ദീപപ്രഭയിൽ കുളിച്ച് വലിയമ്പലവും കൊച്ചമ്പലവും
Mail This Article
തീർഥാടന കാലം സജീവമായതോടെ എരുമേലി ധർമശാസ്താ ക്ഷേത്രവും പേട്ട കൊച്ചമ്പലവും ദീപാലംകൃതമായി. 2 ക്ഷേത്രങ്ങളുടെയും കവാടങ്ങളിൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ചു. രാത്രി സമയങ്ങളിൽ ദീപാലങ്കാര പ്രഭയിൽ കുളിച്ചു നിൽക്കുന്ന ക്ഷേത്ര കവാടങ്ങളുടെ ചിത്രം പകർത്താനും തീർഥാടകരുടെ തിരക്കാണ്.
തേങ്ങ ഉടയ്ക്കാൻ ചെലവേറുന്നു
തേങ്ങവില കുതിച്ചു കയറുന്നതു മൂലം തീർഥാടകർക്ക് തേങ്ങ ഉടയ്ക്കാൻ ചെലവേറുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് കിലോയ്ക്ക് 48 രൂപ ഉണ്ടായിരുന്ന തേങ്ങയുടെ ഇന്നലത്തെ വില കിലോ 70 രൂപയാണ്. ഈ വില വർധന എരുമേലിയിൽ എത്തുന്ന ശബരിമല തീർഥാടകരെയും ബാധിച്ചിട്ടുണ്ട്. കൊച്ചമ്പലത്തിലും വലിയമ്പലത്തിലും വാവര് പളളിയിലും ഉടയ്ക്കുന്നതിനുള്ള തേങ്ങ എരുമേലിയിൽ നിന്നാണ് തീർഥാടകർ വാങ്ങുന്നത്. ഇതിനു വേണ്ടി വലുപ്പം കുറഞ്ഞ തേങ്ങ തമിഴ്നാട്ടിൽ നിന്ന് ലോഡ് കണക്കിനാണു എത്തിക്കുന്നത്. മുൻപ് ഒരു ചെറിയ തേങ്ങയ്ക്ക് 10 മുതൽ 15 രൂപ വരെ ആയിരുന്നു വില. എന്നാൽ വില ഉയർന്നതോടെ ഇപ്പോൾ 20 രൂപയും 30 രൂപയാണ് തേങ്ങയ്ക്ക് വാങ്ങുന്നത്.
സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ സ്റ്റേഷനിൽ
തീർഥാടന കാലത്ത് പൊലീസിന്റെ സേവനം കണ്ടു മനസിലാക്കാൻ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കെഡറ്റുകൾ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാർ, ശബരിമല സ്പെഷൽ ഓഫിസർ ഡിവൈഎസ്പി പി.ജ്യോതികുമാർ എന്നിവർ പൊലീസ് സേവനങ്ങൾ പരിചയപ്പെടുത്തി.
ശബരിമല സ്പെഷൽ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ സ്പെഷൽ ഓഫിസർ എസ്.ഐ.രംഗനാഥൻ കെഡറ്റുകൾക്കു വിശദീകരിച്ചു.എസ്ഐമാരായ പി.എൻ. അനിൽകുമാർ, പി.ആർ.ജയ്മോൻ, സിപിഒ അബ്ദുൽ ജലീൽ എന്നിവർ മധുരം നൽകി സ്വീകരിച്ചു. ആശ്വാസ് കമ്യൂണിറ്റി ഫാർമസി പ്രവർത്തനം 24 മണിക്കൂർ എരുമേലി തീർഥാടനം പ്രമാണിച്ച് പേട്ടക്കവലയിലെ ആശ്വാസ് കമ്യുണിറ്റി ഫാർമസിയുടെ പ്രവർത്തനം 24 മണിക്കൂർ ആക്കി.