കോട്ടയം വള്ളംകളി ഒക്ടോബർ 7ന്; മത്സരിക്കാൻ 9 ചുണ്ടൻവള്ളങ്ങൾ
Mail This Article
കോട്ടയം ∙ താഴത്തങ്ങാടി ആറ്റിൽ കോട്ടയം മത്സര വള്ളംകളി ഒക്ടോബർ 7ന്; 9 ചുണ്ടൻവള്ളങ്ങൾ മത്സരിക്കും. ചാംപ്യൻസ് ബോട്ട് ലീഗും കോട്ടയം മത്സര വള്ളംകളിയും ഒരുമിച്ചു നടക്കുന്നതിനാൽ മത്സരങ്ങളുടെ ആവേശം വർധിക്കും. നെഹ്റു ട്രോഫിയിൽ ആദ്യം 9 സ്ഥാനങ്ങളിലെത്തിയ ചുണ്ടൻവള്ളങ്ങളാണു ചാംപ്യൻസ് ലീഗിൽ മത്സരിക്കുക. വിവിധ വിഭാഗങ്ങളിലായി മുപ്പതിലധികം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
122 വർഷത്തെ ചരിത്രമുള്ള കോട്ടയം മത്സര വള്ളംകളിയിൽ വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, ചുരുളൻ വിഭാഗങ്ങളിലും മത്സരങ്ങളുണ്ട്. വിനോദസഞ്ചാര വകുപ്പ്, കോട്ടയം വെസ്റ്റ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭയുടെയും തിരുവാർപ്പ് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണു വള്ളംകളി. ചെറുവള്ളങ്ങളുടെ റജിസ്ട്രേഷൻ ഒക്ടോബർ ഒന്നിനു 3ന് അവസാനിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
അന്നു മൂന്നിനു ശേഷം ക്യാപ്റ്റന്മാരുടെ യോഗവും ട്രാക്ക് നിർണയവും നടക്കും. ഒക്ടോബർ 7ന് ഉച്ചയ്ക്കു 2ന് ഉദ്ഘാടന സമ്മേളനം.2.30നു മാസ് ഡ്രിൽ. 3നു ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിക്കും. ഇതിനു പിന്നാലെ ചെറുവള്ളങ്ങളുടെ ഹീറ്റ്സും ഫൈനലും നടക്കും. ഇതിനു ശേഷം ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ നടക്കും. വള്ളംകളി അവലോകന യോഗത്തിൽ കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് സുനിൽ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കെ.കെ.പത്മകുമാർ, ക്ലബ് സെക്രട്ടറി സാജൻ പി.ജേക്കബ്, ടൂറിസം ഇൻഫർമേഷൻ ഓഫിസർ വി.എസ്.ഗിരീഷ്, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എസ്.ഭഗത്, വള്ളംകളി കോഓർഡിനേറ്റർമാരായ കെ.ജെ.ജേക്കബ്, പ്രഫ. കെ.സി.ജോർജ്, ലിയോ മാത്യു, തോമസ് കെ.വട്ടുകളം, കുമ്മനം അഷറഫ്, അബ്ദുൽ സലാം, കെ.ജി.കുര്യച്ചൻ എന്നിവർ പ്രസംഗിച്ചു.വള്ളംകളി കാണുന്നതിനു പാസുകൾ ബുക്ക് ചെയ്യാം: 9495704748, 9846885533.