ശക്തമായ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം
Mail This Article
കോട്ടയം∙ കൂരോപ്പട കാരിമലപ്പടിയിൽ വീടിന് ഇടിമിന്നലേറ്റ് നാശം. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ഇലഞ്ഞിയിൽ ജോയി ജോസഫിന്റെ വീടിനാണു ഇടിമിന്നലേറ്റത്. ആർക്കു പരുക്കില്ല. ഇന്ന് വൈകിട്ട് ആറിനാണ് സംഭവം. ജോയിയുടെ ഭാര്യ ഷീന ജോയി, മകൻ അതുൽ ജോയി എന്നിവർ മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ശക്തമായ ഇടിമിന്നലിനെ തുടർന്ന് ഇവർ വീടിനുള്ളിലെ കട്ടിലിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ ഉഗ്ര ശബ്ദത്തോടെ ഇടി വെട്ടുകയും ഹാളിനു മുകളിലെ അസ്ബറ്റോസ് മേൽക്കൂര ഭാഗികമായി തകരുകയായിരുന്നു. വീടിന്റെ ഇലക്ട്രിക് മീറ്ററും വയറിങ്ങും ഇടിമിന്നലേറ്റ് പൂർണമായും നശിച്ചു. ഹാളിലെ ടൈലും പൊട്ടിയിട്ടുണ്ട്. വില്ലേജ് ഓഫിസിൽ വിവരം അറിയിച്ചതായി വീട്ടുകാർ പറഞ്ഞു.
കുറുമ്പനാടം പുളിയാംകുന്ന് മരിയൻ വില്ല പന്തത്തറയിൽ ആന്റണിയുടെ വീടിന്റെ മുകൾ നിലയിലെ കോൺക്രീറ്റ് ഇടിമിന്നലേറ്റ് വൃത്താകൃതിയിൽ ഇടിഞ്ഞു തെറിച്ചു പോയി. ഭിത്തിക്കും തറയ്ക്കും കേടുപാടുകളുണ്ട്. സമീപത്തുള്ള പല വീടുകളിലും ഇലട്രിക് ഉപകരണങ്ങൾക്ക് ഇടിമിന്നലേറ്റ് നാശമുണ്ടായി.