മഞ്ചേരി∙ വിദ്യാർഥികൾ സ്കൂളിലേക്ക് തിരികെ എത്തുന്നതിനു മുൻപ് രക്ഷിതാക്കൾക്ക് മോക് ക്ലാസ് ഒരുക്കി സ്കൂളുകൾ. ക്ലാസ് പിടിഎക്ക് എത്തുന്ന രക്ഷിതാക്കൾക്കാണ് ചില സ്കൂളുകളിൽ മോക് ക്ലാസ് ഒരുക്കുന്നത്.പുതിയ സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനം സംബന്ധിച്ച് ധാരണ ഉണ്ടാക്കുകയാണു ലക്ഷ്യം. ‍ കഴിഞ്ഞ ദിവസം മുതൽ സ്കൂളുകളിൽ ക്ലാസ് പിടിഎ തുടങ്ങി. 

ഒരു ബെഞ്ചിൽ 2 വിദ്യാർഥികളെ ഇരുത്തിയും ബെഞ്ചിനും ഡെസ്ക്കിനും കുറുകെ റിബൺ കെട്ടിയുമാണ് ഇരിപ്പിടം ക്രമീകരിക്കുക. പെൻസിൽ, പേന, പുസ്തകം എന്നിവ  കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കാൻ നിർദേശിക്കും. ഒരു ക്ലാസിൽ 20–25 പേർ ആയതിനാൽ പുതിയ റോൾ നമ്പർ നൽകും. നമ്പർ പുറത്ത് ചുമരിൽ പ്രദർശിപ്പിക്കും. ഡെസ്കിൽ എഴുതിയ നമ്പർ അനുസരിച്ച് ആണ് ഇരിക്കേണ്ടത്. 

പ്രവേശന കവാടത്തിൽ ക്ലാസിലേക്ക് തിരിച്ചുവിടാൻ അധ്യാപകനുണ്ടാകും. മാസ്ക് ധരിക്കൽ, ശുചീകരണം, ക്ലാസ് വിട്ട് പുറത്തുപോകൽ തുടങ്ങി വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മോക് ക്ലാസിൽ വിശദീകരിക്കുന്നുണ്ട്. അധ്യയനം തുടങ്ങിയാൽ രക്ഷിതാക്കൾ സ്കൂളിനു പുറത്തു നിന്നാൽ മതിയെന്നുമാണ് പുതിയ മാർഗരേഖ.