സീബ്ര വര മുറിച്ച് കടക്കുന്ന വെരുക് വൈറലായി; പക്ഷേ മേപ്പയൂർ അങ്ങാടിയിൽ എങ്ങനെ എത്തി?
Mail This Article
മേപ്പയൂർ∙ അങ്ങാടിയിലൂടെ നിർഭയം നടന്ന് സീബ്ര വര മുറിച്ച് കടക്കുന്ന പുള്ളി വെരുക് അസാധാരണ കാഴ്ചയായി. പ്രാദേശികമായി മെരു എന്നു വിളിക്കുന്ന ജീവിയുടെ പേര് സ്മോൾ ഇന്ത്യൻ സിവെറ്റ് എന്നാണ്. പൊതുവെ വനങ്ങളിലും വിരളമായി നാട്ടിലും കാണുന്ന ഇവ അങ്ങാടി വിജനമായത് കൊണ്ടാകാം ധൈര്യത്തോടെ ഇറങ്ങിയത്. രാത്രി ഇര തേടി ഇറങ്ങുന്ന വെരുക് പകൽ നിർഭയമായി റോഡിലൂടെ നടക്കുന്ന കാഴ്ച അത്യപൂർവമാണ്. വെരുകിന്റെ യാത്രയുടെ വിഡിയോ വൈറലായി.
മനുഷ്യന്റെ നിഴൽ കണ്ടാൽ ഓടി രക്ഷപ്പെടുന്ന ഈ മൃഗം രോഗബാധയോ കാഴ്ചശക്തി കുറവോ കൊണ്ടാകാം അങ്ങാടിയിലൂടെ പതുക്കെ നടന്നു നീങ്ങിയതതെന്ന് പക്ഷി നിരീക്ഷണ വിദഗ്‌ധൻ ഡോ.അബ്ദുല്ല പാലേരി അഭിപ്രായപ്പെട്ടു. ഈ വെരുക് വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ ഇനമായ മലബാർ വെരുക് ആണെന്ന വാർത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് നാലോടെ ടൗണിലെ അടച്ചിട്ട കടയുടെ പിന്നിലാണ് വെരുകിനെ ആദ്യം കണ്ടത്. വെരുക് റോഡിലെ സീബ്ര വരയിലൂടെ പൊലീസ് നോക്കി നിൽക്കെ പോകുന്ന ദൃശ്യവും അദ്ദേഹം പകർത്തി. തൊട്ടടുത്ത് വനപ്രദേശമോ നാട്ടുവനങ്ങളോ ഇല്ലാത്ത മേപ്പയൂർ അങ്ങാടിയിൽ വെരുക് എങ്ങനെ എത്തി എന്നത് ദുരൂഹമാണ്.