കുഴികളും ഗർത്തങ്ങളും നിറഞ്ഞു; കടുത്തുരുത്തി– പിറവം റോഡ് കടക്കുക വല്ലാത്ത കടുപ്പം തന്നെ
Mail This Article
കടുത്തുരുത്തി ∙ കടുത്തുരുത്തി – പിറവം റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ വൈകുന്നു. തകർന്നു കിടക്കുന്ന റോഡിന്റെ ടാറിങ് ജോലികൾ ഇനിയും വൈകും. വാഹനയാത്രക്കാർ സഹിക്കുകയല്ലാതെ മാർഗമില്ല. തകർന്നടിഞ്ഞ റോഡ് ആധുനിക നിലവാരത്തിൽ ബി.സി ഓവർ ലേ ടാറിങ് നടത്തി നന്നാക്കാൻ സംസ്ഥാന സർക്കാർ 5.50 കോടി രൂപ രണ്ടു വർഷം മുൻപ് അനുവദിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസിന് മോൻസ് ജോസഫ് എംഎൽഎ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു ശബരിമല - മണ്ഡല മകര വിളക്ക് ഫെസ്റ്റിവൽ റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്.
ഒന്നര വർഷം മുൻപു നിർമാണ ഉദ്ഘാടനവും നടത്തി. എന്നാൽ റോഡു പണി മാത്രം നടന്നില്ല. ജല ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടി ടാറിങ് ജോലികൾ മാറ്റി വച്ചതാണു നാട്ടുകാരെ ദുരിതത്തിലാക്കിയത്. അറുനൂറ്റിമംഗലത്തു നിർമാണം നടക്കുന്ന ജലസംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്നതിനുള്ള ഡിഐ പൈപ്പുകളും പ്രാദേശിക-ഗാർഹിക ജലവിതരണത്തിനുള്ള ചെറിയ പൈപ്പുകളും റോഡിന്റെ ഇരുവശത്തുമായി ഇടുന്നതിനായിരുന്നു പദ്ധതി.
എന്നാൽ ഇതിന് അനുമതി ലഭിക്കാൻ വൈകി. ഇതോടെ തകർന്നു കിടന്നിരുന്ന റോഡ് കൂടുതൽ പൊട്ടിപ്പൊളിഞ്ഞു സഞ്ചാര യോഗ്യമല്ലാതായി. മഴ കൂടി ആരംഭിച്ചതോടെ തകർച്ച പൂർണമായി. റോഡിൽ വൻ കുഴികൾ മാത്രമായി. കുഴിയിൽ ഇരുചക്ര വാഹനങ്ങൾ പതിച്ച് അപകടം പതിവായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു. ഇതിനിടയിൽ റോഡിന്റെ വലതു വശത്ത് പൈപ്പ് സ്ഥാപിക്കൽ നടത്തി.
എന്നാൽ റോഡിന്റെ ഇടതുവശത്തു സ്ഥാപിക്കേണ്ട 400 എംഎം ഡിഐ പൈപ്പ് ഇതുവരെ കരാറുകാരനു ലഭിച്ചിട്ടില്ല. കൈലാസപുരം ഭാഗത്തും എക്സൈസ് ഓഫിസ് ഭാഗത്തും എസ്‌വിഡി. ഭാഗത്തും വൻ കുഴികളായതിനാൽ ചെറു വാഹനങ്ങൾക്കു പോലും കടന്നു പോരാൻ കഴിയാത്ത സ്ഥിതിയാണ്.
തകർന്നു കിടക്കുന്ന കടുത്തുരുത്തി - പിറവം റോഡിലെ കുഴികൾ നികത്താൻ പൊതുമരാമത്ത് വകുപ്പിൽ നിന്നും ജല അതോറിറ്റിയിൽ നിന്നും ഫണ്ടിന് അനുമതിയില്ല. ജല അതോറിറ്റിയുടെ പൈപ്പ് ജോലികൾ ഏറ്റെടുത്തിരിക്കുന്ന കരാറുകാരന്റെ സഹകരണത്തോടെ കുഴികൾ നികത്താനാണു തീരുമാനം. 400 എംഎം ഡിഐ പൈപ്പ് റോഡിൽ എന്നു സ്ഥാപിക്കാൻ കഴിയുമെന്നോ റോഡിലെ കുഴി എന്ന് അടയ്ക്കാൻ കഴിയുമെന്നോ ജലഅതോറിറ്റി അധികൃതർക്കോ പൊതുമരാമത്ത് വകുപ്പിനോ നിശ്ചയമില്ല.