ശബരിമല വിമാനത്താവളം: അതിർത്തി അടയാളപ്പെടുത്തൽ അടുത്തയാഴ്ച
Mail This Article
എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്ന വസ്തുക്കളുടെ സർവേ നടത്തി അതിർത്തികൾ അടയാളപ്പെടുത്തുന്ന ജോലികൾ അടുത്തയാഴ്ച തുടങ്ങും. ഇതിനായി എറണാകുളം ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. ഒരുമാസത്തിനുള്ളിൽ ഏറ്റെടുക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തി അതിരുകല്ലു സ്ഥാപിച്ച് കൈമാറും എന്നാണ് കരാർ.
വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 916.27 ഹെക്ടർ ഭൂമിയുള്ള ചെറുവള്ളി എസ്റ്റേറ്റിനു പുറമേ സമീപ പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ 123.53 ഹെക്ടർ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
ചെറുവള്ളി എസ്റ്റേറ്റിനു പുറത്തു നിന്ന് റൺവേ നിർമാണത്തിനായി ഏറ്റെടുക്കുന്ന 307 ഏക്കർ സ്ഥലത്തിന്റെ അതിർത്തികളാണ് ആദ്യം അളന്ന് അതിർത്തി നിശ്ചയിക്കുന്നത്. ഇതിനു മുന്നോടിയായി ശബരിമല വിമാനത്താവളം വികസന സമിതി യോഗം ചേർന്ന് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ അതിരുകല്ലു സ്ഥാപിക്കുന്ന നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. റൺവേ നിർമാണത്തിനുള്ള വസ്തു മാത്രമാണ് എസ്റ്റേറ്റിനു പുറത്ത് ഏറ്റെടുക്കുകയുള്ളു. ഇതിനു ശേഷമാണ് റവന്യു വകുപ്പ് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ ആരംഭിക്കുന്നത്.