ADVERTISEMENT

കോട്ടയം ∙ ലക്ഷണമൊത്ത ഗജവീരന്മാർ മുഖാമുഖം. സാന്ധ്യശോഭയിൽ തിരുനക്കര പൂരം. പഞ്ചാരി കൊട്ടിക്കയറി. മേളത്തിന്റെ പ്രധാനചടങ്ങുകൾ പിന്നിട്ടപ്പോഴേക്കും കനത്ത മഴയെത്തി. മേളം ഇടയ്ക്കു നിർത്തി. ഗജവീരന്മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ശക്തിയായ കാറ്റും മഴയും അൽപം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും പ്രൗഢിയോടെയുള്ള തുടക്കം ആനപ്രേമികളിൽ ആവേശം നിറച്ചു. തിരുനക്കര മഹാദേവ ക്ഷേത്രമൈതാനം വൈകിട്ട് 3 മണിക്കൂർ പൂരപ്പറമ്പായി. കിഴക്കേ ഗോപുരനട വഴി ഗജവീരന്മാരുടെ കടന്നു വരവായിരുന്നു ആദ്യഘട്ടം. പിന്നെ മൈതാനത്തിന്റെ മധ്യത്തിൽ ആലിൻച്ചുവട്ടിൽ മേളപ്പെരുക്കം. ക്ഷേത്ര മൈതാനത്തിന്  ഇരുവശവുമായി 11 വീതം ഗജവീരന്മാരാണ് നിരന്നത്.

ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിൽ തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജു
ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിൽ തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജു

21 ആനകളും അണിനിരന്ന ശേഷം തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റി തൃക്കടവൂർ ശിവരാജു കിഴക്കേ ഗോപുരനട വാതിൽ കടന്നെത്തി പടിഞ്ഞാറൻ ചേരുവാരത്തിൽ എഴുന്നള്ളി നിന്നു. കിഴക്കൻ ചേരുവാരത്തിൽ പാമ്പാടി രാജൻ ഭഗവതിയുടെ തിടമ്പേറ്റി.തന്ത്രി താഴമൺമഠം കണ്ഠര് മോഹനര്, മേൽശാന്തി മേൽശാന്തി അണലക്കാട്ട് ഇല്ലം എ.കെ.കേശവൻ നമ്പൂതിരി, മന്ത്രി വി.എൻ.വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പുതുമന മനു നമ്പൂതിരി, പെരുവനം കുട്ടൻ മാരാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീലേഖ തുടങ്ങിയവർ ആൽത്തറയ്ക്കു സമീപം വിളക്ക് തെളിച്ചതോടെ ആഘോഷത്തിനു തുടക്കമായി. 

ഗണപതി കോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ തിടമ്പേറ്റിയ പാമ്പാടി രാജൻ
ഗണപതി കോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ തിടമ്പേറ്റിയ പാമ്പാടി രാജൻ

പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിലായിരുന്നു പഞ്ചാരി മേളം. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ്, വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, ജനറൽ സെക്രട്ടറി അജയ് ടി.നായർ, ജനറൽ കോഓർഡിനേറ്റർ ടി.സി.രാമാനുജം, ഡോ. വിനോദ് വിശ്വനാഥൻ, ജി. സുഭാഷ് എന്നിവർ നേതൃത്വം നൽകി.മേള കലാകാരൻ പെരുവനം കുട്ടൻമാരാർക്കു സർക്കാരിന്റെ ആദരം മന്ത്രി വി.എൻ.വാസവൻ സമർപ്പിച്ചു. 

ചെറുപൂരങ്ങൾ 
നഗരത്തിനു സമീപത്തെ വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ രാവിലെ തിരുനക്കര ക്ഷേത്ര മുറ്റത്ത് എത്തി. ചുറ്റമ്പലത്തു നിന്നു വൈകിട്ട് കിഴക്കേ ഗോപുര നടവാതിൽ കടന്ന് ആദ്യം എത്തിയത് ഗജവീരൻ വേമ്പനാട് വാസുദേവനാണ്. ഇതോടെ പൂരത്തിന്റെ കാഹളം മുഴങ്ങി. ആനയുടെ അഴകളവുകളുടെയും ലക്ഷണങ്ങളുടെയും വിവരണം കൂടി മൈക്കിൽ മുഴങ്ങിയതോടെ ആവേശം ഇരട്ടിയായി.

ഭക്തിയുടെ തിടമ്പേറ്റി
തിരുനക്കര പൂരത്തിന്റെ ഭാഗമായി തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ തിടമ്പേറ്റി ഗോപുരനട കടന്നു മൈതാനത്തെ പടിഞ്ഞാറൻ ചേരുവാരത്തിലേക്ക് എത്തുന്നു. ചിത്രം: വിഷ്ണു സനൽ / മനോരമ
ഭക്തിയുടെ തിടമ്പേറ്റി തിരുനക്കര പൂരത്തിന്റെ ഭാഗമായി തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ തിടമ്പേറ്റി ഗോപുരനട കടന്നു മൈതാനത്തെ പടിഞ്ഞാറൻ ചേരുവാരത്തിലേക്ക് എത്തുന്നു. ചിത്രം: വിഷ്ണു സനൽ / മനോരമ

