വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ചു; ബിഹാർ സ്വദേശി പിടിയിൽ
Mail This Article
പന്തീരാങ്കാവ് ∙ പെരുമണ്ണ ചാമാടത്ത് റോഡിൽവച്ച് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിൻതുടർന്ന് കടന്നു പിടിച്ച ബിഹാർ സ്വദേശി പൊലീസിന്റെ പിടിയിലായി. ബീഹാർ കഹാരിയ ജില്ല രവമണിയ സ്വദേശി സജ്ഞയ് പാസ്വാൻ (30) ആണ് 24 മണിക്കൂറിനുള്ളിൽ അറസ്റ്റിലായത്. കോഴിക്കട് നഗരപരിധിയിൽ നിന്നും ദൂരെയുള്ള കോളജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് രാത്രി 8 മണിയോടെ ബസ്സിറങ്ങി വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്.
വെളിച്ചം കുറവുള്ളതും ആൾ പെരുമാറ്റം ഇല്ലാത്തതുമായ ഭാഗത്ത് എത്തിയ സമയം പുറകിലൂടെ ചെന്ന് കവിളിൽ അമർത്തുകയും വായ പൊത്തിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പേടിച്ച് ഭയന്ന് ഓടിയ പെൺകുട്ടിക്ക് റോഡിൽ വീണ് പരുക്ക് പറ്റിയിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപ വാസികൾ എത്തിയ സമയത്ത് പ്രതി സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. സംഭവം അറിഞ്ഞ് നൂറോളം ആളുകൾ രാത്രി വൈകിയും ഭീതി മാറാതെ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.
സ്ഥലത്ത് എത്തിയ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. എം സിദ്ദീഖ്, പന്തീരാങ്കാവ് ഇൻസ്‌പെക്ടർ എസ് ബിജുകുമാർ എന്നിവരും സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും അന്വേഷണം ഊർജിതമാക്കുകയും സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. പെരുമണ്ണയിലും പരിസര പ്രദേശങ്ങളിലെയും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളും പുലർച്ചെ വരെ നിരന്തരമായി നിരീക്ഷണം നടത്തിയുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാൻ സാധിച്ചത്. ആറ് വർഷമായി പ്രതി ബിഹാറിൽ നിന്നും പെരുമണ്ണയിലെത്തി വിവിധ ജോലികൾ ചെയ്ത് വാടക മുറിയിൽ താമസിച്ചു വരികയായിരുന്നു.