കരുളായി ∙ ചേട്ടന്മാരും ചേച്ചിമാരും നാളെ സ്കൂളിൽ പോകുന്നതു കാണുമ്പോൾ  പുലിമുണ്ട കോളനിയിലെ കുട്ടികൾക്കു സങ്കടമാകും. അവർ പഠിക്കുന്ന  മുണ്ടക്കടവ് ബദൽ സ്കൂൾ നാളെ തുറക്കാത്തതാണു കാരണം. മറ്റെല്ലാ സ്കൂളുകൾക്കൊപ്പം പിന്നാക്ക മേഖലയിലെ ബദൽ സ്കൂളുകൾ നാളെ തുറക്കുകയാണ്. ഷെഡിൽ പ്രവർത്തിക്കുന്ന മുണ്ടക്കടവ് സ്കൂളിന് പഞ്ചായത്ത് അധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. അതിനാൽ തുറക്കാൻ കഴിയില്ല.

കരുളായിയിൽനിന്ന് 13 കിലോമീറ്റർ അകലെ മുണ്ടക്കടവ് കോളനിയിലാണ് ഈ ബദൽ സ്കൂൾ. സുരക്ഷിതമായ കെട്ടിടവും ഉണ്ടായിരുന്നു. 2019 ഓഗസ്റ്റിലെ പ്രളയത്തിൽ കോളനി നശിച്ചു. സ്കൂൾ കെട്ടിടം തകർന്നു. ഫർണിച്ചറും പാചകത്തിനുള്ള പാത്രങ്ങളുമെല്ലാം ഒലിച്ചുപോയി. തുടർന്നു  കോളനിയിലെ സാംസ്കാരിക നിലയത്തിലേക്ക് സ്കൂൾ മാറ്റി. കാട്ടാന തെങ്ങ് തള്ളിയിട്ട് അതും തകർത്തതോടെ കോളനി നിവാസികൾ 2 കിലോമീറ്റർ അകലെ പുലിമുണ്ടയിലേക്കു മാറി. അധ്യാപകൻ പി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഷെഡ് നിർമിച്ചു സ്കൂൾ തുടങ്ങി. വൈകാതെ ലോക്ഡൗൺ നിലവിൽവന്ന് അടയ്ക്കുകയും ചെയ്തു.

സ്കൂൾ തുറക്കണമെങ്കിൽ ഇനി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കണം. പാചകപ്പുര നിർമിക്കണം.  പാത്രങ്ങൾ വേണം. പഞ്ചായത്ത് സമിതിയിൽ രാധാകൃഷ്ണൻ പ്രശ്നങ്ങൾ ഉന്നയിച്ചെങ്കിലും തീരുമാനം ഉണ്ടായില്ല. എഇഒയ്ക്ക് അപേക്ഷ നൽകിയിട്ടും തീരുമാനമായില്ല. സ്കൂളിന് ഫിറ്റ്നസ് ഇല്ലെങ്കിലും രാധാകൃഷ്ണനും പാചകത്തൊഴിലാളി അംബികയും ഹാജരാകണം. അവരെക്കാണാൻ ഏതായാലും എത്താനിരിക്കുകയാണ് കോളനിയിലെ കുട്ടികൾ.