നാടിന്റെ സ്വന്തം ‘വള്ളിയമ്മ’യ്ക്ക് ഷൺമുഖപ്രിയ ഗജറാണി പട്ടം സമ്മാനിക്കും
Mail This Article
ചങ്ങനാശേരി ∙ പെരുന്നയുടെ സ്വന്തം ‘വള്ളിയമ്മ’ ഇനി ഷൺമുഖപ്രിയ ഗജറാണി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഗജറാണി ‘ശ്രീവള്ളി’ക്ക് ഇന്ന് ‘ഷൺമുഖപ്രിയ ഗജറാണി’ പട്ടവും സ്റ്റീൽ ചങ്ങലയും സമർപ്പിക്കും. കൊടിയേറ്റിനു ശേഷമാണ് സമർപ്പണ ചടങ്ങുകൾ. പെരുന്ന ലക്ഷ്മി ഭവനിൽ ജി.എസ്.രാജേഷാണ് പട്ടം സമർപ്പിക്കുന്നത്. ക്ഷേത്രം ദേവസ്വം സ്റ്റീൽ ചങ്ങല സമർപ്പിക്കും. ദേശത്തിന്റെയും വിശ്വാസികളുടെയും സ്നേഹപരിപാലനയിൽ വളരുന്ന ‘ശ്രീവള്ളി’യെ 1976 ഒക്ടോബർ 28ന് സ്കന്ദഷഷ്ഠി ദിനത്തിൽ ചിറയിൽ ബേബിയാണ് ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്.
കോന്നി കാട്ടിലെ വാരിക്കുഴിയിൽ നിന്നു ലഭിച്ച കുട്ടിയാനയെ ലേലത്തിൽ വാങ്ങി നടയ്ക്കിരുത്തുകയായിരുന്നു. ആനയ്ക്ക് ശ്രീവള്ളിയെന്നു പേരും നൽകി. ചങ്ങലബന്ധം പോലുമില്ലാതെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിലൂടെ ഓടിക്കളിച്ച പിടിയാനക്കുട്ടിക്ക് പ്രായം ഇപ്പോൾ 50 പിന്നിട്ടെങ്കിലും പഴയ കുറുമ്പിനും കുസൃതിക്കും കുറവില്ലെന്ന് വിശ്വാസികളും ആനപ്രേമികളും പറയുന്നു. ‘വള്ളിയമ്മേ, വള്ളിക്കുട്ടീ...’ എന്നു വിളിച്ചെത്തുന്നവരെ തുമ്പിക്കയ്യാൽ ചുറ്റി വാരിപ്പുണരും.
രാവിലെ നാട്ടുവഴികളിലൂടെ പ്രഭാത സവാരിക്കിറങ്ങുന്ന വള്ളിയമ്മയെ കാത്ത് മധുരവുമായി വഴിയോരങ്ങളിലെ വീട്ടുകാരും കടക്കാരും കാത്തിരിക്കും. വള്ളിയമ്മയ്ക്കായി വീട്ടിലെ ഓലമടലും പനമ്പട്ടയും മാറ്റിവയ്ക്കുന്ന പതിവുമുണ്ട്. ഉത്സവത്തിന്റെ എട്ടാം ദിനം വൈകിട്ട് സുബ്രഹ്മണ്യ സ്വാമിയെ തിടമ്പേറ്റുന്നതിനുള്ള അവകാശം വള്ളിക്കാണ്. ദേവസ്വം വഴിപാടായി നടത്തുന്ന ഉത്സവമാണ് അന്ന്. പേര് കേട്ട ഗജവീരൻ വന്നാലും വള്ളിയമ്മയാകും തിടമ്പേറ്റുക. കേരളത്തിലെ പ്രസിദ്ധമായ പല ക്ഷേത്രങ്ങളിലെയും ചടങ്ങുകൾക്കു വള്ളിയമ്മ സ്ഥിരം സാന്നിധ്യമാണ്. ക്ഷേത്രം ദേവസ്വമാണ് പരിപാലനം നിർവഹിക്കുന്നത്. സന്ദീപ്, അനന്തു എന്നീ രണ്ട് പാപ്പാന്മാരാണ് വള്ളിയമ്മയെ വഴിനടത്തുന്നത്.