റിവെഞ്ച് വൈബിൽ യക്ഷഗാനം; നല്ല കിടിലൻ വൈബിൽ കോട്ടയം ജില്ലാ സ്കൂൾ കലോത്സവം മുന്നോട്ട്
Mail This Article
ഹൈസ്കൂൾ വിഭാഗം യക്ഷഗാനത്തിൽ രണ്ടാംവരവിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് കിടങ്ങൂർ എൻ എസ്എസ് എച്ച്എസ്എസ്. കഴിഞ്ഞ വർഷമാണ് ആദ്യമായി സ്കൂൾ യക്ഷഗാനത്തിൽ പങ്കെടുക്കുന്നത്. രണ്ടാം സ്ഥാനമായിരുന്നെങ്കിലും അപ്പീലുമായി പോയി സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി. പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ട്, പഠിപ്പിക്കാനുള്ള ആളുകളുടെ അഭാവം, ചെലവ് തുടങ്ങിയ കാരണങ്ങളാൽ 2 ടീമുകൾ മാത്രമാണു മത്സരത്തിനുണ്ടായിരുന്നത്.
ചില്ലിങ് മിഥൽ
ഉപജില്ലാ മത്സരത്തിനുശേഷം വിജയം നേടാനാകാതെ കരഞ്ഞുതളർന്ന മിഥൽ എച്ച്.നായർ എന്ന കൊച്ചുമിടുക്കിയുടെ സന്തോഷം ഇന്നലെ വാനോളം ഉയർന്നു. യുപി വിഭാഗം കുച്ചിപ്പുഡിയിൽ മിഥലിനാണ് ഒന്നാം സ്ഥാനം. ഉപജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ അപ്പീൽ നൽകിയെങ്കിലും പരിഗണിച്ചില്ല. തുടർന്നു ഹൈ ക്കോടതിയെ സമീപിച്ചു ജില്ലാ മത്സരത്തിൽ പങ്കെടുക്കാനുള്ള അനുകൂല വിധി നേടുകയായിരുന്നു. ആനിക്കാട് ഗവ. യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
ആകെയൊരു സൂര്യകിരൺ
ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുഡിയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇക്കുറിയുണ്ടായിരുന്നത് ഒരു മത്സരാർഥി മാത്രം. ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലയിലും സംസ്ഥാനത്തും ഒന്നാം സ്ഥാനം നേടിയിട്ടുള്ള ളാക്കാട്ടൂർ എംജിഎം എൻഎസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ സൂര്യകിരണിനാണ് എതിരാളികൾ ഇല്ലാതിരുന്നത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദ്യമായാണ് ആൺവിഭാഗത്തിൽ മത്സരാർഥികൾ കുറയുന്നത്. തായമ്പകയിലും മികവു തെളിയിച്ചിട്ടുണ്ട്. തൃശൂർ സ്വദേശി എം.ശിവദാസിന്റെയും ജോഷിനയുടെയും മകനാണ്. എസ്ബിഐ മാനേജരായ ശിവദാസ് ജോലിക്കായാണു കോട്ടയത്തേക്ക് എത്തിയത്.
സെന്റ് ആൻസിന് ഹാട്രിക്
ഒപ്പന ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്നാം വട്ടവും വിജയിച്ച് കോട്ടയം സെന്റ് ആൻസ് ഗേൾസ് എച്ച്എസ്എസ് ടീം. സംസ്ഥാന കലോത്സവത്തിലും കഴിഞ്ഞ മൂന്നു വർഷവും എ ഗ്രേഡ് നേടിയിരുന്നു. ഹൈസ്കൂൾ ഒപ്പനയിൽ ഉപജില്ലയിൽനിന്ന് അപ്പീലുമായി എത്തിയ നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂൾ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് ആഘോഷം വൈബാക്കി.