ADVERTISEMENT

കോഴിക്കോട്∙ കോർപറേഷനു കീഴിലെ തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള കച്ചവട മേഖല (വെൻഡിങ് സോൺ) നിർമാണത്തിന് തുറമുഖ വകുപ്പ് അനുമതി നൽകി. കോഴിക്കോട് ബീച്ചിൽ കടലിനോടു ചേർന്നു നടത്താനിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയത്. 

കോർപറേഷൻ സർവേയിലൂടെ കണ്ടെത്തിയ 92 തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ കച്ചവടക്കാരനും 1.39 ലക്ഷം രൂപ ചെലവു വരുന്ന ഉന്തുവണ്ടി,  വണ്ടികൾ സ്ഥാപിക്കാൻ 4.08 കോടി രൂപയ്ക്ക് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കും. ദേശീയ അർബൻ മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തുറമുഖ വകുപ്പിന്റെ അനുമതി ദേശീയ അർബൻ മിഷന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ച സാഹചര്യത്തിൽ ഉടൻ ഫണ്ട് ലഭിക്കുമെന്നാണു കോർപറേഷന്റെ പ്രതീക്ഷ. ഉന്തുവണ്ടി കച്ചവടക്കാർ വായ്പയെടുത്ത് സ്വന്തമായി വാങ്ങണം. അടിസ്ഥാന സൗകര്യങ്ങൾക്കുള്ള തുകയാണ് കേന്ദ്ര ഫണ്ടായി ലഭ്യമാക്കുന്നത്. 

കോർപറേഷൻ പരിധിയിലെ 13 മേഖലകളിലാണ് തെരുവു കച്ചവട മേഖലകളാക്കാൻ ഉദ്ദേശിക്കുന്നത്. കോർപറേഷൻ പരിധിയിലാകെ 2000 തെരുവു കച്ചവടക്കാരുണ്ടെന്നാണു കണക്ക്. ഇതിൽ ആദ്യത്തെ പദ്ധതിയാണ് 92 കച്ചവടക്കാർക്കു വേണ്ടി ബീച്ചിൽ നടപ്പാക്കുന്നത്. കോർപറേഷൻ ഓഫിസ് പ്രദേശം മുതൽ ബീച്ച് ആശുപത്രിയുടെ മുൻവശം വരെയുള്ള ഭാഗമാണ് പ്രത്യേക തെരുവു കച്ചവട മേഖലയാക്കി മാറ്റുന്നത്. നിലവിൽ ബീച്ചിന്റെ കാഴ്ച മറച്ചുള്ള തെരുവു കച്ചവടങ്ങൾ ഒഴിവാക്കി തെരുവു കച്ചവടക്കാരെ മുഴുവൻ ഈ ഒറ്റ കേന്ദ്രത്തിലേക്കു മാറ്റും. 

തെരുവു കച്ചവടം കൂടുതൽ ശാസ്ത്രീയമാകുന്നതിനൊപ്പം ബീച്ചിന്റെ മുഖച്ഛായയും വർധിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്നു കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു. ഉന്തുവണ്ടി, വെൻഡിങ് സോൺ ഡിസൈൻ എന്നിവയുടെ ഡിപിആർ തയാറാക്കാനുള്ള പദ്ധതി ഡി–എർത്ത് എന്ന സ്വകാര്യകമ്പനിക്കു നൽകിയതു നേരത്തെ വിവാദമായിരുന്നു. പദ്ധതിയിൽ ഡിസൈൻ സമർപ്പിച്ച കുന്നമംഗലത്തെ കമ്പനിയെ ചർച്ച പോലും നടത്താതെ ഒഴിവാക്കിയാണ് ഡി–എർത്തിനു കരാർ നൽകിയത് എന്നായിരുന്നു ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com