ആ പെട്ടികളിലെത്തിയത് പൊലിഞ്ഞുപോയ സ്വപ്നങ്ങൾ; ഉള്ളുപൊള്ളി ജന്മനാട്
Mail This Article
ചങ്ങനാശേരി ∙ പ്രതീക്ഷകളുടെ പ്രവാസജീവിതത്തിനൊടുവിൽ സ്നേഹദൂരം താണ്ടി ഉറ്റവർക്കിടയിലേക്ക് അവർ മടങ്ങുകയാണ്; സ്വപ്നങ്ങൾ പാതിവഴിയിൽ അവശേഷിപ്പിച്ച്. കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ മൂന്നു യുവാക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചപ്പോൾ ദുരന്തത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചുനിന്ന നാട് ഒരു കണ്ണീർപ്പുഴയായി അണപൊട്ടിയൊഴുകി.
പാമ്പാടി ഇടിമാരിയൽ സ്റ്റെഫിൻ ഏബ്രഹാം സാബു (29), ഇത്തിത്താനം കിഴക്കേടത്ത് പി. ശ്രീഹരി (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് (38) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കൊച്ചി വഴി ജില്ലയിലേക്ക് എത്തിയത്. പൊലീസ് അകമ്പടിയോടെ ഉച്ചയ്ക്കാണു മൂവരുടെയും മൃതദേഹങ്ങൾ എത്തിച്ചത്. സ്റ്റെഫിന്റെ മൃതദേഹം മന്ദിരം ആശുപത്രിയിലും ശ്രീഹരിയുടെ മൃതദേഹം തുരുത്തി യൂദാപുരം സെന്റ് ജൂഡ് ആശുപത്രിയിലും ഷിബു വർഗീസിന്റെ മൃതദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും മോർച്ചറിയിലേക്കു മാറ്റി. മന്ത്രി വി.എൻ.വാസവൻ മൂന്നു പേരുടെയും വീടുകളിലെത്തി അനുശോചനം അറിയിച്ചു.
സംസ്കാരം നാളെയും മറ്റന്നാളും
∙ പി. ശ്രീഹരിയുടെ സംസ്കാരം നാളെ 2ന് ഇത്തിത്താനം ഇളങ്കാവിനു സമീപത്തെ വീട്ടുവളപ്പിൽ നടത്തും.
∙ ഷിബു വർഗീസിന്റെ സംസ്കാരം നാളെ 2.30നു പായിപ്പാട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
∙ സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ സംസ്കാരം തിങ്കളാഴ്ച 3ന് പാമ്പാടി ഒൻപതാം മൈൽ ഐപിസി ബഥേൽ സഭയുടെ സെമിത്തേരിയിൽ.