ഇടിമിന്നൽ: വീടിന്റെ വയറിങ് കത്തിനശിച്ചു, പുരിയിടത്തിലെ മണ്ണ് ഇളകിത്തെറിച്ചു, വൈദ്യുത ഉപകരണങ്ങൾ നശിച്ചു
Mail This Article
എരുമേലി∙ ഇടിമിന്നലിൽ വീടിന്റെ വയറിങ് കത്തിനശിച്ചു. നിരവധി വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ നശിച്ചു. പുരിയിടത്തിലെ മണ്ണ് ഇളകിത്തെറിച്ചു. ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ആമക്കുന്ന് ഭാഗത്തു വെള്ളൂപുരയിടത്തിൽ രാഹുൽ വാടകയ്ക്കു താമസിക്കുന്ന വീടിന്റെ വയറിങ് ആണു കത്തിനശിച്ചത്. ഈ സമയം മുറിയിൽ ഉണ്ടായിരുന്ന രാഹുലിന്റെ ഭാര്യ ആതിരയ്ക്കു കൈക്കു പരുക്കേറ്റു. ഇടിമിന്നൽ ഏറ്റ് വൈദ്യുത പോസ്റ്റിൽ നിന്നും വീട്ടിലേക്കു വലിച്ചിരുന്ന സർവീസ് കേബിളിനു തീ പിടിച്ചു വൈദ്യുതി മീറ്റർ കത്തി നിലംപതിച്ചു.വീട്ടിനുള്ളിൽ ഉണ്ടായിരുന്ന മെയിൻ സ്വിച്ച് പൊട്ടിത്തെറിക്കുകയും,വീടിന്റെ ഭിത്തിയിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടർ സ്വിച്ചുകളും കത്തി. വീടിനോടു ചേർന്ന പുരയിടത്തിൽ മിന്നൽ പ്രവാഹം ഏറ്റ് മണ്ണ് ഇളകി തെറിച്ച നിലയിലാണ്. കയ്യാലകളും തകർന്നു. കാടുകൾ കരിഞ്ഞ നിലയിലുമാണ്. ഇവരുടെ സമീപത്തുള്ള വീടിനും വീട്ടുപകരണങ്ങൾക്കും ഇടിമിന്നലിൽ നാശനഷ്ടമുണ്ടായി. ജനൽ ചില്ലുകൾ തകരുകയും ടിവി, ഫ്രിജ് മറ്റ് വൈദ്യുത ഉപകരണങ്ങൾ തകരുകയും ചെയ്തു.