ADVERTISEMENT

കടുത്തുരുത്തി∙ പാഴ്‌വസ്തുക്കളും പഴയ പത്രങ്ങളും വിറ്റു കിട്ടിയ പണം ചികിത്സാ സഹായനിധിക്ക് സംഭാവനയായി നൽകി വിദ്യാർഥിനി. കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജുവാണ് വാക്കാട് സ്വദേശിയായ ജോൺസന് ചികിത്സാസഹായമായി താൻ ശേഖരിച്ച ആയിരം രൂപ നൽകിയത്. പാഴ്‌വസ്തുക്കള്‍ വിറ്റു കിട്ടിയ 700 രൂപയും കയ്യിലുണ്ടായിരുന്ന പോക്കറ്റ് മണിയായ 300 രൂപയും കൂടി ചേർത്താണ് 1000 രൂപ നൽകിയത്.

charity-2

സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ലയ, ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി വീടുകൾ കയറിയിറങ്ങി പഴയ പത്രങ്ങളും ആക്രി സാധനങ്ങളും ശേഖരിച്ചിരുന്നു. കൂടാതെ സോഷ്യൽ സർവീസ് ക്ലബ് കോർഡിനേറ്റർമാർ നിർദേശിച്ചതനുസരിച്ച് വിത്തു പേനകൾ, തുണിസഞ്ചികൾ, ചവിട്ടികൾ തുടങ്ങിയവ നിർമിച്ച് വിറ്റു കിട്ടിയ പണവും കയ്യിലുണ്ടായിരുന്നു. ഇതു ഏതെങ്കിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി കരുതിവയ്ക്കാന്‍ അധ്യാപക കോഡിനേറ്റർമാർ നിർദേശിച്ചു. രോഗിയായ ജോൺസനെ കുറിച്ച് ‘മലയാള മനോരമ’യിൽ വന്ന വാർത്ത വായിച്ച അധ്യാപികയാണ് പണം ചികിത്സ സഹായത്തിനായി നൽകാമെന്ന് നിർദേശിച്ചത്.

ജോൺസന്റെ ചികിത്സാർഥം പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് ഭവനങ്ങൾ സന്ദർശിച്ച് ധനശേഖരണം നടത്തുന്നുണ്ടായിരുന്നു. ഇതറിഞ്ഞ് ലയ അമ്മയെയും കൂട്ടി വാക്കാട്ടിൽ എത്തുകയും അവിടെവച്ച് ധന ശേഖരണ സമിതിയെ പണം ഏൽപ്പിക്കുകയും ചെയ്തു. പാഴുത്തുരുത്ത് പുളിക്കയിൽ ബിജുവിന്റെ മകളായ ലയ, സ്കൂളിലെ സോഷ്യൽ സർവീസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. പഠനത്തിരക്കിനിടയിൽ വീടുകൾ കയറിയിറങ്ങി താൻ സംഭരിച്ച പാഴ് വസ്തുക്കൾ വിറ്റുകിട്ടിയ പണം ഒരു പാവപ്പെട്ട വ്യക്തിയുടെ ചികിത്സയ്ക്കായി നൽകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് ലയ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com