റോബട് ടീച്ചർ വന്നു; പാഠങ്ങൾ ചൊല്ലിപ്പഠിപ്പിക്കാൻ
Mail This Article
മറ്റക്കര ∙ മറ്റക്കര ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് റൂമിലേക്ക് ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ കണ്ടു ഞെട്ടിയിരിക്കുകയാണ് സ്കൂളിലെ അധ്യാപകർ. സ്കൂളിലെത്തിയ പുതിയ അധ്യാപിക റോബട് ആണെന്നതാണ് കാരണം. ഇംഗ്ലിഷ് ഭാഷ എളുപ്പമാക്കുന്നതിനായാണ് റോബട് ടീച്ചർ സ്കൂളിലെത്തിയത്. റോബട് ടീച്ചറിനെ നിർമിച്ചത് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ നവനീത്, അഞ്ചാം ക്ലാസ് വിദ്യാർഥികളും ഇരട്ട സഹോദരങ്ങളുമായ ആര്യൻ, അർണവ് എന്നിവർ ചേർന്നാണ്.
ഇംഗ്ലിഷ് പഠനത്തിനു പുറമേ മറ്റു വിഷയങ്ങളും രസകരമാക്കാൻ റോബട്ടിക് ടീച്ചറിനു കഴിയുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. മുന്നോട്ടും പിറകോട്ടും ചലിക്കും ,പിന്നെ കഥകളിലൂടെ ക്ലാസുകൾ നയിക്കും. ഫോംബോർഡ്, ലിഥിയം ബാറ്ററി, കാർഡ്ബോർഡ്, ഗിയർ മോട്ടർ എന്നിവ ഉപയോഗിച്ചാണ് നിർമാണം. തലയിൽ വെപ്പുമുടിയും വച്ചിട്ടുണ്ട്. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് റോബട്ടിന്റെ പ്രവർത്തനം. പേര് നൽകിയിട്ടില്ല. പ്രധാനാധ്യാപിക വി.ധന്യ റോബട് ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ സന്ദീപ് എസ്.നായർ, എസ്.ശ്രീജ എന്നിവർ നേതൃത്വം നൽകി.