പൊതുജനത്തിന് ഇരുട്ടടി; ചെറുമുദ്രപ്പത്രങ്ങൾക്കും സ്റ്റാംപുകൾക്കും ക്ഷാമം
Mail This Article
ഈരാറ്റുപേട്ട ∙ ചെറിയവിലയുള്ള മുദ്രപ്പത്രങ്ങൾക്കും കോർട്ട് ഫീ, റവന്യു സ്റ്റാംപുകൾക്കും ക്ഷാമം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കേണ്ട രേഖകൾക്കായി അപേക്ഷിക്കുമ്പോൾ നൽകേണ്ട 10, 20,100 രൂപ പത്രങ്ങൾക്കാണു ക്ഷാമം. നഗരസഭയിലേക്കും പഞ്ചായത്തുകളിലേക്കും സർക്കാർ വകുപ്പുകളിലേക്കും അപേക്ഷകൾ നൽകുമ്പോൾ സ്റ്റാംപുകളും മുദ്രപ്പത്രങ്ങളും നിർബന്ധമാണ്. സംസ്ഥാന സർക്കാർ സഹായങ്ങൾ, ലൈഫ് ഭവനപദ്ധതി, വിവിധ കരാറുകൾ എന്നിവയ്ക്ക് അപേക്ഷ നൽകാൻ സ്റ്റാംപുകളും മറ്റും ലഭിക്കാനില്ല.
അപേക്ഷ പോലും നൽകാനാവാതെ പലരും മടങ്ങുന്ന അവസ്ഥയും നിലവിലുണ്ട്. വിവാഹം റജിസ്റ്റർ ചെയ്യുന്നതിനും ജനന, മരണ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനും എത്തുന്നവർക്കും സ്റ്റാംപുകളുടെയും മുദ്രപ്പത്രങ്ങളുടെയും അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നു. വാടക വീടുകൾക്കു കരാറുകൾ തയാറാക്കാൻ 100 രൂപയുടെ മുദ്രപ്പത്രങ്ങളാണു സാധാരണ ഉപയോഗിക്കുന്നത്. ട്രഷറികളിൽനിന്നു വിതരണം ഇല്ലാത്തതാണു ക്ഷാമത്തിന് ഇടയാക്കിയതെന്നു വെണ്ടർമാർ പറയുന്നു. ജനന, മരണ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ ലഭിക്കേണ്ടവരെയാണു ക്ഷാമം ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
10, 20 രൂപ പത്രങ്ങളുടെ ആവശ്യങ്ങൾക്കു 50 രൂപയുടെ പത്രങ്ങൾ ഉപയോഗിക്കേണ്ട അവസ്ഥയാണ്. 200 രൂപയുടെ പത്രത്തിനു പകരമായി 50 രൂപയുടെ 4 എണ്ണമോ 500 രൂപയുടെ പത്രമോ വാങ്ങേണ്ട സാഹചര്യമാണുള്ളത്. പാലായിലെത്തിയാൽ ചെറിയ പത്രത്തിൽ സീൽ ചെയ്തു നൽകുന്നുണ്ട്. അയൽ ജില്ലയായ ഇടുക്കിയിലെ തൊടുപുഴയിലെ വെണ്ടർമാരുടെ കൈവശം ഈ പത്രങ്ങൾ ലഭ്യമാണ്.