ഡ്രോൺ ഉപയോഗിച്ച് വിത; വളർച്ച പരിശോധിക്കാൻ ശാസ്ത്രജ്ഞർ എത്തി
Mail This Article
കുമരകം ∙ ഡ്രോൺ ഉപയോഗിച്ചു ജില്ലയിൽ ആദ്യവിത നടത്തിയ ചെങ്ങളം പുതുക്കാട്ട് അൻപതു പാടശേഖരത്തെ നെൽച്ചെടികളുടെ വളർച്ച മനസ്സിലാക്കാൻ കൃഷി ശാസ്ത്രജ്ഞർ പാടത്തെത്തി. കഴിഞ്ഞ മാസം 25നാണു ഡ്രോൺ ഉപയോഗിച്ച പാടത്തു പുഞ്ചക്കൃഷിക്കു വിത നടത്തിയത്. 26 ദിവസം കൊണ്ടു ചെടികൾക്ക് ഉണ്ടായ വളർച്ച എത്ര എന്നും തുടർന്നുള്ള കൃഷി രീതികൾ എങ്ങനെയാകണമെന്നും ഇവർ വിലയിരുത്തി.
ബെംഗളൂരു ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിലെ സയന്റിസ്റ്റ്സ് ആൻഡ് നോഡൽ ഓഫിസർ ഡോ. ഡി.വി. കൊലേക്കറിന്റെ നേതൃത്വത്തിൽ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഡോ. സ്മിത രവി,ഡോ. ആഷ വി, പിള്ള,ഡോ. ജിഷ എ പ്രഭ, മാനുവൽ അലക്സ് എന്നിവരാണു പാടശേഖരം സന്ദർശിച്ചത്. അബ്ദുൽ ജലീലിന്റെ 10 സ്ഥലത്താണു ഡ്രോൺ ഉപയോഗിച്ചു വിത നടത്തിയിരുന്നത്.
വളർച്ച തിട്ടപ്പെടുത്തുന്നതിനായി നെൽച്ചെടികളെ വേർതിരിച്ചു അടയാളപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിൽ കുട്ടനാട്ടിലെ ചക്കങ്കരി പാടശേഖരത്തിലായിരുന്നു പരീക്ഷണമായി ഡ്രോൺ ഉപയോഗിച്ചു വിത നടത്തിയത്. ഇത് വിജയമായതോടെയാണു ഡ്രോൺ ഉപയോഗിച്ച് ചെങ്ങളത്തെ പാടശേഖരത്തു വിത നടത്തിയത്. പരമ്പരാഗത രീതിയിലുള്ള വിതയ്ക്കു പാടത്ത് ഇറങ്ങേണ്ടി വരുമ്പോൾ വിത്ത് ചെളിയിൽ താഴ്ന്നു പോകുകയും പുളി(അമ്ലം) ഇളകുകയും ചെയ്യും. ഡ്രോൺ ഉപയോഗിച്ചുള്ള വിത മൂലം ഇത് രണ്ടും സംഭവിക്കില്ല എന്നതാണു പ്രത്യേകത.