്. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായിട്ടു പോലും കാട് വെട്ടി തെളിക്കാനോ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനോ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആരോപണം.  

ഒട്ടേറെ പോരാണ് ഇപ്പോഴും ഇതുവഴി യാത്ര ചെയ്യുന്നത്. പ്രദേശത്തെ സ്കൂളുകളിൽ നിന്നു വിദ്യാർഥികളോ, സന്നദ്ധ പ്രവർത്തകരോ വല്ലപ്പോഴും കാടു വെട്ടി തെളിക്കുന്നതാണ് ഏക ആശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com