ദേശീയ അംഗീകാരം നേടി ഗവൺമെന്റ് ആയുർവേദ ആശുപത്രി
Mail This Article
ഞീഴൂർ ∙ പഞ്ചായത്തിലെ ഗവൺമെന്റ് ആയുർവേദ ആശുപത്രി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന് ദേശീയ അംഗീകാരം ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സേവനം, അടിസ്ഥാന സൗകര്യം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, റജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണം, വിതരണം, പരിശോധന മുറി, ശുചിത്വം, ഭിന്നശേഷി സൗഹൃദം, അനുബന്ധ സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് എൻഎബിഎച്ച് അംഗീകാരം ലഭിച്ചത്.
നാഷനൽ ആയുഷ് മിഷനുമായി ചേർന്ന് ഭാരതീയ ചികിത്സാ വകുപ്പ് ആരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന വ്യാപകമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം. നാഷനൽ ആയുഷ് മിഷൻ സഹായത്തോടെ ഡിസ്പെൻസറിയിൽ യോഗ പരിശീലനം നടത്തുന്നുണ്ട്. ആയുർവേദ ചികിത്സയിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാധ്യതകൾ നടപ്പാക്കാൻ ആശാ വർക്കർമാരെ ഉൾപ്പെടുത്തി സമൂഹത്തിലെ പൊതുവായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനുള്ള പദ്ധതിയും നടത്തി വരുന്നു.
കേന്ദ്ര വിദഗ്ധ സംഘം ആശുപത്രിയിലെ സൗകര്യങ്ങൾ പരിശോധിച്ചു വിലയിരുത്തിയാണ് അക്രഡിറ്റേഷൻ അനുവദിച്ചത്. പുതിയ അംഗീകാരം പഞ്ചായത്തിന് അഭിമാന നേട്ടമാണെന്ന് പ്രസിഡന്റ് ശ്രീകല ദിലീപ് പറഞ്ഞു. ആശുപത്രിയോട് അനുബന്ധിച്ച് പുതിയ പഞ്ചകർമ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. നിർമാണം പൂർത്തിയായാൽ ഉടൻ ഒപിയിൽ വരുന്ന രോഗികൾക്ക് സൗജന്യ പഞ്ചകർമ ചികിത്സ കൂടി ലഭ്യമാകുമെന്ന് മെഡിക്കൽ ഓഫിസർ ഡോ.തുഷാര മാത്തുക്കുട്ടി അറിയിച്ചു.