ADVERTISEMENT

കൊടുവള്ളി∙ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയെത്തുടർന്ന് കൊടുവള്ളി, കിഴക്കോത്ത്, ഓമശ്ശേരി മേഖലകളിലും കെടുതികൾ തുടരുന്നു.  പുനൂർ പുഴയുടെയും ചെറുപുഴയുടെയും ഇരുകരകളിലുമുള്ള മുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. തലപ്പെരുമണ്ണയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ദുരിതാശ്വാസ ക്യാംപിൽ 34 കുടുംബങ്ങളാണുള്ളത്. ഇവർ വീടുകളിലെത്തി സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ശുചീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. 

പുഴകളിലെ ജലനിരപ്പ് കുറഞ്ഞാൽ ക്യാംപിലുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 300 വീടുകളിലെ ആയിരത്തോളം പേരാണ് ക്യാംപിലും ബന്ധു വീടുകളിലുമായി കഴിയുന്നതെന്ന് നഗരസഭാധ്യക്ഷൻ അബ്ദു വെള്ളറ അറിയിച്ചു. കൊടുവള്ളി നഗരസഭയിൽ എരഞ്ഞിക്കോത്ത് ഭാഗത്ത് 19, 21 ഡിവിഷനുകളിലായി 55 വീടുകൾ, കരുവൻപൊയിൽ 17, 18 ഡിവിഷനുകളിൽ 45 വീടുകൾ, ഡിവിഷൻ 11 കരീറ്റിപ്പറമ്പിൽ 15 വീടുകൾ, മാനിപുരത്ത് 15 വീട്, കളരാന്തിരി 6, 7 ഡിവിഷനുകളിൽ 10 വീടുകൾ, പൊയിലങ്ങാടി, പോർങ്ങോട്ടൂർ, ഡിവിഷൻ 4, 5 എന്നിവിടങ്ങളിൽ 15 വീടുകൾ, എരഞ്ഞോണ ഡിവിഷൻ 36ൽ 20 വീടുകൾ, വാവാട് സെന്റർ ഡിവിഷൻ 34ൽ 8 വീടുകൾ, നെല്ലാങ്കണ്ടി ഡിവിഷൻ 33ൽ 10 വീടുകൾ, പാലക്കുറ്റി ഡിവിഷൻ 30ൽ 5 വീടുകൾ, മോഡേൺ ബസാർ ഡിവിഷൻ 25ൽ 5 വീടുകൾ സൗത്ത് കൊടുവള്ളി ഡിവിഷൻ 24ൽ 8 വീടുകൾ, മദ്രസ ബസാർ ഡിവിഷൻ 23 ൽ 15 വീടുകൾ, വെണ്ണക്കാട് ഡിവിഷൻ 22ൽ 30 വീടുകൾ എന്നിങ്ങനെ വീടുകളിൽ വെള്ളം കയറിയതായി അധികൃതർ അറിയിച്ചു. 

ഇരുപുഴകളിലും ജലനിരപ്പ് കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ വീടുകൾക്ക് ആവശ്യമായ ക്ലോറിനേഷൻ, വീട് ശുചീകരണ സാമഗ്രികൾ അടക്കമുള്ള കിറ്റുകൾ നഗരസഭ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. കിഴക്കോത്ത് പഞ്ചായത്തിൽ നിലവിൽ ഉരുളിക്കുന്ന് മദ്രസയി‍ൽ മാത്രമാണ് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നത്. പുതിയോട്ടു പുറായിലെ ക്യാംപിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി. കിഴക്കോത്ത് പഞ്ചായത്തിലെ പാലോറ മലയിലെ നിവാസികൾ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പരാതി അറിയിച്ചതോടെ പഞ്ചായത്ത് അധികൃതർ പ്രദേശത്ത് യോഗം വിളിച്ചു.

നിലവിൽ ആശങ്കപ്പെടാനില്ലാത്ത സാഹചര്യമാണെങ്കിലും, സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ ഇവിടെയുള്ള കുടുംബങ്ങളെ പന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച ക്യാംപിലേക്ക് മാറ്റാൻ നടപടിയുണ്ടാകുമെന്നും കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സാജിദത്ത് അറിയിച്ചു.

പൂനൂർ ∙ മഴ കുറഞ്ഞെങ്കിലും പൂനൂർ പുഴ കൃഷിയിടങ്ങളിലൂടെ ക വിഞ്ഞ് ഒഴുകുന്നു. നേരത്തെ വെ ള്ളക്കെട്ടിൽ ആയിരുന്ന റോഡുകളിൽ ഗതാഗത പുനരാരംഭിച്ചു.
മുക്കം∙ പുഴകളിൽ നിന്നും വീടുകളിൽ നിന്നും കടകളിൽ നിന്നും വെള്ളമിറങ്ങിയെങ്കിലും ദുരിതം മാറുന്നില്ല. കനത്ത മഴയിൽ ചാലിയാർ, ഇരുവഞ്ഞി, ചെറുപുഴകൾ കരകവിഞ്ഞൊഴുകി വീടുകളും കടകളും വെള്ളത്തിലായതിനെ തുടർന്ന് അടിഞ്ഞു കൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുക പലർക്കും പ്രയാസമായി തുടരുന്നു.

കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി, മുക്കം നഗരസഭയിലെ പുൽപറമ്പ് ഭാഗങ്ങളിലെ ഒട്ടേറെ കടകളിൽ വെള്ളം കയറി. കടകളിലെ ചെളി നീക്കം ചെയ്ത് മിക്കവരും കച്ചവടം പുനരാരംഭിച്ചിട്ടുണ്ട്. വീടുകൾക്ക് പുറമേ കിണറുകളും വെള്ളത്തിൽ മുങ്ങി. വിവിധ സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സഹായത്തിനുണ്ട്. വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിൽ അഗ്നിരക്ഷാ സേനയും രംഗത്തെത്തിയിരുന്നു. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ. മുക്കം –കോഴിക്കോട് റോഡിൽ മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപം റോഡിൽ വീണ മരം അഗ്നിരക്ഷാ സേന മുറിച്ചു മാറ്റി.

മുക്കം നഗരസഭയിലെ കച്ചേരി പൊറോലത്ത് കടവിലെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞപ്പോൾ.
മുക്കം നഗരസഭയിലെ കച്ചേരി പൊറോലത്ത് കടവിലെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞപ്പോൾ.

നഗരസഭയിലെ കച്ചേരി പൊറോലത്ത് കടവിൽ സംരക്ഷണ ഭിത്തി തകർന്നത് അപകടഭീഷണിയാണ്. റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയാണ് തകർന്നത്. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നഗരസഭാധ്യക്ഷൻ പി.ടി.ബാബു, കൗൺസിലർ കെ.ബിന്ദു, കെ.ബാബുരാജ് എന്നിവർ സ്ഥലം സന്ദർശിച്ചു. വെള്ളത്തിലായ റോഡുകളിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

ഓമശ്ശേരി∙ മഴ ശക്തമായി തുടരുന്ന സാഹര്യത്തി‍ൽ ഓമശ്ശേരി അരീക്കൽ പ്രദേശത്തുനിന്നു മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിൽ ഭീഷണിയും. 2 കുടുംബത്തെ മാറ്റി പാർപ്പിച്ചു. ഇവിടെയുള്ള കണ്ണങ്കോട് മല, പടവെട്ടി മല എന്നിവയോട് ചേർന്ന് 2 ചെങ്കൽ ക്വാറികളുള്ളതാണ് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നത്. അരീക്കൽ മലയിൽ പ്രമോദിന്റെ വീടിന്റെ പിൻവശത്ത് മണ്ണിടിഞ്ഞ് ചെളിവെള്ളം ഒലിച്ചിറങ്ങിയതിനെ തുടർന്നാണ് സന്നദ്ധ പ്രവർത്തകരെത്തി കുടുംബാംഗങ്ങളെ ബ ന്ധുവീട്ടിലേക്ക് മാറ്റിയത്. സമീപത്തെ ടോമിയുടെ വീടിനും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്. 

ഇവരുടെ പ്രായമായ മാതാവ് കിടപ്പിലാണ്. ആംബുലൻസ് എത്തിച്ചാണ് ഇവരെ താഴെയുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റിയത്.  ചെങ്കൽ ക്വാറികൾക്കെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു.

തൂക്കു പാലം തകർന്നു
കൊടുവള്ളി∙ മേലെ പാലക്കുറ്റിയിൽ പുനൂർ പുഴയ്ക്ക് കുറുകെയുള്ള വടക്കേടത്ത് തൂക്കു പാലം പുഴയിലെ ശക്തമായ കുത്തൊഴുക്കിൽ ഭാഗികമായി തകർന്നു. തിങ്കളാഴ്ച ഉണ്ടായ ശക്തമായ മഴയെ തുടർന്ന് പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതിനിടെയാണ് പാലത്തിന്റെ ഒരു ഭാഗം തകർന്നത്. പാലത്തിന്റെ നടപ്പാതയ്ക്ക് പൊട്ടലുണ്ട്. ഒരു വശത്തെ കൈവരിയും തകർന്നിട്ടുണ്ട്. അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പാലം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ചെളി നിറഞ്ഞ വഴിയിലൂടെ ഏറെ ദൂരം താണ്ടി ഒരലാക്കോട് തൂക്കു പാലം വഴിയാണ് പ്രദേശവാസികൾ പുഴ കടക്കുന്നത്.

കൊടുവള്ളി മേലേ പാലക്കുറ്റി വടക്കേടത്ത് തൂക്കു പാലം ഭാഗികമായി തകർന്ന നിലയിൽ
കൊടുവള്ളി മേലേ പാലക്കുറ്റി വടക്കേടത്ത് തൂക്കു പാലം ഭാഗികമായി തകർന്ന നിലയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com