വഴിതിരിച്ചത് ആ സാക്ഷിമൊഴി; വെള്ളത്തിലും വിഷം കലർത്തിയത് മരണം ഉറപ്പാക്കാൻ
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്നു ജോളി മൂത്ത മകൻ ഉൾപ്പെടെ ആറു പേരോടു കുറ്റസമ്മതം നടത്തിയതായി കുറ്റപത്രം. മൂത്ത മകൻ റോമോ, ജോളിയുടെ സഹോദരങ്ങൾ, ഭർത്താവ് ഷാജു, സുഹൃത്ത് ജോൺസൺ എന്നിവരോടാണ് കുറ്റസമ്മതം നടത്തിയത്. ഇവരുടെ രഹസ്യമൊഴി മജിസ്ട്രേട്ടിനു മുന്നിൽ
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്നു ജോളി മൂത്ത മകൻ ഉൾപ്പെടെ ആറു പേരോടു കുറ്റസമ്മതം നടത്തിയതായി കുറ്റപത്രം. മൂത്ത മകൻ റോമോ, ജോളിയുടെ സഹോദരങ്ങൾ, ഭർത്താവ് ഷാജു, സുഹൃത്ത് ജോൺസൺ എന്നിവരോടാണ് കുറ്റസമ്മതം നടത്തിയത്. ഇവരുടെ രഹസ്യമൊഴി മജിസ്ട്രേട്ടിനു മുന്നിൽ
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്നു ജോളി മൂത്ത മകൻ ഉൾപ്പെടെ ആറു പേരോടു കുറ്റസമ്മതം നടത്തിയതായി കുറ്റപത്രം. മൂത്ത മകൻ റോമോ, ജോളിയുടെ സഹോദരങ്ങൾ, ഭർത്താവ് ഷാജു, സുഹൃത്ത് ജോൺസൺ എന്നിവരോടാണ് കുറ്റസമ്മതം നടത്തിയത്. ഇവരുടെ രഹസ്യമൊഴി മജിസ്ട്രേട്ടിനു മുന്നിൽ
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്നു ജോളി മൂത്ത മകൻ ഉൾപ്പെടെ ആറു പേരോടു കുറ്റസമ്മതം നടത്തിയതായി കുറ്റപത്രം. മൂത്ത മകൻ റോമോ, ജോളിയുടെ സഹോദരങ്ങൾ, ഭർത്താവ് ഷാജു, സുഹൃത്ത് ജോൺസൺ എന്നിവരോടാണ് കുറ്റസമ്മതം നടത്തിയത്. ഇവരുടെ രഹസ്യമൊഴി മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നിയമസഹായത്തിനായി സമീപിച്ച കോഴിക്കോടുള്ള അഭിഭാഷകനോടും കുറ്റം സമ്മതിച്ചു. അഭിഭാഷകനെ കാണാനായി ജോളിക്കൊപ്പം പോയ റോയിയുടെ ബന്ധുക്കൾ ഇതു കേട്ടിരുന്നു. ഇവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. അഭിഭാഷകനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വൈദികൻ ഉൾപ്പെടെ പത്തോളം പേരുടെ രഹസ്യമൊഴിയാണ് മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയത്. പൊലീസിനോടും കോടതിയോടും അല്ലാതെ പ്രതി നടത്തുന്ന കുറ്റസമ്മതം (എക്സ്ട്രാ ജുഡീഷ്യൽ കൺഫഷൻ) കോടതി തെളിവായി സ്വീകരിക്കാറുണ്ട്.
ഒന്നാം സാക്ഷി രഞ്ജി, മക്കളും സാക്ഷികൾ
കൂടത്തായി റോയ് തോമസ് വധക്കേസിന്റെ സാക്ഷിപ്പട്ടികയിൽ ഒന്നാം പ്രതി ജോളി ജോസഫിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭർത്താവ് ഷാജു സഖറിയാസും. ജോളിയുടെ സുഹൃത്തും ബിഎസ്എൻഎൽ ജീവനക്കാരനുമായി ജോൺസൺ, റവന്യു ഉദ്യോഗസ്ഥ ജയശ്രീ വാരിയർ എന്നിവരും സാക്ഷികളാണ്. റോയ് തോമസിന്റെ സഹോദരങ്ങളും പരാതിക്കാരുമായ രഞ്ജി തോമസും റോജോ തോമസുമാണ് ഒന്നും രണ്ടും സാക്ഷികൾ. റോയി–ജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാൾഡ് എന്നിവരും സാക്ഷിപ്പട്ടികയിലുണ്ട്. 246 സാക്ഷികളാണ് കേസിലുള്ളത്.
