വയനാട്ടിലേക്കു ചുരമില്ലാപ്പാതയ്ക്കായി മുറവിളി; നിലവിലുള്ള ബദൽ റോഡ് അവഗണനയുടെ പടുകുഴിയിൽ
കുറ്റ്യാടി∙ വയനാട്ടിലേക്കു ചുരമില്ലാപ്പാതയ്ക്കായി പല ഭാഗത്തും മുറവിളി ഉയരുമ്പോൾ, നിലവിലുള്ള ബദൽ റോഡ് അവഗണനയുടെ പടുകുഴിയിൽ. വയനാട്ടിലെത്താൻ വലിയ കയറ്റമോ ചുരമോ ഇല്ലാത്ത പൂതംപാറ–ചൂരണി–പക്രംതളം ബദൽ റോഡാണ് അധികൃതർ ഉപേക്ഷിച്ച നിലയിലായത്. നേരത്തേ ബസുകളും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തിയിരുന്ന റോഡിൽ
കുറ്റ്യാടി∙ വയനാട്ടിലേക്കു ചുരമില്ലാപ്പാതയ്ക്കായി പല ഭാഗത്തും മുറവിളി ഉയരുമ്പോൾ, നിലവിലുള്ള ബദൽ റോഡ് അവഗണനയുടെ പടുകുഴിയിൽ. വയനാട്ടിലെത്താൻ വലിയ കയറ്റമോ ചുരമോ ഇല്ലാത്ത പൂതംപാറ–ചൂരണി–പക്രംതളം ബദൽ റോഡാണ് അധികൃതർ ഉപേക്ഷിച്ച നിലയിലായത്. നേരത്തേ ബസുകളും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തിയിരുന്ന റോഡിൽ
കുറ്റ്യാടി∙ വയനാട്ടിലേക്കു ചുരമില്ലാപ്പാതയ്ക്കായി പല ഭാഗത്തും മുറവിളി ഉയരുമ്പോൾ, നിലവിലുള്ള ബദൽ റോഡ് അവഗണനയുടെ പടുകുഴിയിൽ. വയനാട്ടിലെത്താൻ വലിയ കയറ്റമോ ചുരമോ ഇല്ലാത്ത പൂതംപാറ–ചൂരണി–പക്രംതളം ബദൽ റോഡാണ് അധികൃതർ ഉപേക്ഷിച്ച നിലയിലായത്. നേരത്തേ ബസുകളും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തിയിരുന്ന റോഡിൽ
കുറ്റ്യാടി∙ വയനാട്ടിലേക്കു ചുരമില്ലാപ്പാതയ്ക്കായി പല ഭാഗത്തും മുറവിളി ഉയരുമ്പോൾ, നിലവിലുള്ള ബദൽ റോഡ് അവഗണനയുടെ പടുകുഴിയിൽ. വയനാട്ടിലെത്താൻ വലിയ കയറ്റമോ ചുരമോ ഇല്ലാത്ത പൂതംപാറ–ചൂരണി–പക്രംതളം ബദൽ റോഡാണ് അധികൃതർ ഉപേക്ഷിച്ച നിലയിലായത്. നേരത്തേ ബസുകളും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തിയിരുന്ന റോഡിൽ ഇപ്പോൾ വല്ലപ്പോഴും എന്തെങ്കിലുമൊരു വണ്ടി വന്നാലായി. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ സർവീസ് നിർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതോടെ വാഹനഗതാഗതം പൂർണമായും നിലച്ചിരുന്നു. നാട്ടുകാരുടെ ശ്രമഫലമായി വലിയ കുഴികൾ നികത്തിയ ശേഷമാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. റോഡ് നിറയെ കുണ്ടും കുഴിയുമായിത്തീർന്നതോടെ കാൽനടയാത്ര പോലും പറ്റാതായി. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കസേരയിൽ ഇരുത്തി കൊണ്ടുപോകേണ്ട അവസ്ഥയാണ്.
പൂതംപാറ മുതൽ പക്രംതളം വരെ 6.5കിലോമീറ്റർ ദൂരമാണുള്ളത്. പലപ്പോഴായി പൂതംപാറ മുതൽ ചുരണി വരെ 3.5കിലോമീറ്റർ റീടാർ ചെയ്തിട്ടുണ്ട്. ചൂരണി മുതൽ പക്രംതളം വരെയുള്ള 3 കിലോമീറ്റർ മുഴുവനും തകർന്നു കിടക്കുകയാണ്. റോഡിൽ ടാർ ചെയ്തതിന്റെ അവശിഷ്ടങ്ങൾ പോലും പലസ്ഥലത്തും കാണാനില്ല. നേരത്തേ പ്രദേശത്തെ ക്വാറികളിൽ നിന്ന് ഭാരം കയറ്റിയ വാഹനങ്ങൾ നിരന്തരം പോയതും അറ്റകുറ്റപ്പണികൾ നടത്താത്തതും ആണ് റോഡ് തകരാർ കാരണമെന്ന് നാട്ടുകാർ പറയുന്നു.
25 വർഷം മുൻപ് പൊതുമരാമത്ത് ഏറ്റെടുത്ത് ടാറിങ് ചെയ്ത റോഡിൽ പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടന്നില്ല. ഇപ്പോൾ റോഡിന്റെ വശങ്ങൾ കാട് മൂടി, എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്ത സ്ഥിതിയായി. 8 മീറ്ററിൽ അധികം വീതിയുള്ള റോഡിൽ പകുതിയോളം കാടു മൂടിയ നിലയിലാണ്.
മലയിറങ്ങി നാട്ടുകാർ; കാടിറങ്ങി മൃഗങ്ങൾ
ചൂരണി പക്രംതളം പ്രദേശത്തേക്കുള്ള റോഡ് തകർന്ന് വാഹന സർവീസ് നിലച്ചതോടെ പ്രദേശവാസികൾ തുച്ഛമായ വിലയ്ക്കു സ്ഥലം വിൽപന നടത്തി കുന്നിറങ്ങി. നേരത്തേ 100ൽ പരം വീടുകൾ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോഴുള്ളത് വിരലിലെണ്ണാവുന്ന വീടുകൾ മാത്രം. ആൾത്താമസം കുറഞ്ഞതോടെ കൃഷിസ്ഥലം കാടുമൂടി വനഭൂമിക്ക് സമമായി. ഇപ്പോൾ ആന, പന്നി, മുള്ളൻപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായി. പകൽസമയത്തു പോലും കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. റോഡ് സൗകര്യം ഇല്ലാത്തതിനാൽ, കൃഷിസ്ഥലങ്ങളിൽ എത്തുന്ന ആനക്കൂട്ടത്തെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്താനും കഴിയില്ല.
കേബിൾ കുഴികളും ഭീഷണി
സ്വകാര്യ മൊബൈൽ കമ്പനി കേബിൾ ഇടുന്നതിന് കുഴി വെട്ടിയത് ഈ റോഡിലൂടെയാണ്. കുഴി മൂടി കോൺക്രീറ്റ് ചെയ്യാത്തതിനാൽ മണ്ണ് ഒഴുകി റോഡ് അരികുകളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.റോഡ് വീതി കൂട്ടി ടാറിങ് നടത്തുകയും നല്ലതണ്ണീർ തോട്, മൂക്ക്മുറിയൻ തോട്, ചൂരണി പുഴയുടെ കൈവരികളായ 2 തോടുകളിലുമായി 4 കലുങ്കുകൾ പണിയുകയും ചെയ്താൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കാം. വയനാട് ഭാഗത്തു നിന്നു തൊട്ടിൽപാലത്ത് എത്താൻ ദുരക്കുറവ് കാരണം നേരത്തേ സ്വകാര്യവാഹനങ്ങൾ മുഴുവനും സർവീസ് നടത്തിയിരുന്നത് ഇത് വഴിയായിരുന്നു.
നിർദിഷ്ട മലയോര ഹൈവേയിൽ ഉൾപ്പെടുത്തി കുറ്റ്യാടി പക്രംതളം ചുരം റോഡ് നവീകരിക്കുന്നതിന് ടെൻഡർ നടപടിയായിട്ടുണ്ട്. ഈ റോഡ് പണി ആരംഭിക്കുന്ന സമയത്ത് സ്വകാര്യ വാഹനങ്ങൾ ചൂരണി ബദൽ റോഡ് വഴി തിരിച്ചു വിട്ടാൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകും. മാത്രമല്ല കർഷകർക്ക് സ്ഥലത്ത് പോയി കൃഷി ചെയ്യാനും കാർഷിക വിളകൾ വിപണിയിൽ എത്തിക്കാനും കഴിയും.
സമരം ചെയ്തിട്ടും ഫലമില്ല
പൂതംപാറ–ചൂരണി–പക്രംതളം ബദൽ റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കുറ്റ്യാടി പൊതുമരാമത്ത് ഓഫിസ് മാർച്ചും റോഡ് തടയലും ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തിയിരുന്നു. സമരം നടത്തുമ്പോൾ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തും. പക്ഷേ, ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് പറയുക മാത്രമാണ് ചെയ്യാറുള്ളതെന്നും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ നാട്ടുകാർ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. റോഡ് തകർന്നതിനു പുറമേ, ചൂരണി ഭാഗത്തുള്ള കയറ്റവും വാഹന ഗതാഗതത്തിന് തടസ്സമായിട്ടുണ്ട്. 600 മീറ്റർ ഭാഗത്തെ കയറ്റം കുറയ്ക്കാൻ നടപടിയെടുത്താൽ വാഹനങ്ങൾക്ക് സുഗമമായി സർവീസ് നടത്താനാകും.