തിങ്ങിക്കൂ‌‌‌‌ടിയ പുരുഷാരവത്തിന്റെ നടുവിലൂടെ തുമ്പിക്കൈ ഉയർത്തി, കൊമ്പ് കുലുക്കിയായിരുന്നു ഗജവീരൻമാരുടെ വരവ്. പാമ്പാടി രാജൻ കിഴക്കൻ ഗോപുരനട വാതിൽ കടന്നതോ‌‌ടെ ആരാധകരുടെ ആവേശം അണപൊട്ടി. ഒടുവിൽ തിരുനക്കര തേവരുടെ സ്വർണത്തിടമ്പേറ്റി ഗജവീരൻ‌ തൃക്കടവൂർ ശിവരാജു ഗോപുരവാതിൽ കടന്ന് പുറത്തേക്കിറങ്ങിയപ്പോൾ ആവേശം ഉച്ചസ്ഥായിയിലായി.

പൂരവിവരണം
ആനപ്രേമികളുടെ ആവേശം വാനോളമുയർത്തി ഇത്തവണയും ശൈലേഷ് വൈക്കം എത്തി. ക്ഷേത്രത്തിനുള്ളിൽനിന്നു കിഴക്കേ ഗോപുര നടയിലൂടെ എത്തിച്ച ആനകളെക്കുറിച്ചുള്ള വിവരണം വ്യത്യസ്തമായി. 2018 മുതൽ തിരുനക്കര പൂരത്തിനെത്തുന്ന ആനകളുടെ വിവരണം നടത്തുന്നത് ശൈലേഷാണ്. 2005ലെ വൈക്കത്തഷ്ടമി മുതൽ ഉത്സവ വിവരണരംഗത്തുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റാണ്. തിരുനക്കരയിൽ ശൈലേഷിനൊപ്പം അഖിൽ ഷാജുവും ശ്രീകാന്ത് വൈക്കവും സഹായത്തിന് എത്തിയിരുന്നു.

തിരുനക്കര ക്ഷേത്രത്തിൽ ദീപക്കാഴ്ചയും  ദേശവിളക്കും ഇന്ന്
കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഇന്നു  വലിയ വിളക്ക്. വൈകിട്ട് 6നു ദീപാരാധനയും ദീപക്കാഴ്ചയും ദേശ വിളക്കും. വലിയ വിളക്ക് ദേശ വിളക്കായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ എല്ലാ നടകളും ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. കിഴക്കേനടയിൽ ശബരിമല തന്ത്രി താഴമൺ മഠം മഹേഷ് മോഹനര് ദീപം തെളിക്കും.

മറ്റ് നടകളിൽ പടിഞ്ഞാറേന‌ട ഭക്തജന സമിതി, ചൈതന്യ റസിഡൻസ് അസോസിയേഷൻ, നക്കരക്കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ദീപക്കാഴ്ച ഒരുക്കും. പടിഞ്ഞാറേനട ഭക്തജന സമിതിയുടെ ദീപക്കാഴ്ചയിൽ മാളികപ്പുറം മുൻ മേൽശാന്തി പുതുമന മനു നമ്പൂതിരി 6.30നു ദീപം തെളിക്കും.

ക്ഷേത്രത്തിൽ ഇന്ന് ക്ഷേത്ര സന്നിധിയിൽ
രാവിലെ 7.30– 10.00: ശ്രീബലി എഴുന്നള്ളിപ്പ്. നാഗസ്വരം– ഹരിപ്പാട് മുരുകദാസ്, കോട്ടയം അഖിൽ. തകിൽ– ആലപ്പുഴ എസ്.വിജയകുമാർ, ചെറായി മനോജ്. പഞ്ചവാദ്യം– ഉദയനാപുരം ഹരി. പഞ്ചാരി മേളം– രാധേഷ്. 6.00: ദീപക്കാഴ്ച, ദേശവിളക്ക്, കാഴ്ചശ്രീബലി – കിഴക്കെനടയിൽ ദീപം തെളിക്കൽ– തന്ത്രി താഴമൺ മഠം മഹേഷ് മോഹനര്. 10.00: കൊടിക്കീഴിൽ വിളക്ക്– പഞ്ചാരിമേളം– ആനിക്കാട് കൃഷ്ണകുമാർ.

ശിവശക്തി കലാവേദി
9.30, 11.00, 12.30,2.00 :തിരുവാതിരക്കളി. 10.00: സംഗീത സദസ്സ്– സുധാ ഹരിദാസ്, 1.00: വസന്തഗീതങ്ങൾ– എഎംവി ഓർക്കസ്ട്രാ, 2.30: നൃത്താഞ്ജലി – പ്രതിഭ രാജ്, 3.00: ഭക്തിഗാനസുധ– അനന്തലക്ഷ്മി സുബ്രഹ്മണ്യം, 4.00: നാട്യവീരനാട്യം– നാട്യകലാസമിതി, 5.00: നൃത്തപരിപാടി– അരുന്ധതി ദേവി, 8.30: നാട്യലീലാ തരംഗിണി–സിനിമ നടി മിയ. 10.30: സംഗീതസദസ്സ്–ചെങ്ങളം ഹരിദാസ്,

English Summary:

Thirunakkara Pooram, a spectacular elephant festival in Kottayam, Kerala, showcased majestic elephants and the vibrant Panchavadyam. Despite heavy rain, the event captivated elephant lovers with its magnificent display of tradition and culture.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com