കോർപറേഷൻ കൗൺസിൽ പറയുന്നു: നഗരം സാമൂഹിക വിരുദ്ധരുടെ താവളം
Mail This Article
കോഴിക്കോട് ∙ നഗരം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നതായി കോർപറേഷൻ കൗൺസിൽ യോഗം. പി.കെ.നാസറാണ് ഇതു സംബന്ധിച്ചു ശ്രദ്ധ ക്ഷണിച്ചത്.നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. പലയിടത്തും വെളിച്ചമില്ലാത്തതു അത്തരക്കാർക്ക് സഹായമാകുന്നതായി മേയർ ബീന ഫിലിപ് പറഞ്ഞു.സരോവരം പാർക്ക് ഭാഗത്തു നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ, ലഹരി മരുന്നു മാഫിയ നഗരത്തിൽ നടത്തുന്ന അഴിഞ്ഞാട്ടം തുടങ്ങിയവ അംഗങ്ങൾ ചൂണ്ടിക്കാട്ടി. എം.എൻ.പ്രവീൺ, എൻ.സി.മോയിൻ കുട്ടി, കെ.റംലത്ത്, പി.എൻ.അജിത തുടങ്ങിയ അംഗങ്ങൾ വിവിധ സ്ഥലങ്ങളിലെ സാമൂഹിക വിരുദ്ധ ശല്യം വിശദീകരിച്ചു. വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ ലൈറ്റ് സ്ഥാപിക്കാൻ നടപടി എടുക്കാമെന്നു മേയർ പറഞ്ഞു.
യോഗത്തിലെ മറ്റു ചർച്ചകൾ
∙ നഗരത്തിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നവരുമായി ചർച്ച നടത്തുമെന്നും തോന്നിയപോലെ ഭക്ഷണ വിതരണം അനുവദിക്കില്ലെന്നും അർഹരായവരെ ഒരിടത്ത് ഇരുത്തി ഭക്ഷണം നൽകുന്ന രീതി അവലംബിക്കാൻ അവരോടു പറയുമെന്നും മേയർ അറിയിച്ചു.
∙ റോഡിലെ അനധികൃത കച്ചവടം സംബന്ധിച്ചു ടി.മുരളീധരൻ ശ്രദ്ധ ക്ഷണിച്ചു. നഗരത്തിൽ പല ഭാഗത്തും റോഡും നടപ്പാതയും കയ്യേറി കച്ചവടം നടത്തുന്നുണ്ട്. ഒരു പെട്ടിക്കട റോഡരികത്തു കൊണ്ടിടും. പിന്നീട് ആവശ്യക്കാരെ കണ്ടെത്തി ആ കട നടത്താനുള്ള അവസരം അവർക്കു നൽകി 2 ലക്ഷം രൂപ വാങ്ങുകയാണെന്നു മുരളീധരൻ വിശദീകരിച്ചു.
∙ ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പും കൗൺസിൽ യോഗത്തിൽ വിഷയമായി. കഴിഞ്ഞ 16 നു ടി.കെ.ചന്ദ്രൻ എസ്.കെ.സാംസ്കാരിക നിലയം ഹാൾ ബുക്ക് ചെയ്തെങ്കിലും തിരഞ്ഞെടുപ്പു ദിവസമായതിനാൽ ക്രമസമാധാന പ്രശ്നം പറഞ്ഞു റദ്ദാക്കിയ നടപടി ശരിയായില്ലെന്നു കെ.സി.ശോഭിത ശ്രദ്ധ ക്ഷണിച്ചു. ബാങ്ക് തിരഞ്ഞെടുപ്പുമായി അക്രമം നടത്തിയവർക്കു ഹാളിൽ ഇരിക്കാനും ഉറങ്ങാനും സൗകര്യം ഒരുക്കി എന്ന ശോഭിതയുടെ പരാമർശം ബഹളത്തിനിടയാക്കി. എൽഡിഎഫ് അംഗങ്ങൾ ശോഭിതയുടെ പരാമർശത്തിൽ പ്രതിഷേധിച്ചപ്പോൾ എതിർക്കാൻ യുഡിഎഫ് അംഗങ്ങളും രംഗത്തെത്തി. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഹാൾ ബുക്കിങ് ഒഴിവാക്കാൻ പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടതായി ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു.
∙ എലത്തൂർ ജെട്ടി പാർക്കിന്റെ ശോച്യാവസ്ഥ ഒ.പി.ഷിജിന, എസ്.കെ.അബൂബക്കർ എന്നിവർ ശ്രദ്ധ ക്ഷണിച്ചു. വി.പി.മനോജിന്റെ വാർഡിലാണു പാർക്ക്.
∙നഗരത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നതു സംബന്ധിച്ചു ടി.റെനീഷ് ശ്രദ്ധ ക്ഷണിച്ചു. ആരോഗ്യ വിഭാഗം കൃത്യമായ പരിശോധന നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് പുനർനിർണയം സംബന്ധിച്ചു കെ.മൊയ്തീൻ കോയ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയെങ്കിലും അനുമതി നിഷേധിച്ചു. തുടർന്നു യുഡിഎഫ് അംഗങ്ങൾ ബഹളം വയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.