കാട്ടുകോഴി ആക്രമണം: പച്ചക്കറിത്തൈകൾ നശിച്ചു
Mail This Article
പാമ്പാടി ∙ ഒന്നരയേക്കർ സ്ഥലത്തെ പച്ചക്കറിത്തൈകൾ രണ്ടാഴ്ചക്കിടെ പത്തിലധികം കാട്ടുകോഴികൾ നശിപ്പിച്ചു. പാമ്പാടി വേലിക്കകത്തുപറമ്പിൽ എബി ഐപ്പിന്റെ കൃഷിയിടത്തിലെ തൈകളാണ് നശിപ്പിച്ചത്. ആദ്യം കൃഷി നശിപ്പിക്കുന്നത് പക്ഷികളെന്നാണ് എബി കരുതിയത്.കഴിഞ്ഞ ദിവസം രാവിലെയാണ് കാട്ടുകോഴികളെ കണ്ടത്.
അരയേക്കർ സ്ഥലത്ത് എബി ശീതകാല പച്ചക്കറി കൃഷി നടത്തിയിരുന്നു. തക്കാളി, കാബേജ്, പച്ചമുളക് എന്നിവയാണ് നട്ടത്. ഒരു മാസം മുൻപാണ് തക്കാളി നട്ടത്. നല്ലരീതിയിൽ വളർന്ന തക്കാളിതൈകളുടെ കൂമ്പൂകൾ മുഴുവനും കാട്ടുകോഴിക്കൂട്ടം അകത്താക്കി. ഇതിനുപുറമേ ഒരേക്കർ സ്ഥലത്ത് കപ്പക്കൃഷിയും നടത്തിയിരുന്നു.ഇടവിളയായി പയർ നട്ടിരുന്നു. കിളിർത്ത പയറിന്റെ ഇലയും ചുവടും അടക്കമാണ് കാട്ടുകോഴിക്കൂട്ടം അകത്താക്കിയത്.
2 ആഴ്ചകൊണ്ട് നട്ടിരുന്ന പച്ചക്കറിയുടെ മുകൾഭാഗം മുഴുവനും കാട്ടുകോഴിക്കൂട്ടം തിന്നുതീർത്തു. നട്ടിരുന്ന പയർ വിത്തടക്കമാണ് അകത്താക്കിയത്.പുലർച്ചെ 4 മുതൽ 6 വരെയാണ് കാട്ടുകോഴികൾ പുരയിടത്തിൽ എത്തുന്നതെന്നും എബി പറയുന്നു. സമീപകാലത്തായാണ് കാട്ടുകോഴികളുടെ ശല്യം വർധിച്ചത്. സമീപത്തെ കർഷകർക്കും കാട്ടുകോഴി ശല്യം അനുഭവപ്പെട്ടതോടെ പച്ചക്കറി തൈകൾ നടാൻ പോലും പറ്റാത്ത സ്ഥിതിയാണ്.
വനംവകുപ്പിന്റെ സംരക്ഷണ പട്ടികയിൽ
കാട്ടുകോഴി വനംവകുപ്പിന്റെ ഷെഡ്യൂൾ 4 വിഭാഗത്തിൽ സംരക്ഷണപട്ടികയിലുണ്ട്. വേട്ടയാടുന്നത് കുറ്റകരമാണ്. പൂവൻ വളർത്തു കോഴിയെപ്പോലെ ചുവന്ന പൂവുള്ളതും നീണ്ടു വളഞ്ഞ വാലുള്ളതുമാണ്. ദേഹം ഏറെക്കുറെ കറുപ്പും നേരിയ ചാരനിറത്തിലുള്ള വരകളാൽ മൂടപ്പെട്ടിരിക്കും. മരങ്ങൾക്ക് മുകളിലോ മുളംകൂട്ടമോ ആണ് വാസസ്ഥലം. ധാന്യങ്ങൾ, മുകുളങ്ങൾ, കിഴങ്ങുകൾ, പഴങ്ങൾ, ചെറിയ പ്രാണികൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം.