കൈവരിയില്ലാത്ത പാലത്തിൽ നിന്നു കെഎസ്ആർടിസി ബസ് പുഴയിൽ വീണ് 2 മരണം
Mail This Article
തിരുവമ്പാടി ∙ പുല്ലൂരാംപാറയ്ക്കു സമീപം കെഎസ്ആർടിസി ബസ് കൈവരിയില്ലാത്ത പാലത്തിൽ നിന്നു നിയന്ത്രണം വിട്ടു പുഴയിലേക്കു വീണു 2 പേർ മരിച്ചു. മുപ്പതിലേറെ പേർക്കു പരുക്കേറ്റു. തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിലെ ബസ് മുത്തപ്പൻപുഴയിൽ നിന്നു മുക്കത്തേക്കു പോകുന്നതിനിടെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണു മറിഞ്ഞത്. ആനക്കാംപൊയിൽ പടിഞ്ഞാറെക്കര തോയലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (75), കോടഞ്ചേരി കണ്ടപ്പൻചാൽ വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61) എന്നിവരാണു മരിച്ചത്. ബസ് ഡ്രൈവർ എൻ.ഷിബു മാമ്പറ്റ (49), കണ്ടക്ടർ ടി.കെ.രജീഷ് കാഞ്ഞിരമുഴി (42) എന്നിവർക്കു സാരമായ പരുക്കുണ്ട്.
45 യാത്രക്കാരാണു ബസിൽ ഉണ്ടായിരുന്നത്. കാളിയാമ്പുഴ പാലത്തിലേക്ക് ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ടു പാലത്തിന്റെ വലതുവശത്തു കൂടി മറിഞ്ഞ് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ മുൻ ഭാഗം വെള്ളത്തിൽ താഴ്ന്നു. സമീപത്തു റോഡ് പണിയിലായിരുന്ന തൊഴിലാളികളാണു ശബ്ദം കേട്ട് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. തുടർന്നു നാട്ടുകാരും മുക്കത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയും തിരുവമ്പാടി പൊലീസും ചേർന്നു ബസിന്റെ ഉള്ളിൽ നിന്ന് ആളുകളെ പുറത്തെടുത്തു. റോഡ് നിർമാണത്തിനുണ്ടായിരുന്ന ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് ആളുകളെ പുറത്തെത്തിച്ചത്. പാലത്തിനു കൈവരി ഇല്ലാത്തതും അപകടത്തിനു കാരണമായി.