ADVERTISEMENT

പനയ്ക്കപ്പാലം ∙ ഈരാറ്റുപേട്ട – പാലാ റോഡിൽ പനയ്ക്കപ്പാലം ഭാഗം അപകടക്കവലയാകുന്നു. ഇന്നലെ വലിയമംഗലം പാലത്തിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് കലുങ്ക് തകർന്നു. തോട്ടിലേക്കു ലോറി മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. വാഴക്കുലകളുമായി വയനാട്ടിൽ നിന്ന് ഈരാറ്റുപേട്ടയിലേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ പൊതുപ്രവർത്തകൻ പീറ്റർ പന്തലാനിയാണ് അപകടവിവരം പൊലീസിൽ അറിയിച്ചത്. 

ഇടിയുടെ ആഘാതത്തിൽ വട്ടംതിരിഞ്ഞ ലോറി റോഡിനു കുറുകെ കിടന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. ചെറുവാഹനങ്ങൾക്കു മാത്രമാണ് കടന്നുപോകാനായത്. രാവിലെയെത്തിയ ബസുകൾ വഴിതിരിച്ചു വിട്ടു. പിന്നീട് ക്രെയിൻ എത്തിച്ച് ലോറി റോഡിനു നടുവിൽ നിന്നു മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഇടിയുടെ ആഘാതത്തിൽ കലുങ്ക് പൂർണമായി തകർന്നു. നേരത്തേ വാഹനമിടിച്ചു തകർന്ന കലുങ്ക് പുനർനിർമിച്ചിട്ട് ഏതാനും നാളുകൾ മാത്രമേ ആയിട്ടുള്ളൂ.

തുടർച്ചയായ അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്ന പനയ്ക്കപ്പാലം ജംക്‌ഷനിൽ നിന്ന് 200 മീറ്റർ മാത്രം മാറിയാണ് വലിയമംഗലം പാലം. പനയ്ക്കപ്പാലം ജംക്‌ഷനിലെ അപകടങ്ങൾ കുറയ്ക്കാൻ റംബിൾ സ്ട്രിപ്പുകളും മീഡിയനുകളും സ്ഥാപിച്ചിരുന്നു. ഈ മീഡിയനിൽ ഇടിച്ചും അപകടം ഉണ്ടായെങ്കിലും എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഏറ്റുമാനൂർ – പൂഞ്ഞാർ റോഡിലെ അപകരകരമായ പാലമായി വലിയമംഗലം പാലം മാറിയിരിക്കുകയാണ്. ഒട്ടേറെ അപകടങ്ങൾ ഈ പാലത്തിലുണ്ടായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ തോട്ടിലേക്കു വീണും അനേകം അപകടങ്ങളുണ്ടായി.

ദിവസങ്ങൾക്കു മുൻപ് അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞിരുന്നു. പാലത്തിന്റെ വീതിക്കുറവാണ് അപകടമുണ്ടാകാനുള്ള പ്രധാന കാരണം. ഹൈവേയുടെ ഇരുവശത്തെയും വെള്ള വരകൾ കടന്നുപോകുന്ന കൃത്യം വീതി മാത്രമാണു പാലത്തിനുള്ളത്. ശബരിമല സീസണിൽ അനേകം തീർഥാടക വാഹനങ്ങൾ കടന്നുപോകുന്നതു പരിഗണിച്ച് ആവശ്യമായ സുരക്ഷ ഇവിടെ ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

English Summary:

A recent lorry accident on the Erattupetta-Pala Road near Panaykkapalam has raised concerns about the road's safety. The incident, which caused damage to the Valiyamangalam Bridge culvert, narrowly avoided a major disaster.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com