ചമ്രവട്ടം ∙ സ്നേഹപാതയുടെ തകർന്ന വേലികൾ പുതുക്കി പണിയാനും കേടുപാടുകൾ പറ്റിയ റഗുലേറ്ററിനു സമീപത്തെ ഭിത്തി നന്നാക്കാനും സർക്കാർ 2 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നു കെ.ടി.ജലീൽ എംഎൽഎ. മണ്ണിടിഞ്ഞ് ഒരു ഭാഗം തകർന്ന ഗാലറിയുടെ കേടുപാടുകൾ തീർക്കാൻ ആവശ്യമായ തുക ഡിടിപിസിയും നൽകും. കുറ്റിപ്പുറം നിള പാർക്കിനു സമാനമായി ചമ്രവട്ടം പുഴയോര സ്നേപാതയെ മാറ്റുകയാണ് ലക്ഷ്യം.

തുടക്കം മുതൽ സ്നേഹപാതയെ തകർക്കാൻ ചിലർ ശ്രമിച്ചിരുന്നു. ലൈറ്റ് പോസ്റ്റുകൾ തകർത്തും ഇതിലെ ബൾ‍ബുകൾ എറിഞ്ഞു തകർത്തും വേലി പൊളിച്ച് നശിപ്പിച്ചും വാച്ച് ടവർ കേടാക്കിയും ശുചിമുറികൾ ഉപയോഗശൂന്യമാക്കിയുമാണു പാർക്ക് തകർക്കാൻ ശ്രമിച്ചത്. 

അതെല്ലാം അതിജീവിച്ചാണു സ്നേഹപാത യാഥാർഥ്യമാക്കിയത്. 2018 പ്രളയത്തിൽ പുഴയോടു ചേർന്നുള്ള പാർശ്വഭിത്തിയും 2019ൽ ഗാലറിയുടെ സംരക്ഷണ ഭിത്തിയും തകർന്നു.കോവിഡ് മൂലം ഒന്നര വർഷത്തോളം പൊതുഇടങ്ങൾ നിശ്ചലമായതോടെ പദ്ധതി അതിന്റെ പൂർണതയിൽ എത്തിക്കാൻ സാധിച്ചില്ല. നിലവിലെ സാഹചര്യത്തിൽ ചമ്രവട്ടം പദ്ധതിയുടെ ചോർച്ച അടയ്ക്കുന്ന പണി കഴിയുന്നതോടെ മാത്രമേ സ്നേഹപാത അതിന്റെ പൂർണതയിൽ ഉപയോഗപ്പെടുത്താൻ കഴിയൂ. ഇതിനായി സർക്കാരും ജനപ്രതിനിധികളും ജനങ്ങളും ഒരുപോലെ സാമൂഹിക പ്രതിബദ്ധതയോടെ സഹകരിക്കണം. എങ്കിൽ മികച്ച ഒരു ടൂറിസം കേന്ദ്രമായി പാർക്ക് മാറ്റിയെടുക്കാമെന്നും കെ.ടി.ജലീൽ പറഞ്ഞു.‌

പാർക്ക് നന്നാകാൻ ചോർച്ച തീരണം

സ്നേഹപാത പാർക്കിലെ തകർന്ന ഭാഗം അറ്റകുറ്റപ്പണി നടത്താൻ ചിലപ്പോൾ തൊട്ടടുത്തുള്ള ചമ്രവട്ടം പദ്ധതിയുടെ ചോർച്ച അടയ്ക്കുന്നതു വരെ കാത്തിരിക്കേണ്ടി വരും. റഗുലേറ്ററിന്റെ പാർശ്വഭിത്തിയാണു പാർക്കിന്റെ ഒരു ഭാഗത്തെ പുഴയിൽ നിന്ന് സംരക്ഷിക്കുന്നത്. ഈ പാർശ്വഭിത്തിയുടെ 80 മീറ്ററോളം ഭാഗമാണ് തകർന്നു കിടക്കുന്നത്. ചോർച്ച അടച്ചതിനു ശേഷം ഷട്ടറുകൾ പൂർണമായി താഴ്ത്തുന്നതിനു മുൻപായിരിക്കും തകർന്ന ഭിത്തി ശരിയാക്കുക.ഭിത്തിയുടെ അറ്റകുറ്റപ്പണി നടന്നാലേ ഇതിനോട് ചേർന്നുള്ള ഗാലറിയുടെ പണി തുടങ്ങാൻ കഴിയൂ. ശേഷം ഇളകി കിടക്കുന്ന പാതയിലെ കട്ടകളും ഉറപ്പിക്കും. പാർക്കിലെ തകർന്ന ഇരുമ്പുവേലി ഉടൻ നന്നാക്കിയേക്കും. 

പാർക്കിൽ അടിയന്തരമായി ചെയ്യേണ്ടതെന്ത്? സ്ഥലം സന്ദർശിച്ചവരുടെ പ്രതികരണം:

∙ പുൽക്കാടുകൾ വെട്ടിമാറ്റണം. അകത്ത് നാൽക്കാലികളെ കെട്ടിയിടുന്നത് തടയണം.

∙ തകർന്നു കിടക്കുന്ന ഗേറ്റ് നേരെയാക്കി അകത്ത് ബൈക്കുകൾ കടക്കുന്നത് തടയണം. വാഹനവുമായി അകത്തു കടക്കുന്നവരെ പിടികൂടാനും സാമൂഹിക വിരുദ്ധ പ്രവർത്തനം തടയാനും സിസിടിവി സ്ഥാപിക്കണം.

∙ കൂടുതൽ കാവൽക്കാരെ നിയമിച്ച് രാത്രിയും പകലും കാവൽ ശക്തമാക്കണം.

∙ എത്രയും വേഗം തകർന്നു കിടക്കുന്ന ഭാഗം ശരിയാക്കി പാർക്ക് മനോഹരമാക്കി മാറ്റണം. ഇവിടെ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി നടപടി എടുക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തണം.

∙ ഇവിടെയുള്ള അനധികൃത കച്ചവടക്കാർ സമീപത്ത് മാലിന്യം തള്ളുന്നുണ്ട്. ഇതു തടയണം.

∙ പാർക്കിന്റെ മുൻവശത്ത് കോട്ടയുടെ മുൻവശം പോലെ നിർമിച്ച് പകുതിയാക്കി നിർത്തിയ കമാനത്തിന്റെ പണി പൂർത്തിയാക്കണം.