സാക്ഷികളിൽ റവന്യു ഉദ്യോഗസ്ഥരും മെഡിക്കൽ ബോർഡും
വ്യാജ ഒസ്യത്ത് തയാറാക്കിയ സംഭവത്തിൽ തഹസിൽദാർ ജയശ്രീ എസ്.വാരിയർ ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥർ സാക്ഷികളാകും.വ്യാജഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകനും സാക്ഷിപ്പട്ടികയിലുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ വിഷം ഉപയോഗിച്ചുള്ള മരണമാണെന്നു സാക്ഷ്യപ്പെടുത്താൻ കോടതിയിലെത്തും.
ജോളിയുടെ എൻഐടി മേൽവിലാസം വ്യാജമാണെന്നു സ്ഥാപിക്കാൻ എൻഐടിയിലെ ഉദ്യോഗസ്ഥരും സാക്ഷിപ്പട്ടികയിലുണ്ട്. മരിച്ച ആറുപേരുടെയും കല്ലറ പൊളിക്കാതിരിക്കാൻ ജോളി നടത്തിയ ശ്രമങ്ങൾ സംബന്ധിച്ച തെളിവുകൾക്കാണ് വൈദികരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 26 സർക്കാർ ഉദ്യോഗസ്ഥരാണ് സാക്ഷിപ്പട്ടികയിലുള്ളത്. സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ 3 മജിസ്ട്രേട്ടുമാരും പട്ടികയിലുണ്ട്.
വഴിതിരിച്ചത് ആ സാക്ഷിമൊഴി
റോയ് തോമസ് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനു മുൻപേ ശുചിമുറിയിൽ കയറി കുഴഞ്ഞു വീണു മരിക്കുകയായിരുന്നുവെന്നായിരുന്നു ജോളി മരണദിവസം എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ ഒരു ബന്ധുവിനോടു മാത്രം റോയി ചോറും കടലക്കറിയും കഴിച്ചിരുന്നതായി പറഞ്ഞു. ഈ വൈരുധ്യമാണു പൊലീസിൽ സംശയം ജനിപ്പിച്ചത്. മരണത്തിനു തൊട്ടുമുൻപ് റോയ് കടലക്കറി കഴിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുണ്ടായിരുന്നു. ഈ ബന്ധുവും സാക്ഷിപ്പട്ടികയിലുണ്ട്.
വെള്ളത്തിലും വിഷം കലർത്തിയത് മരണം ഉറപ്പാക്കാൻ
റോയ് തോമസിനെ കൊലപ്പെടുത്തുന്ന ദിവസം രാത്രി മക്കളെ രണ്ടുപേരെയും നേരത്തേ ഭക്ഷണം നൽകി വീടിന്റെ മുകളിലത്തെ നിലയിലെ റൂമിലേക്ക് വിട്ടതായി ഇവർ മൊഴി നൽകിയിരുന്നു. റോയ് തോമസിനായി തയാറാക്കിയ സയനൈഡ് കലർത്തിയ ഭക്ഷണം മക്കൾ കഴിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു ഇത്. ചോറും കടലക്കറിയുമാണ് റോയിക്കായി തയാറാക്കിയത്. റോയ് വീട്ടിലെത്തിയാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന പതിവുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും മരണം ഉറപ്പാക്കാനായാണു വെള്ളത്തിലും സയനൈഡ് കലർത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
കുറ്റപത്രം സമർപ്പിക്കുന്നതിന്റെ തലേ ദിവസവും തെളിവെത്തി
കോഴിക്കോട്∙ കുറ്റപത്രം തയാറാക്കുന്നതിന്റെ അവസാനഘട്ടത്തിലും പൊലീസിനെത്തേടി തെളിവെത്തി. എൻഐടി അധ്യാപികയാണെന്നു കാണിച്ചു പാൻകാർഡിനായി ജോളി നൽകിയ അപേക്ഷയുടെ പകർപ്പാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനു ലഭിച്ചത്. ജോളി എൻഐടി അധ്യാപികയാണെന്നു പലരോടും പറഞ്ഞിരുന്നുവെന്ന സാക്ഷിമൊഴികൾ ഉണ്ടെങ്കിലും ഇതു തെളിയിക്കുന്ന രേഖകൾ അന്വേഷണസംഘത്തിന്റെ പക്കൽ കുറവായിരുന്നു.
എൻഐടി അധ്യാപികയാണെന്ന പേരിൽ ജോളി തയാറാക്കിയ വ്യാജ തിരിച്ചറിയിൽ കാർഡ് കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. ഇതോടെയാണു ജോളിയുടെ പാൻകാർഡ് വിവരങ്ങൾ അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിനായി ആദായ നികുതി വകുപ്പിന് അപേക്ഷ നൽകി. കഴിഞ്ഞ ദിവസം വൈകിട്ട് റജിസ്റ്റേർഡ് തപാലിൽ മറുപടിയെത്തി– പാൻ കാർഡിനുള്ള അപേക്ഷയിൽ വിലാസത്തിന്റെ സ്ഥാനത്ത് ജോളി നൽകിയത് കോഴിക്കോട് എൻഐടി അധ്യാപിക എന്നായിരുന്നു. ഈ രേഖയും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു.
ജോളിയെ അറസ്റ്റു ചെയ്ത് 88–ാം ദിവസമാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിച്ചത്. ഇവർക്കു പുറമെ കുറ്റപത്രം തയാറാക്കുന്നതിനു വേണ്ടി മാത്രമായി 10 ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചിരുന്നു.
1800 പേജുകൾ, 246 സാക്ഷികൾ, 322 രേഖകൾ
റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോടതിയിൽ സമർപ്പിച്ചത് 1800 പേജുകളുള്ള കുറ്റപത്രം. ജോളിയുടെ മക്കളും ബന്ധുക്കളും ഭർത്താവ് ഷാജുവും ഉൾപ്പെടെ 246 സാക്ഷികളാണ് പട്ടികയിലുള്ളത്. റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസാണ് ഒന്നാം സാക്ഷി. ജോളിയുടെ സുഹൃത്ത് തഹസിൽദാർ ജയശ്രീ എസ്.വാരിയർ ഉൾപ്പെടെ 26 സർക്കാർ ഉദ്യോഗസ്ഥർ സാക്ഷിപ്പട്ടികയിലുണ്ട്.
സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ 3 മജിസ്ട്രേട്ടുമാരും സാക്ഷികളാണ്. സ്വത്ത് തട്ടിയെടുക്കാൻ ജോളി തയാറാക്കിയ വ്യാജ ഒസ്യത്ത്, വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ, റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം എന്നിവയുൾപ്പെടെ 322 രേഖകളും സയനൈഡ് ഉൾപ്പെടെ 22 തൊണ്ടിമുതലുകളും കുറ്റപത്രത്തിനു ബലമേകും. കുറ്റപത്രത്തിന്റെ 4 പകർപ്പുകളും രേഖകളും ഉൾപ്പെടെ 8000 പേജുകളാണ് പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചത്.
മൂന്നു പേരെക്കൂടി വധിക്കാൻ പദ്ധതി
കോഴിക്കോട്∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് മൂന്നു പേരെക്കൂടി വധിക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തലവനായ കോഴിക്കോട് റൂറൽ പൊലീസ് മേധാവി കെ.ജി.സൈമൺ. ഇപ്പോൾ പിടികൂടിയില്ലെങ്കിൽ ജോളി കൂടുതൽ കൊലപാതകങ്ങൾ നടത്തുമായിരുന്നു. ഇതിൽ 3 പേർ ആരാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ജോളി ചില പെൺകുട്ടികളെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷിക്കും. പെൺകുട്ടികളുടെ ബന്ധുക്കൾ തന്നെയാണ് പൊലീസിനു മൊഴി നൽകിയത്.
റോയ് തോമസ് വധക്കേസിൽ ജോളിയുടെ ഭർത്താവ് ഷാജു സഖറിയാസിന് ബന്ധമില്ല. മറ്റു കേസുകളുമായി ബന്ധപ്പെട്ടു ഷാജുവിന്റെ മൊഴിയെടുത്തിട്ടുണ്ട്. അതു പരിശോധിച്ചു വരികയാണ്. തഹസിൽദാർ ജയശ്രീ എസ്.വാരിയർക്കു വ്യാജ ഒസ്യത്ത് തയാറാക്കിയതിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. സൗഹൃദവും കുറ്റകൃത്യത്തിലെ പങ്കാളിത്തവും രണ്ടാണ്. റോയി തോമസിന്റെ അമ്മ അന്നമ്മ തോമസിന്റെ കൊലപാതകം മുതലുള്ള കാര്യങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിയുടെ മനോനില, കുറ്റകൃത്യത്തിനുള്ള കാരണങ്ങൾ എന്നിവ വ്യക്തമാക്കാനാണിത്. താൻ എംകോം പാസായിട്ടുണ്ട് എന്നു ജോളി പറഞ്ഞ ഒരു കള്ളം മറയ്ക്കാൻ തുടങ്ങിയ ശ്രമങ്ങളിൽ നിന്നാണ് കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ തുടക്കം. പൂർണ തൃപ്തിയോടെയും അഭിമാനത്തോടെയുമാണു കുറ്റപത്രം സമർപ്പിക്കുന്നത്. മറ്റ് 5 കേസുകളിലും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കും. ഫൊറൻസിക് പരിശോധനഫലം വൈകുന്നതു കുറ്റപത്രം സമർപ്പിക്കുന്നതിനെ ബാധിക്കില്ല. കുറ്റകൃത്യം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ അന്വേഷണസംഘത്തിന്റെ പക്കലുണ്ടെന്നും കെ.ജി.സൈമൺ പറഞ്ഞു.