ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം: കഥകളി രാവുകൾക്ക് സമാപനം

Mail This Article
ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം പ്രധാന ദിവസങ്ങളിലേക്കു അടുത്തതോടെ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം. ശ്രീബലി എഴുന്നള്ളത്തിനും ഉത്സവ ബലി ദർശനത്തിനും പ്രസാദമൂട്ടിനും വലിയ തിരക്കായിരുന്നു.കൊടും ചൂടിനെ പോലും അവഗണിച്ച് എത്തുന്ന ഭക്ത ജനത്തിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുടിവെള്ളം ഒരുക്കിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് തിരുവരങ്ങിൽ 3 ദിവസമായി നടന്നു വന്നിരുന്ന കഥകളി രാവുകൾക്ക് ഇന്നലെ സമാപനമായി.
ഇന്നലെ നടന്ന കർണ ശപഥം, ദക്ഷയാഗം കഥകളോടെയാണ് കഥകളി സമാപിച്ചത്. കർണ ശപഥം കഥയിൽ കലാമണ്ഡലം കൃഷ്ണ കുമാർ കർണനായി അരങ്ങ് നിറഞ്ഞാടി. കലാമണ്ഡലം രവി കുമാർ ദുര്യോധനനായും കലാമണ്ഡലം അനിൽകുമാർ ഭാനുമതിയായും കലാമണ്ഡലം അരുൺകുമാർ ദുശ്ശാസനായും കലാമണ്ഡലം ഷൺമുഖദാസ് കുന്തി ആയും അരങ്ങിലെത്തി.
ദക്ഷയാഗം കഥയിൽ ദക്ഷൻ– കലാമണ്ഡലം ഹരിനാരായണൻ, ഇന്ദ്രൻ– യതീന്ദ്രൻ, ദധിജി– കലാമണ്ഡലം ഹരിശങ്കർ, ശിവൻ– കലാമണ്ഡലം ശബരിനാഥ്, സതി– കലാമണ്ഡലം സൂരജ്, വീര ഭദ്രൻ–കലാമണ്ഡലം ഹരി ആർ.നായർ, ഭദ്രകാളി– ആദിത്യൻ എന്നിവരും അരങ്ങിലുണ്ടായിരുന്നു. വിദേശികളടക്കം ഒട്ടേറെ പേരാണ് കഥകളി കാണാൻ എത്തിയത്.
ഇന്നലെ ശ്രീബലിയോട് അനുബന്ധിച്ച് പെരുവനം സതീശൻ മാരാരും 95ൽപ്പരം കലാകാരന്മാരും അണി നിരന്ന സ്പെഷൽ പഞ്ചാരി മേളവും വൈകിട്ട് കാഴ്ച ശ്രീബലിക്ക് കോങ്ങാട് മധു, ചേർപ്പുളശ്ശേരി ശിവൻ എന്നിവരുടെ നേതൃത്വത്തിൽ 65 പരം കലാകാരന്മാർ ചേർന്നൊരുക്കിയ മേജർ സെറ്റ് സ്പെഷൽ പഞ്ചവാദ്യവും നടന്നു. വൈകുന്നേരം ഏറ്റുമാനൂർ കാക്കാല സമുദായ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന താലപ്പൊലി സമർപ്പണം ഏറ്റുമാനൂരിനെ ഭക്തി സാന്ദ്രമാക്കി.
ക്ഷേത്രത്തിൽ ഇന്ന്
ആറാം ഉത്സവ ദിനമായ ഇന്ന് രാവിലെ 7ന് ശ്രീബലി –സ്പെഷൽ പഞ്ചാരിമേളം– പെരുവനം പ്രകാശൻ മാരാർ ആൻഡ് പാർട്ടി, ( 95 പരം കലാകാരന്മാർ) 11ന് ഓട്ടം തുള്ളൽ – ഗിന്നസ് റെക്കോർഡ് ജേതാവ് കുറിച്ചിത്താനം ജയകുമാർ, 11.30ന് സംഗീത സദസ്സ്, 12ന് വയലിൻ ഫ്യൂഷൻ, 12.30ന് സംഗീത സദസ്സ്, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, 1.30ന് ക്ലാസിക്കൽ ഡാൻസ്,2.30 മുതൽ 4.10 വരെ തിരുവാതിര, 4.30ന് ഭരതനാട്യം , 5ന് കാഴ്ച ശ്രീബലി, വേല, സേവ– സ്പെഷൽ പഞ്ചാരിമേളം ഉദയനാപുരം ഹരി ആൻഡ് പാർട്ടി (55 പരം കലാകാരന്മാർ) 6.30ന് താലപ്പൊലി സമർപ്പണം (എകെസിഎച്ച്എംഎസ്). 9ന് കുച്ചിപ്പുഡി– ലാസ്യ താണ്ഡവ, 9.30ന് സംഗീത സദസ്സ്, 11.30ന് നൃത്ത നൃത്യങ്ങൾ, 12ന് ഭക്തി ഗാനസുധ, രാത്രി ഒന്നിനു നൃത്ത നാടകം ‘വൈഷ്ണവേയം’– അവതരണം തിരുവനന്തപുരം വൈഷ്ണവി.