വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവം: രണ്ടാമത്തെ കാറിന്റെ ഡ്രൈവറും അറസ്റ്റിൽ
Mail This Article
കോഴിക്കോട്∙ ബീച്ച് റോഡിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് കാർ ഇടിച്ചു മരിച്ച സംഭവത്തിൽ കൂട്ടുപ്രതിയായ തലക്കുളത്തൂർ സ്വദേശി എടശ്ശേരി വീട്ടിൽ മുഹമ്മദ് റഹീസി(32)നെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കൂടുതൽ വിവരങ്ങൾ തേടി റഹീസിനെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അപകടത്തിനു കാരണമായ കടുംനീല ആഡംബര കാറിനൊപ്പം സഞ്ചരിച്ച കറുത്ത ആഡംബര കാർ ഓടിച്ചത് ഇയാളാണെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അപകടത്തിൽ മരിച്ച വിഡിയോഗ്രഫർ ആൽവി(20)നെ ഇടിച്ച കടുംനീല ആഡംബര കാർ ഹൈദരാബാദിലെ ഡ്രൈവൺ ബൈ യു മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ പേരിലാണെന്നു കണ്ടെത്തിയിരുന്നു. സ്ഥാപന നടത്തിപ്പുകാരൻ അശ്വിൻ ജെയിനിനു ഹാജരാകാൻ വെള്ളയിൽ പൊലീസ് നോട്ടിസ് നൽകി. 7 ദിവസത്തിനകം വാഹന രേഖകൾ ഹാജരാക്കണം. ഇല്ലെങ്കിൽ അന്വേഷണ സംഘം ഹൈദരാബാദിൽ ചെന്ന് തുടർ നടപടി സ്വീകരിക്കും.
പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്
കോഴിക്കോട്∙ ബീച്ച് റോഡിൽ ആഡംബര വാഹനം ഇടിച്ച് വിഡിയോഗ്രഫർ മരിച്ച സംഭവത്തെ തുടർന്ന് മോട്ടർ വാഹന വിഭാഗം പരിശോധന കർശനമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര വാഹനങ്ങൾ എത്തിച്ചു വാടകയ്ക്കു നൽകുന്നുണ്ട്. സ്വകാര്യ വാഹനം അനധികൃതമായി വാടകയ്ക്കു നൽകുന്നതു കണ്ടെത്താൻ മോട്ടർ വാഹന വിഭാഗം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അടുത്ത ദിവസം പരിശോധന ആരംഭിക്കും. ഈ വിഭാഗത്തിനു പ്രത്യേക യൂണിഫോം നൽകും. ഒപ്പം മഫ്തിയിലും പരിശോധന നടക്കും. സ്വകാര്യ വാഹനങ്ങൾ 'കള്ള ടാക്സി' ആയി ഓടുന്നതു വ്യാപകമാണെന്നു പരാതി ഉണ്ടായിരുന്നു. സംശയമുള്ള സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവറുടെ ലൈസൻസ്, വാഹന റജിസ്ട്രേഷൻ, നികുതി തുടങ്ങി അനുബന്ധ രേഖകൾ പരിശോധിക്കുമെന്ന് ആർടിഒ പി.എ.നസീർ പറഞ്ഞു.
വിഡിയോഗ്രഫറെ ഇടിച്ച കാറിന്റെ ഉടമസ്ഥരായ ഹൈദരാബാദിലെ ഡ്രൈവൺ ബൈ യു മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് അധികൃതർക്ക് ഹാജരാകാൻ മോട്ടർ വാഹന വിഭാഗം നോട്ടിസ് നൽകി. കോഴിക്കോട് ആർടിഒക്ക് മുന്നിൽ ഹാജരാകണം. വാഹനത്തിന്റെ രേഖയും ഹാജരാക്കണമെന്നാണ് അറിയിച്ചത്. പ്രാഥമിക അന്വേഷണത്തിൽ അപകടം വരുത്തിയ കടുംനീല ആഡംബര കാർ വാടകയ്ക്കു നൽകിയതാണെന്ന നിഗമനത്തിലാണ് മോട്ടർ വാഹന വകുപ്പ്. സ്വകാര്യ വാഹനം മറ്റൊരാൾക്കു കൈമാറിയെന്നതിനാൽ സ്ഥാപന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവ ദിവസം 'ടിഎസ് 9 യുഎ 9' എന്ന വ്യാജ നമ്പറിൽ ആഡംബര കാർ ഓടിച്ച ഡ്രൈവർ സാബിദ് റഹ്മാന്റെയും അപകടത്തിനു കാരണമായ മറ്റൊരു കാറിലെ ഡ്രൈവർ റഹീസിന്റെയും ലൈസൻസ് നേരത്തെ റദ്ദാക്കിയിട്ടുണ്ട്.