പഞ്ചായത്ത് ഇടപെട്ടു; റോഡരികിലെ മാലിന്യങ്ങൾ നീക്കി
Mail This Article
ആയിരക്കണക്കിനു ശബരിമല തീർഥാടകർ കാൽനടയായി എത്തുന്ന റാന്നി– എരുമേലി വനമേഖല റോഡ് അരികിൽ കുന്നുകൂടിയ മാലിന്യങ്ങൾ പഞ്ചായത്ത് ഇടപെട്ട് നീക്കം ചെയ്തു. എരുമേലി - റാന്നി സംസ്ഥാന പാതയിലെ കരിമ്പിൻതോട് വനപാതയിൽ മണിമല - എരുമേലി പഞ്ചായത്തുകളുടെ അതിർത്തി ഭാഗത്ത് മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ ഇടുന്നത് കുറ്റകരമാണെന്ന് കാണിച്ച് സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡിന്റെ മുന്നിലാണ് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയത്.
ഇത് ശ്രദ്ധയിൽ പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടർ ബിനു ജോൺ എരുമേലിയിൽ ശബരിമല തീർഥാടന കാല മാലിന്യ സംസ്കരണത്തിനായി പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നിർദേശപ്രകാരം ജൂനിയർ സൂപ്രണ്ട് വിപിൻ കൃഷ്ണയുടെ നേതൃത്വത്തിൽ വിശുദ്ധി സേന അംഗങ്ങൾ ശുചീകരണം നടത്തി മാലിന്യങ്ങൾ നീക്കം ചെയ്തത്.
സേഫ് സോൺ ഉദ്യോഗസ്ഥർ വിദ്യാർഥിയുടെ പണം സേഫാക്കി
∙യാത്രയ്ക്കിടെ ബസിൽ നിന്ന് പറന്നുപോയ സ്കൂൾ വിദ്യാർഥിയുടെ 500 രൂപ കണ്ടെത്തി തിരികെ നൽകി മോട്ടർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ. ഇന്നലെ രാവിലെ മുട്ടപ്പള്ളി പട്രോൾ പമ്പിനു സമീപമാണ് സംഭവം. ശബരിമല പാതയിൽ പട്രോളിങ് നടത്തിയിരുന്ന എഎംവിഐ നിഖിൽ കെ. ബാലൻ, ഡ്രൈവർ എ.എസ്. അനീഷ് എന്നിവരുടെ മുന്നിലാണ് ബസിൽ നിന്ന് പണം വീണത്.
ഇത് കണ്ടുനിന്നവർ പണം എടുത്തു. ഈ സമയം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ആരാഞ്ഞു. ഇൗ സമയത്ത് പണം നഷ്ടപ്പെട്ട വിദ്യാർഥി ഓടി എത്തി. ബസിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെ കയ്യിൽ കരുതിയിരുന്ന പണം പറന്നു പോകുകയായിരുന്നു എന്നാണ് വിദ്യാർഥി പറഞ്ഞത്. നാട്ടുകാരായ തമ്പി കുളങ്ങര, മനോജ് കോങ്ങാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിൽ പണം വിദ്യാർഥിക്ക് കൈമാറി.
എരുമേലിയിൽ ആയുർവേദ ഡോക്ടറുടെ സേവനം
∙എരുമേലി സർക്കാർ ആയുർവേദ ആശുപത്രിയിൽ സ്ഥിരം ഡോക്ടറുടെ സേവനം ഉറപ്പാക്കി. ഏതാനും മാസങ്ങൾ ആയി സ്ഥിരം ഡോക്ടർ ഇല്ലാത്തതുമൂലം രോഗികൾ ബുദ്ധിമുട്ടിയിരുന്നു. തീർഥാടന കാലം ആയതോടെ നൂറ് കണക്കിന് ആളുകളാണ് ആയുർവേദ ആശുപത്രിയെ ആശ്രയിക്കുന്നത്. ആഴ്ചയിൽ ഏതെങ്കിലും ദിവസം മാത്രമാണ് ഡോക്ടർ എത്തുന്നതെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ പരാതിയെ തുടർന്ന് സ്ഥിരമായി ഡോക്ടറെ നിയമിച്ച് കോട്ടയം ജില്ലാ ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. അമ്പിളി ഉത്തരവിട്ടു. ഇതേ തുടർന്ന് സ്ഥിര ഡോക്ടർ ചുമതലയേറ്റു.