കെഎസ്ആർടിസി ബസിന്റെ ടയർപൊട്ടി; കുറ്റിപ്പുറം പാലത്തിൽ ഗതാഗതക്കുരുക്ക്
Mail This Article
കുറ്റിപ്പുറം ∙ കുറ്റിപ്പുറം പാലത്തിൽ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി ദേശീയപാതയിൽ രണ്ടര മണിക്കൂർ ഗതാഗതം മുടങ്ങി. പാലത്തിൽ കുടുങ്ങിയ ബസ് തള്ളിനീക്കാൻ തയാറായി നാട്ടുകാർ രംഗത്തെത്തിയെങ്കിലും ബസിലെ ജിവനക്കാരൻ അനുവദിക്കാത്തതാണ് ദേശീയപാതയിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ കുറ്റിപ്പുറം പാലത്തിനു മുകളിലാണ് സംഭവം. തൃശൂരിൽ നിന്ന് മലപ്പുറത്തേക്കു പോവുകയായിരുന്ന ബസിന്റെ മുൻവശത്തെ ടയർ മിനിപമ്പ വളവിന് സമീപത്ത് പൊട്ടുകയായിരുന്നു. വീണ്ടും മുന്നോട്ട് നീങ്ങിയ ബസ് പാലത്തിനു മുകളിലാണ് നിന്നത്. പാലത്തിലൂടെയും റോഡിന്റെ വശങ്ങളിലൂടെയും വാഹനങ്ങൾ കുത്തിക്കയറിയതോടെ ഗതാഗതം പൂർണമായി സ്തംഭിച്ചു. പാലത്തിന്റെ മുക്കാൽ ഭാഗവും പിന്നിട്ട ബസ് തളളിനീക്കാം എന്നറിയിച്ച് നാട്ടുകാർ എത്തിയെങ്കിലും ബസ് ഡ്രൈവർ ഇതിനു സമ്മതിച്ചില്ലെന്നാണ് പരാതി.
എടപ്പാൾ കെഎസ്ആർടിസി വർക്‌ഷോപ്പിൽ നിന്ന് ജോലിക്കാരെത്തി ടയർ മാറ്റും എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഇതോടെ തൃശൂർ– കോഴിക്കോട് പാതയിൽ ഗതാഗത തടസ്സം രൂക്ഷമായി. പൊലീസും നാട്ടുകാരും ചേർന്ന് പാലത്തിന്റെ ഒരുവശത്തുകൂടി വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിട്ടു. വർക്‌ഷോപ് ജീവനക്കാരെത്തി ടയർ മാറ്റിയശേഷം അഞ്ചരയോടെയാണ് ബസ് പാലത്തിനു മുകളിൽ നിന്ന് മാറ്റുന്നത്. ബസ് മാറ്റിയശേഷം വൈകിട്ട് ആറരയോടെയാണ് ദേശീയപാതയിലെ ഗതാഗതം സാധാരണ നിലയിലെത്തിയത്.