ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ, പ്രതീക്ഷകൾക്ക് പച്ചക്കൊടി
Mail This Article
കോട്ടയം ∙ അമൃത് ഭാരത് പദ്ധതിയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയതോടെ കുടുതൽ വികസനസ്വപ്നങ്ങളിലേക്ക് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ. 4.5 കോടി രൂപയാണു സ്റ്റേഷൻ നവീകരണത്തിനു കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ ആകെ 13 സ്റ്റേഷനുകൾക്കാണു തുക അനുവദിച്ചത്.
സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനം, സൗന്ദര്യവൽക്കരണം തുടങ്ങി വിവിധ കാര്യങ്ങൾക്കു തുക വിനിയോഗിക്കാം. കോട്ടയം ലൈനിലെ റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ സ്റ്റേഷനിലും നവീകരണം നടത്തിയിരുന്നു.
സാധ്യതകൾ ഒട്ടേറെ
റെയിൽവേ ടെർമിനലാക്കി ഉയർത്തിയാൽ കോട്ടയം റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനായി ഉപയോഗിക്കാവുന്ന ഏറ്റുമാനൂരിൽ ട്രെയിൻ നിർത്തിയിടാൻ അടക്കം സൗകര്യമുണ്ട്. പാലാ, ഈരാറ്റുപേട്ട മേഖലകളിൽ നിന്നുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണു ഏറ്റുമാനൂർ സ്റ്റേഷൻ.
മെഡിക്കൽ കോളജ് ആശുപത്രി, എംജി സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങൾ അതിരമ്പുഴ പള്ളി, ഏറ്റുമാനൂർ ക്ഷേത്രം തുടങ്ങിയ ആരാധനാ കേന്ദ്രങ്ങൾ തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിലേക്ക് എത്താൻ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിയാൽ വേഗത്തിൽ സാധിക്കും.
വേണ്ടത് അടിസ്ഥാന സൗകര്യ വികസനം
സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ ഷെൽറ്റർ ആവശ്യത്തിനില്ല. വെയിലും മഴയും കൊണ്ടു യാത്രക്കാർ കയറേണ്ടി വരുന്നു. സ്റ്റേഷനിലേക്കുള്ള റോഡുകളും നവീകരണം കാത്തു കിടക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തോമസ് ചാഴികാടൻ എംപി റെയിൽവേ അധികൃതർക്കു കത്തു നൽകിയിട്ടുണ്ട്.
ചർച്ച 11ന്
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ വികസനം ചർച്ച ചെയ്യാൻ റെയിൽവേ ഡിവിഷൻ മാനേജർ എസ്.എം. ശർമ സെപ്റ്റംബർ 11ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നു തോമസ് ചാഴികാടൻ എംപി പറഞ്ഞു.