എന്റെ കേരളം മേളയ്ക്ക് കോഴിക്കോട് ബീച്ചിൽ തുടക്കം

Mail This Article
കോഴിക്കോട് ∙ വർണാഭമായ ഘോഷയാത്രയോടെയും പുലിക്കളിയാലും ആവേശം നിറച്ച് ‘എന്റെ കേരളം പ്രദർശന വിപണന മേള’ യ്ക്ക് ബീച്ചിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് മേള സംഘടിപ്പിച്ചത്. ഘോഷയാത്രയ്ക്ക് പൊലിമ കൂട്ടാനാണ് ചെണ്ട മേളത്തോടൊപ്പം നഗരത്തിൽ ‘പുലികൾ’ ഇറങ്ങിയത്.
പഞ്ചവാദ്യം, കാവടിയാട്ടം, നിശ്ചല ദൃശ്യം, തെയ്യം, കോൽക്കളി, വട്ടപ്പാട്ട്, പൂരക്കളി തുടങ്ങി വിവിധ കലാരൂപങ്ങളും കലാപ്രകടനങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. മാനാഞ്ചിറ ബിഇഎം സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയുടെ മുൻ നിരയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ ആംഗ്ലോ ഇന്ത്യൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ബാൻഡ് സംഘം അണിനിരന്നു. മുത്തുക്കുടകളും പ്ലക്കാർഡുകളും ബലൂണുകളുമായി സ്ത്രീകളും കുട്ടികളുമടങ്ങിയ വൻ ജനാവലിയും അണിനിരന്നു.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ ലോഞ്ച് ചെയ്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു. വൻ പ്രതിസന്ധികളുടെ കാലഘട്ടത്തിലും എല്ലാ മേഖലകളിലും മികച്ച ഭരണം കാഴ്ചവയ്ക്കാനായ സർക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, മേയർ ബീന ഫിലിപ്, ബിനോയ് വിശ്വം എംപി, എംഎൽഎമാരായ ടി.പി.രാമകൃഷ്ണൻ, കെ.എം.സച്ചിൻദേവ്, കെ.പി.കുഞ്ഞഹമ്മദ്കുട്ടി, കലക്ടർ എ.ഗീത, സബ് കലക്ടർ വി.ചെൽസാസിനി, ജില്ലാ വികസന കമ്മിഷണർ എം.എസ്.മാധവിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 69 വകുപ്പുകളുടെതായി 190 സ്റ്റാളുകളാണ് ബീച്ചിൽ ഒരുക്കിയിരിക്കുന്നത്. താലൂക്കുകൾ സംഘടിപ്പിച്ച ചെണ്ടമേളവും തൈക്കുടം ബ്രിജിന്റെ സംഗീത പരിപാടിയും മേളയ്ക്കു കൊഴുപ്പേകി. മേളയിൽ ഇന്ന് സംരംഭകത്വവും വിനോദ സഞ്ചാരവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഗൗരി ലക്ഷ്മി മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും അരങ്ങേറും.