ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുക്കി കെഎസ്ആർടിസി; പരാതി പറഞ്ഞിട്ടും നടപടിയില്ല
Mail This Article
ചങ്ങനാശേരി ∙ പരാതി പറഞ്ഞിട്ടും നടപടിയില്ല. കെഎസ്ആർടിസി ടെർമിനൽ ഓഫിസിലെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള ശുചിമുറി മാലിന്യം റോഡിലേക്ക്. പ്രതിഷേധവുമായി വ്യാപാരികൾ. സ്റ്റാൻഡിനു പിറകിലെ എംവൈഎംഎ റോഡിലേക്കാണു ശുചിമുറി മാലിന്യം ഒഴുകിയെത്തുന്നത്. മാസങ്ങളായി ദുർഗന്ധം സഹിച്ചും മലിനജലത്തിൽ ചവിട്ടിയും കച്ചവടം ചെയ്യേണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവർ. സ്റ്റാൻഡിന്റെ മതിലിനടിയിലൂടെയാണ് മലിനവെള്ളം ഒഴുകി വരുന്നത്. ദുർഗന്ധം കാരണം കട പൂട്ടേണ്ട അവസ്ഥയിലാണെന്ന് ഈ ഭാഗത്തെ വ്യാപാരികൾ പറയുന്നു.
സംഭവം കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല. പരാതി നഗരസഭയിൽ അറിയിച്ചപ്പോൾ ജീവനക്കാരെത്തി അണുനാശിനി തളിച്ചു പോകുകയാണെന്നും വ്യാപാരികൾ പറയുന്നു. നൂറുകണക്കിനാളുകൾ കടന്നു പോകുന്ന വഴി കൂടിയാണിത്. കാൽനടയാത്രക്കാരായവർ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലമാണ് എന്നറിയാതെ ഇതിൽ ചവിട്ടി കടന്നു പോകുന്നുണ്ട്.മലിനജലം പലപ്പോഴും ഒഴുകി സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിൽ തളം കെട്ടി കിടക്കുകയാണ്.പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.