റോഡ് തോടായി; യാത്രക്കാർക്ക് ദുരിതം
Mail This Article
കുറുപ്പന്തറ ∙ കുറുപ്പന്തറ – കല്ലറ റോഡിൽ കുറുപ്പന്തറ കടവ് ഭാഗത്തെ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഈ ഭാഗത്ത് ഓട നിറഞ്ഞ് റോഡിൽ രണ്ടടിയോളം വെള്ളം ഉയർന്നിരുന്നു. വെള്ളക്കെട്ട് മൂലം ഇരുചക്ര വാഹനങ്ങൾക്കും കാൽനടക്കാർക്കും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. റോഡിൽ മിൽ ഭാഗം മുതൽ ചെളിവെള്ളം ഉയർന്നതോടെ വെള്ളം താഴാൻ കാത്തുനിൽക്കേണ്ടിവന്നു ഇരുചക്ര വാഹനയാത്രക്കാർക്ക്.
റോഡിൽ ഒഴുകിയെത്തുന്ന വെള്ളം കടവ് ഭാഗത്തേക്കു പോകുന്നതിനായി ഓട നിർമിച്ചിട്ടുണ്ടെങ്കിലും ഇതിൽ ചെളി നിറഞ്ഞ് അടഞ്ഞു കിടക്കുകയാണ്. ഇതു മൂലമാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. വർഷങ്ങളായി കടവ് ഭാഗത്ത് ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുണ്ടായി യാത്രാതടസ്സം ഉണ്ടാകുന്നുണ്ട്.
കൂടാതെ വാഹനാപകടങ്ങളും ഇവിടെ പതിവാണ്. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനും റോഡിലെ കുഴികളടയ്ക്കാനും റോഡിൽ കുറച്ചു ഭാഗത്ത് ടൈൽ വിരിച്ചിരുന്നു. ഈ ഭാഗവും മഴയിൽ വെള്ളം കയറി മൂടുകയാണ്. സ്കൂൾ വിദ്യാർഥികളടക്കം ചെളിവെള്ളത്തിലൂടെയാണ് നടക്കുന്നത്. ഇടുക്കി, തേക്കടി, കമ്പം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു വിനോദസഞ്ചാരികൾ കുമരകം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന റോഡാണിത്. ഏതാനും മാസം മുൻപ് രാത്രി കാറിലെത്തിയ സഞ്ചാരികൾ കടവ് തോട്ടിൽ പതിച്ചിരുന്നു.